ചൂടുകാലത്ത് ‘ഒരു മഴ പെയ്തിരുന്നെങ്കിൽ’ എന്നു നെടുവീർപ്പിടുന്നവരാണ് ഏറെയും. എന്നാൽ നോക്കെത്താദൂരത്തോളം മഞ്ഞുമൂടിക്കിടക്കുന്ന ഗ്രീൻലഡിൽ അതല്ല സ്ഥിതി. അവിടെ വേനലിൽ ഒരു ചെറുമഴ പോലും പെയ്യല്ലേ എന്നാണിപ്പോൾ ഗവേഷകർ പ്രാർഥിക്കുന്നത്. ഗ്രീൻലൻഡിലെ മഞ്ഞെല്ലാം ഉരുകിയൊലിച്ചു പോകുന്നതിന്റെ പ്രധാന കാരണം മഴയാണത്രേ! ആഗോളതാപനത്തിന്റെ തീവ്രത കൂടി വരുന്നതിനോടൊപ്പം താളംതെറ്റിയ മഴ കൂടിയായതോടെ പേടിപ്പിക്കുന്ന വിധത്തിലാണ് ഗ്രീൻലൻഡിൽ മഞ്ഞുരുക്കം ശക്തമായിരിക്കുന്നത്. കഴിഞ്ഞ 40 വർഷക്കാലത്തെ മേഖലയിലെ സാറ്റ‌്‌ലെറ്റ് ചിത്രങ്ങളും കാലാവസ്ഥാ നിരീക്ഷണ റിപ്പോർട്ടുകളും താരതമ്യം ചെയ്തുള്ള അപഗ്രഥനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

ആഗോളതലത്തിൽ താപനില വർധിച്ചതോടെ ഗ്രീന്‍ലൻഡിൽ മഞ്ഞുകാലമെന്നോ വേനലെന്നോ ഇല്ലാതെ മഴ പെയ്യുകയാണ്. അതോടെ സകല മഞ്ഞും ഒലിച്ചു പോകുമെന്ന അവസ്ഥയും. അഥവാ മഞ്ഞ് ഉറച്ചു നിന്നാൽത്തന്നെ വേനലിൽ പെട്ടെന്ന് ഉരുകിപ്പോകാവുന്ന വിധത്തിൽ മഞ്ഞുപാളികളെ മാറ്റിയിട്ടായിരിക്കും മഴ പിന്മാറുക. വളരെ കൂടിയ തോതിൽ, പെട്ടെന്നാണ് ഈ മഞ്ഞുരുക്കമെന്ന പ്രശ്നവുമുണ്ട്. ഏകദേശം 17.1 ലക്ഷം ചതുരശ്ര കിലോമീറ്റർ വരുന്ന മഞ്ഞുപാളികളുണ്ട് ഗ്രീൻലൻഡിൽ. സാധാരണഗതിയിൽ ഇവിടെ പൊഴിയുന്ന മഞ്ഞെല്ലാം ഉറച്ചുകിടക്കുകയാണു പതിവ്. 

എന്നാൽ മഴ പെയ്യുന്നതോടെ ചൂടേറിയ വെള്ളം മഞ്ഞിനെ ഉരുക്കിമാറ്റുന്നു, ഒപ്പം അതിനു താഴെയുള്ള കട്ടിയേറിയ മഞ്ഞുപാളികളെയും. കാലങ്ങളായി ഗ്രീൻലൻഡിൽ നിന്ന് മഞ്ഞുരുകി ഇല്ലാതാവുകയാണെന്ന വാർത്ത ഇന്നത്ര രഹസ്യമൊന്നുമല്ല. 1990 മുതൽ താപനിലയിലെ മാറ്റം കണ്ടുതുടങ്ങിയതാണ്. വേനലിൽ 1.8 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില ഉയരുന്നത്. മഞ്ഞുകാലത്ത് മൂന്നു ഡിഗ്രി സെൽഷ്യസ് വരെയും. ഇതിനെത്തുടർന്ന് ഓരോ വർഷവും ഗ്രീൻലന്‍ഡിൽ നിന്നു മാത്രം 270 ബില്യൻ ടൺ(1 ബില്യൻ=100 കോടി) മഞ്ഞ് നഷ്ടപ്പെടുന്നുണ്ടെന്നാണു കണക്ക്. അതിൽത്തന്നെ 70 ശതമാനം മഞ്ഞ് നഷ്ടപ്പെടുന്നതും ഉരുകിയൊലിച്ച് വെള്ളമായാണ്. വൻതോതിലുള്ള ഈ ജലനഷ്ടത്തിന്റെ കാരണമറിയാൻ 1979 മുതൽ 2012 വരെയുള്ള സാറ്റലൈറ്റ് ചിത്രങ്ങളാണു പരിശോധിച്ചത്. തുടർന്ന് കാലാവസ്ഥാ സ്റ്റേഷനുകളിൽ നിന്നുള്ള ഡേറ്റ ശേഖരിച്ചു. അതിലെ കാറ്റിന്റെയും മഴയുടെയും ചൂടിന്റെയും അളവു പരിശോധിച്ചു. 

