അന്റാർട്ടിക്കയിലെ മഞ്ഞുരുക്കം

ഏതുനിമിഷവും പൊട്ടിത്തെറിക്കാവുന്ന ടൈംബോംബ് പോലെയാണത്. പക്ഷേ ഇതുവരെയും പൊട്ടാത്തതിന്റെ അദ്ഭുതത്തിലാണ് ഗവേഷകർ. ‘ബോംബ്’ ഒളിച്ചിരിക്കുന്നതാകട്ടെ അന്റാർട്ടിക്കയിലും. 1.15 ലക്ഷം വർഷങ്ങൾക്കു മുൻപ് ഭൂമിയിലുണ്ടായിരുന്ന അതേ താപനിലയാണ് ഇപ്പോൾ ഭൂമിയിലെന്നാണ് ഏറ്റവും പുതിയ പഠനം വ്യക്തമാക്കുന്നത്. ആധുനിക മനുഷ്യർ ആഫ്രിക്കയിൽ നിന്നു പലായനം ആരംഭിച്ച സമയമായിരുന്നു അത്. എന്നാൽ ഗവേഷകരെ ആശങ്കപ്പെടുത്തുന്നത് ഇതൊന്നുമല്ല. ഈമിയൻ കാലഘട്ടമെന്നായിരുന്നു 1.15 ലക്ഷം വർഷങ്ങൾക്കു മുൻപ് അറിയപ്പെട്ടിരുന്നത്. അന്ന് ഭൂമിയിലെ സമുദ്രങ്ങളിലെ ജലനിരപ്പ് ആറു മുതൽ ഒൻപതു മീറ്റർ വരെ ഉയര്‍ന്നിരുന്നു. അതിനു കാരണമായതാകട്ടെ സമുദ്രജലത്തിലെ താപനില വർധിച്ചതും. അതോടെ അന്റാർട്ടിക്കയിലെ മഞ്ഞുരുകലിന്റെ വേഗത വർധിച്ചു. വൻതോതിൽ ജലനിരപ്പുയരുകയും ചെയ്തു. 

അന്റാർട്ടിക്കയിലെ മഞ്ഞുപാളികൾ

അന്റാർട്ടിക്കയിലെ മഞ്ഞിനെ അതിവേഗം ഉരുക്കിയ ആ താപനിലയാണ് ഇപ്പോൾ രാജ്യാന്തര തലത്തിലുള്ളതെന്നു ഗവേഷകര്‍ പറയുന്നു. ഏതുനിമിഷം വേണമെങ്കിലും ഈമിയൻ കാലഘട്ടത്തിലെ അവസ്ഥയിലേക്ക് അന്റാർട്ടിക്ക എത്തിച്ചേരാമെന്നും മുന്നറിയിപ്പുണ്ട്. അതിലേക്ക് ടൈം ബോബിലെ ‘ടൈമർ’ പോലെയാണു സമയം നീങ്ങുന്നതെന്നും കംപ്യൂട്ടർ മോഡലുകളുടെ സഹായത്തോടെ വിഷയം അപഗ്രഥിച്ചു ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. വടക്കൻ കാനഡയിലെ ബഫിൻ ദ്വീപിൽ നടത്തിയ ഗവേഷണത്തിലാണ് ഇതിലേക്കു വിരൽചൂണ്ടുന്ന തെളിവുകൾ ലഭിച്ചത്. 

അന്റാർട്ടിക്കയിലെ മഞ്ഞുരുക്കം

മഞ്ഞുമലകൾ ഒലിച്ചു പോയപ്പോൾ അതിനു താഴെ നിന്നു ലഭിച്ച ചെടികൾ പരിശോധിച്ചതിൽ നിന്നായിരുന്നു ഇത്. ഏകദേശം 1.15 ലക്ഷം വർഷം പഴക്കമുള്ളതായിരുന്നു അത്. അതിനർഥം അന്ന് അവയ്ക്ക് വളരാനുള്ള സാഹചര്യവും സൂര്യപ്രകാശവും ഉണ്ടായിരുന്നു എന്നും. പിന്നീട് മഞ്ഞു വന്നു മൂടിയതാണ്. അന്റാർട്ടിക്കയിൽ നിന്ന് ഇത്രയേറെ മഞ്ഞുരുകി നഷ്ടമായാലല്ലാതെ ഒൻപതു മീറ്റർ വരെ സമുദ്രജലനിരപ്പ് ഉയരുക അസാധ്യമെന്നും ഗവേഷകർ വ്യക്തമാക്കുന്നു. ഇപ്പോൾ വീണ്ടും മഞ്ഞുരുക്കം ശക്തമായിരിക്കുന്നു.

