ഒന്നു കരുതിയിരുന്നോളൂ. വരും ദിവസങ്ങളിൽ ഡൽഹിയിൽ ചൂട് അതിശക്തമാകുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.   വരും ദിവസങ്ങളിൽ 5 ഡിഗ്രിയോളം ചൂടുയരുമെന്നും ഏപ്രിൽ ആദ്യത്തോടെ താപനില 40 ഡിഗ്രിയിലെത്തുമെന്നുമാണു മുന്നറിയിപ്പ്. വരുന്ന 3–4 ദിവസങ്ങളിൽ ചൂട് രണ്ടു മുതൽ 3 ഡിഗ്രി വരെ വീതം വർധിക്കുമെന്ന് അധികൃതർ പറയുന്നു.അൽപം നീണ്ട ശൈത്യകാലത്തിനു ശേഷമാണു ചൂട് നഗരത്തിൽ ഉയർന്നു തുടങ്ങിയത്. 19 വരെ 30 ഡിഗ്രിയിൽ താഴെയായിരുന്നു താപനിലയെങ്കിൽ കഴിഞ്ഞ ദിവസം അതു 33 ഡിഗ്രിയിലെത്തി. അടുത്ത ദിവസം 35ലെത്തുമെന്നാണു സൂചന. കഴിഞ്ഞ 3–4 വർഷമായി ഏപ്രിലിൽ 40 ഡിഗ്രി ചൂട് രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ ഇത്തവണ അതുണ്ടാകുമെന്നും മുന്നറിയിപ്പു നൽകുന്നു.

എൽ നിനോ പ്രതിഭാസമാണു ചൂട് പെട്ടെന്നുയരാനുള്ള കാരണങ്ങളിലൊന്നെന്നു കാലാവസ്ഥാ കേന്ദ്രം പറയുന്നു. ഇത്തവണ വേനൽമഴ കുറയുമെന്ന സൂചനയും നൽകുന്നുണ്ട്.ശൈത്യത്തിൽ നിന്നു പെട്ടെന്നു ചൂടുയർന്നതോടെ  പനി ഉൾപ്പെടെയുള്ള അസുഖങ്ങൾ പിടിപെട്ടവരും ഏറെ. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഏറ്റവും  തണുപ്പേറിയ മാർച്ച് ആയിരുന്നു ഇത്തവണത്തേത്. ഏതാനും വർഷങ്ങളായി ഫെബ്രുവരിയിൽ തന്നെ 30 ഡിഗ്രിക്കു മുകളിൽ താപനില എത്തുമായിരുന്നു.

എന്നാൽ ഇത്തവണ ഫെബ്രുവരിയിൽ ശരാശരി കൂടിയ താപനില രേഖപ്പെടുത്തിയത് 25 ഡിഗ്രിയാണ്. മാർച്ചിലെ ആദ്യ ആഴ്ചകളിലും ശൈത്യ അവസ്ഥയാണു രേഖപ്പെടുത്തിയത്. എന്നാൽ ഈ മാസം 19നു ശേഷം താപനില 30നു മുകളിലെത്തി.എൽ നിനൊയുടെ തുടർച്ചയായി ചൂട് കാറ്റു വീശുന്ന ദിനങ്ങൾ മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു കൂടുതലായിരിക്കുമെന്നും ഇതു ചൂടുയരാൻ കാരണമാകുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ ജനറൽ എം. മോഹപാത്ര പറയുന്നു.

ഏപ്രിൽ, മേയ് മാസങ്ങളിൽ എൽ നിനൊയുടെ ഭാഗമായുള്ള ചൂട് കാലാവസ്ഥയുണ്ടാകുമെന്നും തുടർന്ന് ഇതു ദുർബലപ്പെടുമെന്നും അദ്ദേഹം വിലയിരുത്തി.കഴിഞ്ഞ വർഷം ഏപ്രിൽ 17നാണു കൂടിയ താപനില 40 ഡിഗ്രിയിലെത്തിയത്. 2017ലാകട്ടെ ഏപ്രിൽ 14 മുതൽ 22 വരെയുള്ള ദിവസങ്ങളിലും 40ലെത്തി. എന്നാൽ ആ വർഷം ഏപ്രിലിലെ ശരാശരി  താപനില 36.3 ഡിഗ്രിയായിരുന്നു. ഇത്തവണ ഏപ്രിൽ ആദ്യത്തിൽ തന്നെ 40  കടക്കുമെന്നാണു സൂചന.