ചൂടിൽ കേരളം മാത്രമല്ല ലോകം മുഴുവൻ വിയര്‍ക്കുകയാണ്. കര മാത്രമല്ല കടലും ചൂടുപിടിക്കുന്നു. ഇത് നയിക്കുന്നതാകട്ടെ ഇന്നേവരെ കാണാത്ത അപൂർവ പ്രതിഭാസങ്ങളിലേക്കും. പസിഫിക് സമുദ്രത്തിലെ ചൂട് താങ്ങാനാകാതെ ദേശാടനം നടത്തിയ ഒരു കൂട്ടം ജീവികളാണ് ഇപ്പോൾ ശാസ്ത്രലോകത്തെ ചർച്ച. ഇവയുടെ അസാധാരണ യാത്രയ്ക്കു കാരണമായതാകട്ടെ കാലാവസ്ഥാ വ്യതിയാനവും. കലിഫോർണിയ തീരത്തോടു ചേർന്ന് എൽ നിനോ, ദ് ബ്ലോബ് കാലാവസ്ഥാ പ്രതിഭാസങ്ങൾ കൂടിച്ചേർന്നതാണു സമുദ്രത്തിലെ താപനില വർധിക്കാനിടയാക്കിയത്. അതോടെ സീ ബട്ടർഫ്ലൈ, ഈലുകൾ, കുപ്പിമൂക്കൻ ഡോൾഫിനുകൾ, ഞണ്ടുകൾ, കടൽവെള്ളരി, ലോബ്സ്റ്ററുകൾ, കടലാമകൾ, കക്കകൾ ഇങ്ങനെ ചെറുതും വലുതുമായ മിക്ക ജീവികളും ജീവനു വേണ്ടിയുള്ള  പ്രയാണത്തിൽ പങ്കുചേർന്നു. 

ഉഷ്ണ ജലത്തിൽ മാത്രം കണ്ടിരുന്ന ജീവികളാണ് വടക്കൻ കലിഫോർണിയ തീരത്തേക്കു ദേശാടനം നടത്തിയത്. മറൈൻ ബയോളജിസ്റ്റ് ജാക്വിലിൻ സോൺ വടക്കൻ കലിഫോർണിയയിലെ ഒരു തീരദേശ ഗ്രാമത്തിലൂടെ നടത്തിയ യാത്രയിൽ നിന്നായിരുന്നു എല്ലാറ്റിന്റെയും തുടക്കം. ചുറ്റിക്കറങ്ങുന്നതിനിടെയാണ് കടൽത്തീരത്ത് ആ കാഴ്ച കണ്ടത്. ഇന്നേവരെ പ്രദേശത്തു കണ്ടിട്ടില്ലാത്ത ഒരു തരം ജെല്ലിഫിഷ്! പന്തിന്റെ ആകൃതിയിൽ വയറോടു കൂടിയ ആ ജെല്ലിഫിഷിനെയെടുത്തു പരിശോധിച്ചു. അമ്പരന്നു പോയി ജാക്വിലിൻ–വടക്കൻ കലിഫോര്‍ണിയയിൽ ഇതാദ്യമായി പർപ്പിൾ സ്ട്രിപ്പ്ഡ് ജെല്ലിഫിഷിനെ കണ്ടെത്തിയിരിക്കുന്നു! വെറുതെയൊന്നും ഇതു സംഭവിക്കില്ലെന്ന് ഉറപ്പായിരുന്നു. അതിനു പിന്നിൽ വ്യക്തമായ കാരണമുണ്ടാകണം. അങ്ങനെ കലിഫോർണിയ സർവകലാശാലയിലെ ഒരു കൂട്ടം ഗവേഷകരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകരത വ്യക്തമാക്കുന്ന പലായനത്തിന്റെ വിവരങ്ങൾ വെളിപ്പെടുന്നത്. 

പസിഫിക് സമുദ്രോപരിതലത്തെ അസാധാരണമാം വിധം ചൂടുപിടിപ്പിക്കുന്ന കാലാവസ്ഥാ പ്രതിഭാസമാണ് എൽനിനോ. പസിഫിക്കിൽ ഭൂമധ്യരേഖയ്ക്കടുത്ത് രൂപം കൊള്ളുന്ന ഉഷ്ണജലപ്രവാഹമാണ് മുകളിലേക്കുയർന്ന് സമുദ്രോപരിതലത്തെ ചൂടുപിടിപ്പിക്കുന്നത്. സമുദ്രജലപ്രവാഹങ്ങളുടെ ഗതിയെ ഉൾപ്പെടെ ബാധിക്കുന്നതാണിത്. എൽനിനോ എന്ന വാക്കിന് സ്പാനിഷ് ഭാഷയിൽ ചെറിയ ആൺകുട്ടി എന്നാണർഥം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പേമാരി, വരൾച്ച, വെള്ളപ്പൊക്കം ചുഴലിക്കാറ്റ്, അതിശൈത്യം, കാട്ടുതീ എന്നിവയുടെയൊക്കെ പ്രഹരശേഷി വർധിക്കാനും എൽ നിനോ കാരണമാകാറുണ്ട്. സമാനമാണ് ‘ദ് ബ്ലോബി’ന്റെയും പ്രവർത്തനം. 