അന്റാർട്ടിക്കയിലെ മഞ്ഞുരുക്കം

നിലവിലെ സാഹചര്യത്തിൽ ഒൻപതു മീറ്ററോളം ആഗോള സമുദ്രജലനിരപ്പുയർന്നാൽ എന്തു സംഭവിക്കും? ഒൻപതെന്നല്ല വെറും 1.8 മീറ്റർ ഉയർന്നാൽത്തന്നെ മിക്ക രാജ്യങ്ങളിലെയും തീരപ്രദേശങ്ങൾ വെള്ളത്തിനടിയിലാകും. കെട്ടിടങ്ങൾ മുങ്ങും, റോഡുകൾ കനാലുകളാകും, ജനങ്ങൾ കയ്യിൽ കിട്ടിയതുമെടുത്തു പലായനം ചെയ്യേണ്ടി വരും! 

അന്റാർട്ടിക്കയിലെ മഞ്ഞുരുക്കം

ഇതിനെല്ലാം ഒറ്റക്കാരണം അന്റാർട്ടിക്കയിലെ മഞ്ഞുരുക്കമാണ്. പ്രത്യേകിച്ച് ഭൂഖണ്ഡത്തിലെ പടിഞ്ഞാറൻ ഭാഗം. അതിന്റെ ഭൂരിഭാഗവും ഇപ്പോൾത്തന്നെ ഉരുകി നഷ്ടപ്പെട്ടു കഴിഞ്ഞു. ഈമിയൻ കാലഘട്ടത്തിൽ സമുദ്രജലത്തിന്റെ താപനില വർധിച്ചപ്പോൾ അത് അന്റാർട്ടിക്കയിലെ മഞ്ഞിനെ എങ്ങനെ ബാധിച്ചുവെന്ന കംപ്യൂട്ടർ മോഡലുകൾ ഗവേഷകർ തയാറാക്കിയിരുന്നു. ഒരു മോഡൽ പ്രകാരം മഞ്ഞുമലകളുടെ മുകള്‍ഭാഗം തകർന്നു വീഴുന്നതാണ്. അടുത്തതിലാകട്ടെ മഞ്ഞുമലകളുടെ സ്ഥിരത നഷ്ടപ്പെടുന്നതും. രണ്ടും നയിച്ചത് വൻതോതിൽ മഞ്ഞുകട്ടകൾ സമുദ്രജലത്തോട് ചേരുന്നതിലേക്കായിരുന്നു. അതോടെ ആയിരക്കണക്കിനു ടൺ വെള്ളമാണ് ലോകസമുദ്രങ്ങളോടു ചേർന്നത്. ഇതേ പ്രക്രിയയിലൂടെയാണ് അന്റാർട്ടിക്കയിലെ മഞ്ഞുപാളികൾ ഇപ്പോൾ കടന്നുപോകുന്നതും. 

ഗ്രീൻലൻഡിൽ നിന്നുള്ള മഞ്ഞുരുക്കം കൂടിയാകുന്നതോടെ ഈ നൂറ്റാണ്ടിൽ തന്നെ രണ്ടു മീറ്ററോളം സമുദ്രജലനിരപ്പ് ആഗോളതലത്തിൽ ഉയരുമെന്നത് ഉറപ്പ്. അടുത്ത നൂറ്റാണ്ടിൽ ഇതു കൂടുതൽ ശക്തമാകും. അടുത്തിടെ സാറ്റലൈറ്റ് ചിത്രങ്ങളുടെ സഹായത്തോടെ നാസ മറ്റൊരു മുന്നറിയിപ്പും പുറത്തുവിട്ടിരുന്നു. അന്റാർട്ടിക്കയിലെ ത്വായ്റ്റ്സ് മഞ്ഞുമലയ്ക്കു കീഴിൽ രൂപപ്പെട്ട വമ്പൻ ദ്വാരത്തെപ്പറ്റിയായിരുന്നു അത്. ഈ ദ്വാരം കാരണം സ്ഥിരത നഷ്ടപ്പെട്ട് മഞ്ഞുമല തകർന്നുവീഴാനിടയുണ്ടെന്നാണു നാസയുടെ മുന്നറിയിപ്പ്. ലോകത്തിലെ തീരദേശ നഗരങ്ങളെ അടുത്ത ഏതാനും നൂറ്റാണ്ടുകൾക്കകം മുക്കിക്കളയാൻ തക്ക ശേഷിയുളളതായിരിക്കും ഇതിനെത്തുടർന്നുണ്ടാകുന്ന മഞ്ഞുരുകല്‍.