പഠനകാലയളവിൽ മാത്രം മഞ്ഞ് കൂടുതലായി ഉരുകിയൊലിച്ച 300 സംഭവങ്ങളുണ്ടായി. അപ്പോഴെല്ലാം മഴയുമുണ്ടായിരുന്നു. പലതരത്തിലും മഞ്ഞ് ഉരുകുന്നതു പതിവാണ്. പക്ഷേ മഴവെള്ളത്തിന് ഇക്കാര്യത്തിൽ ‘കരുത്ത്’ കൂടും. മഴയ്ക്കൊപ്പം ചൂടുകാറ്റും വരുന്നതാണ് പ്രശ്നം. അതു മഞ്ഞിനെ നേരിട്ട് അലിയിച്ചു കളയും. മഞ്ഞുവീഴുമ്പോഴുള്ളതിനേക്കാളും കൂടുതൽ ചൂടാണ് മഴ പെയ്യുമ്പോൾ അന്തരീക്ഷത്തിൽ. ഗ്രീൻലൻഡിലാകട്ടെ വേനൽക്കാലത്ത് മഴ കാരണമുള്ള മഞ്ഞുരുക്കം ഇപ്പോൾ രണ്ടിരട്ടിയായി. മഞ്ഞുകാലത്താകട്ടെ നേരത്തേ ഉണ്ടായിരുന്നതിനേക്കൾ മൂന്നിരട്ടിയും. മഴ പെയ്യുന്ന ‘പാറ്റേൺ’ ആണ് ഇവിടെ വില്ലൻ. ഹൃദയമിടിപ്പു പോലെ ഇടവിട്ടുള്ള മഴപ്പെയ്ത്താണ് പ്രശ്നക്കാരൻ. 

മഞ്ഞുകാലത്ത് രണ്ടു ദിവസം എന്ന കണക്കിനു പെയ്ത മഴ മൂന്നിലേക്ക് ഉയർന്നു. വേനലിലാകട്ടെ രണ്ടിൽ നിന്ന് അഞ്ചിലേക്കും. ഉരുകി വെള്ളമായ മഞ്ഞ് വീണ്ടും തണുത്തുറയുമ്പോൾ മഞ്ഞുപാളികളുടെ ഉപരിതലത്തിലും വരും മാറ്റം. മൃദുവായ മഞ്ഞായിരിക്കില്ല രൂപപ്പെടുക, മറിച്ച് ചൂടിനെ കൂടുതൽ ആഗിരണം ചെയ്യുംവിധം നല്ല തെളിച്ചമുള്ള മഞ്ഞുപാളികളായിരിക്കും. അതോടെ സൂര്യൻ തലകാണിക്കുമ്പോഴെല്ലാം മഞ്ഞുരുക്കം ശക്തമാകും. ഇതോടെ ഗ്രീൻലൻഡിലെ എല്ലാ ഋതുക്കളിലും ജാഗ്രതയോടെ നിരീക്ഷണം നടത്തേണ്ട അവസ്ഥയിലാണു ഗവേഷകർ.