ആഗോള താപനം ഉള്‍പ്പടെയുള്ള ഭൗമപ്രതിസന്ധികള്‍ രൂക്ഷമാകുമ്പോള്‍ വരാനാരിക്കുന്ന വലിയ പ്രളയം പോലുള്ള ദുരന്തത്തെ നേരിടാന്‍ ആധുനിക മനുഷ്യന്‍ നിര്‍മിച്ച നോഹയുടെ പെട്ടകമാണ് നോര്‍വീജിയയില്‍ സ്ഥിതി ചെയ്യുന്നത്. ലോകത്തെ ഒട്ടു മിക്ക സസ്യങ്ങളുടെയും വിത്തുകള്‍ ഈ നിലവറയില്‍ സൂക്ഷിച്ചിട്ടുണ്ട്. അതികഠിനമായ വരള്‍ച്ചയോ വെള്ളപ്പൊക്കമോ വന്നു നാളെ ഭൂമിയുടെ വിലയൊരു ഭാഗത്തെ സസ്യവൈവിധ്യം ഇല്ലാതായാലും നാളേക്കു വേണ്ട ഭക്ഷണം ഉറപ്പാക്കുക എന്നതാണ് ഈ നിലവറയുടെ ലക്ഷ്യം. എന്നാല്‍ ഏത് ദുരന്തത്തെ ഭയന്നാണോ ഈ നിലവറ നിര്‍മിച്ചത് അതേ ദുരന്തത്തിലേക്കു നയിക്കുന്ന കാരണങ്ങള്‍ തന്നെ ഇപ്പോള്‍ നിലവറയുടെ നിലനില്‍പ്പിനും ഭീഷണിയിലാക്കിയിരിക്കുകയാണ്.

ടൈറ്റാനിക്കിന്‍റെ അവസ്ഥയില്‍ നിലവറ

ലോകത്തെ ഏതൊരു മഞ്ഞുമലകളിലിടിച്ചാലും തകരില്ലെന്ന വിശ്വാസമായിരുന്നു ടൈറ്റാനിക് കപ്പലിനുണ്ടായിരുന്നത്. അതുപോലെ ആഗോളതാപനം എത്ര രൂക്ഷമായാലും ആര്‍ട്ടിക്കിനോടു ചേര്‍ന്നു കിടക്കുന്ന നോര്‍വീജയന്‍ ദ്വീപും നിലവറസ്ഥിതി ചെയ്യുന്നതുമായ സ്പിറ്റ് ബര്‍ഗ് ഐലന്‍ഡിനെ അതു ബാധിക്കില്ലെന്നായിരുന്നു വിശ്വാസം. എന്നാല്‍ ഈ വിശ്വാസം അമിതമായിരുന്നു എന്നാണ് ഇപ്പോള്‍ ഈ മേഖലയില്‍ നിന്നുള്ള കാലാവസ്ഥാ മാറ്റങ്ങള്‍ പറയുന്നത്. നിലവറയുടെ സൂക്ഷിപ്പുകാരായ നോര്‍വീജിയന്‍ അധികൃതരും ഇപ്പോള്‍ ഈ പ്രതിസന്ധി സ്ഥിരീകരിച്ചിട്ടുണ്ട്.

ഉടനയല്ലെങ്കിലും ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ സ്പിറ്റ്ബര്‍ഗ് ദ്വീപിലെ താപനില സുരക്ഷിതമായ തോതില്‍ നിന്നും ഉയരുമെന്നാണ് ഇപ്പോള്‍ കണ്ടെത്തയിരിക്കുന്നത്. മൈനസ് 18 ഡിഗ്രി സെല്‍ഷ്യസില്‍ , നിശ്ചിത ഓക്സിജന്‍റെയും സാന്നിധ്യത്തിലാണ് ഈ വിത്തുകള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നത്. ഈ മേഖലയിലെ സ്വാഭാവിക താപനില 18 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാണ്. എന്നാല്‍ ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ശരാശരി 10 ഡിഗ്രി സെല്‍ഷ്യസിന്‍റെ വർധനവ് ഈ മേഖലയിലെ താപനിലയിലുണ്ടാകുമെന്നാണ് ഇപ്പോള്‍ കണക്കു കൂട്ടുന്നത്. അതും ഇപ്പോഴത്തേതില്‍ നിന്നും കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ച് ആഗോളതാപനം നിയന്ത്രിക്കാനായാല്‍ മാത്രം. കൂടാതെ എത്ര കര്‍ശനമായി നിയന്ത്രിച്ചാലും ഈ താപനില വര്‍ധനവു ചുരുങ്ങിയത് 7 ഡിഗ്രി സെല്‍ഷ്യസെങ്കിലും ഉയരുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

കൂടാതെ ഇത്തരത്തില്‍ താപനില വർധിക്കുന്നത് മേഖലയിലെ പെര്‍മാഫ്രോസ്റ്റ് ഉരുകുന്നതിനും കാരണമാകും. ഇത് ക്രമേണ മേഖലയിലെ കാര്‍ബണ്‍ ഡയോക്സൈഡിന്‍റെയും മീഥൈനിന്‍റെയും അളവ് വർധിപ്പിക്കും.ഇത് പ്രദേശത്തെ ഓക്സിജന്‍റെ അളവിനെയും ബാധിക്കും.ഇതും കലവറയിലെ വിത്തുകളുടെ സുരക്ഷിതത്വത്തെ സാരമായി ബാധിക്കുമെന്നു ഗവേഷകര്‍ കണക്കു കൂട്ടുന്നു. കൂടാതെ മേഖലയിലെ താപനില ഉയരുന്നത് പ്രദേശത്തെ മഴ കൂടുന്നതിനും മഞ്ഞ് കുറയുന്നതിനും കാരണമാകും. ഇതും സ്പ്ലിറ്റ് ബര്‍ഗിലെ താപനില വർധിപ്പിക്കുമെന്നാണ് കണക്കു കൂട്ടുന്നത്.

നിലവറ വെള്ളത്തില്‍ മുങ്ങും

ചുറ്റുപാടുമുള്ള താപനില ഉയര്‍ന്നാലും ഓക്സിജന്‍റെ അളവ് കുറഞ്ഞാലും കൃത്രിമമായ നിയന്ത്രണം സാധ്യമാകും. പക്ഷേ യഥാര്‍ഥ ഭീഷണി വെള്ളപ്പൊക്കമാണ്. താപനില ഉയരുന്നതോടെ പെര്‍മാഫ്രോസ്റ്റിലെ മഞ്ഞുരുകിയും മഴ വർധിക്കുന്നതു മൂലവും പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടാകുമെന്നാണ് ഇപ്പോള്‍ മുന്നറിയിപ്പു നൽകുന്നത്. അങ്ങനെ സംഭവിച്ചാല്‍ നിലവറയും വെള്ളത്തില്‍ മുങ്ങും. ഇതോടെ സുരക്ഷിതമെന്നു കരുതിയ നിലവറയിലെ വിത്തുകളും നശിക്കും.നിലവിലെ സാഹചര്യത്തില്‍ ഇത്തരമൊരു ദുരന്തത്തെ എങ്ങനെ നേരിടുമെന്ന് ഗവേഷകര്‍ക്കും തീരുമാനത്തിലെത്താനായിട്ടില്ല. എങ്കിലും എന്തെങ്കിലും ഒരു പോംവഴി കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.