പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചാല്‍ ലോകം മുഴുവന്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഒരു മിഥ്യയായി തീരില്ല. അതു അമേരിക്കയെ ബാധിക്കാതെ ലോകത്തെ മറ്റു രാജ്യങ്ങളെ മാത്രം തിരഞ്ഞു പിടിച്ചു നശിപ്പിച്ചു കടന്നു പോവുകയുമില്ല. അതുകൊണ്ട് തന്നെയാണ് കുറച്ചുനാളായി മഴയില്ലാത്തപ്പോഴും വെള്ളപ്പൊക്കത്തില്‍ ജീവിക്കാന്‍ അമേരിക്കയിലെ ചില നഗരങ്ങള്‍ വിധിക്കപ്പെട്ടിരിക്കുന്നത്.

ഈ നഗരങ്ങളിലെ ജനങ്ങള്‍ക്ക് ഇപ്പോഴിത് ശീലമായിക്കഴിഞ്ഞു. വേലിയേറ്റ സമയത്ത് വെള്ളം കയറുന്നത് ഇപ്പോൾ മിയാമിയില്‍ നിത്യസംഭവമാണെന്നു പ്രദേശവാസികൾ വ്യക്തമാക്കുന്നു. അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് മിയാമി. പത്തു വര്‍ഷം മുന്‍പ് വരെ വര്‍ഷത്തിൽ രണ്ട് മഴക്കാലങ്ങളില്‍ മാത്രമായിരുന്നു ഇവിടെ വെള്ളപ്പൊക്കം ഉണ്ടാകാറുള്ളത്. എന്നാല്‍ ഇന്നങ്ങനെയല്ല. ഓരോ തവണ വേലിയേറ്റം സംഭവിക്കുമ്പോഴും മിയാമിയിലെ ജനങ്ങള്‍ മുട്ടോളം വെള്ളത്തിലാണ് ജീവിക്കുന്നത്.

ഫ്ലോറിഡയുടെ ഭാഗമായ മിയാമി മുതല്‍ ജാക്സണ്‍വില്ല വരെയുള്ള തീരപ്രദേശങ്ങളില്‍ ഇന്നു വെള്ളപ്പൊക്കം സർവസാധാരണമാണ്. സണ്‍ഷൈന്‍ ഫ്ലഡിങ് എന്നാണ് ഈ പുതിയ പ്രതിഭാസത്തിനു നല്‍കിയിരിക്കുന്ന പേര്. സാധരണ വെള്ളപ്പൊക്കം സംഭവിക്കുന്നത് മഴ പെയ്ത് കരയിലെത്തുന്ന വെള്ളം കടലിലേക്ക് തിരികെ ഒഴുകി പോകാനുണ്ടാകുന്ന താമസം മൂലമാണ് . എന്നാൽ ഈ വെള്ളപ്പൊക്കം കടലിലെ ജലം കരയിലേക്ക് കയറുന്നതിനാല്‍ ഉണ്ടാകുന്നതാണെന്നു മാത്രം. അമേരിക്കയിലെ മറ്റെല്ലാരും കാലാവസ്ഥാ വ്യതിയാനത്തെ തള്ളിപ്പറഞ്ഞാലും അതിന്റെ ദുരിതം ദിവസേന അനുഭവിക്കുന്ന ഈ മേഖലയിലുള്ളവര്‍ പറയും ആഗോള താപനം ഒരു സത്യമാണെന്ന്.

പത്തു വര്‍ഷം കൊണ്ടു പ്രദേശത്തെ പരിസ്ഥിതിയെ തന്നെ മാറ്റിമറിക്കും വിധമാണ് വേലിയേറ്റം മൂലമുണ്ടാകുന്ന വെള്ളപ്പൊക്കം രൂപപ്പെട്ടിരിക്കുന്നത്. വരും വർഷങ്ങളിലും ഇത് തുടരുമെന്നാണ് ഗവേഷകർ മുന്നറിയിപ്പു നൽകുന്നത്. ലോകത്ത് പലയിടങ്ങളിലായി മുങ്ങിക്കൊണ്ടിരിക്കുന്ന ചെറു ദ്വീപുകള്‍ക്കൊപ്പമാണു മിയാമി പോലുള്ള വൻ നഗരങ്ങളും ഇപ്പോള്‍ വെള്ളത്തിനടിയിലാകുന്നത്. കടല്‍ ഇനി പിന്നോട്ടിറങ്ങില്ല എന്ന് ബോധ്യമായതിനാല്‍ മേഖലയിലെ താമസക്കാര്‍ കടലില്‍ നിന്നു ദൂരെ മാറിയുള്ള വാസസ്ഥലങ്ങള്‍ അന്വേഷിച്ചു തുടങ്ങി. 

ഇപ്പോഴിത് അമേരിക്കയിലെ ഏതാനും നഗരങ്ങളെ ബാധിക്കുന്ന കാര്യമാണെങ്കിലും വൈകാതെ ലോകമൊട്ടാകെ ഈ പ്രതിഭാസം വ്യാപിക്കുമെന്നുറപ്പാണ്. ആഗോളതാപനം തടയാന്‍ മനുഷ്യർക്ക് സാധിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ഈ സഹാചര്യത്തില്‍ ഒരു പ്രളയത്തെ അതിജീവിക്കാനവശ്യമായ മുന്നൊരുക്കങ്ങൾ ഇപ്പോഴേ തുടങ്ങാമെന്നാണ് ദീര്‍ഘ വീക്ഷണത്തോടെ ഗവേഷകര്‍ മുന്നറിയിപ്പു നൽകുന്നത്.