പസിഫിക്ക് സമുദ്രത്തിൽ വൻതോതിൽ ഒരു മേഖല കേന്ദ്രീകരിച്ചു രൂപപ്പെട്ട ഉഷ്ണജല പ്രവാഹമാണിത്. വടക്കേ അമേരിക്കൻ തീരത്തു നിന്നു മാറിയാണ് ഇതിന്റെ ഒഴുക്ക്. 2013ലാണ് ബ്ലോബിന്റെ സാന്നിധ്യം ആദ്യമായി പസിഫിക് സമുദ്രത്തില്‍ തിരിച്ചറിയുന്നത്. 2014ലും 2015ലും അതു തുടർന്നു. 2016 ഏകദേശം പകുതിയായതോടെ ദ് ബ്ലോബ് തീവ്രത കുറഞ്ഞ് ഇല്ലാതായെന്നാണു കരുതുന്നത്. ബ്ലോബ് ഏറ്റവും ശക്തമായി നിലനിന്നിരുന്ന സമയത്തായിരുന്നു എൽ നിനോയുമായുള്ള കൂടിച്ചേരൽ. അതോടെ സമുദ്രത്തിലെ താപനില അതിഭീകരമായി ഉയർന്നു, ഏകദേശം 3.9 ഡിഗ്രി സെൽഷ്യസ് വരെയെത്തി. ‘മറൈൻ ഹീറ്റ്‌വേവ്’ എന്നാണ് ഈ പ്രതിഭാസത്തിനു പറയുന്ന പേര്. 2014 മുതൽ 2016 വരെ തുടർച്ചയായി 3.9 ഡിഗ്രി ചൂട് അനുഭവപ്പെട്ടതോടെയാണ് കലിഫോർണിയയിലേക്കും ഒറിഗോണിലേക്കും ഉൾപ്പെടെ സമുദ്രജീവികള്‍ കൂട്ടപ്പലായനം നടത്തിയത്. 

മെക്സിക്കൻ തീരത്തു നിന്നു പലായനം നടത്തിയ ഏകദേശം 67 സമുദ്രജീവികളെ ഗവേഷകർ തിരിച്ചറിഞ്ഞു. ഇവയിൽ 37 എണ്ണവും ഇന്നേവരെ വടക്കൻ തീരപ്രദേശത്തു കാണപ്പെടാത്തവയായിരുന്നു. ദേഹത്തു വരകളുള്ള കടൽശലഭം ഇതാദ്യമായാണ് കലിഫോര്‍ണിയയിലെത്തിയത്. കടലിലെ ഈ അസാധാരണ ചൂട് നിശ്ചിതമായ ഇടവേളകളിൽ തുടരുമെന്നാണു ഗവേഷകര്‍ പറയുന്നത്. അതിനാൽത്തന്നെ വടക്കൻ കലിഫോര്‍ണിയ തീരത്തെ ജീവജാലങ്ങളുടെ സാന്നിധ്യം ഭാവിയിൽ എപ്രകാരമായിരിക്കും എന്നതിലും ഗവേഷകർക്ക് ഇതോടെ വ്യക്തത ലഭിച്ചു. എന്നാൽ ചില ജീവികൾ സമുദ്രത്തിൽ ചൂടു കുറഞ്ഞതോടെ തിരികെ തെക്കൻ തീരത്തേക്കു പോയതായും കണ്ടെത്തിയിട്ടുണ്ട്. ലോകത്ത് ഇന്നേവരെ രേഖപ്പെടുത്തിയ ഏറ്റവും ദൈര്‍ഘ്യമേറിയ മറൈൻ ഹീറ്റ്‌വേവിൽ ഒന്നായിരുന്നു പസിഫിക്കിലുണ്ടായത്. സയന്റിഫിക് റിപ്പോർട്ട്സ് ജേണലിൽ ഇതുസംബന്ധിച്ച വിശദമായ പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.