ആഗോളതാപനത്തിന്‍റെ ആഘാതങ്ങള്‍ ഭൂമിക്കും മനുഷ്യരാശിക്കും വെല്ലുവിളിയുയര്‍ത്തി തുടങ്ങിയിട്ടേയുള്ളു. ഇപ്പോള്‍ തന്നെ ഇതു സൃഷ്ടിക്കുന്ന കാലാവസ്ഥാ മാറ്റങ്ങളുടെ തീവ്രത താങ്ങാന്‍ കഴിയുന്നില്ല. എന്നാൽ ഇതിലും രൂക്ഷമായ കാലാവസ്ഥാ പ്രതിഭാസങ്ങളാണ് ഭാവിയില്‍ നമ്മെ കാത്തിരിക്കുന്നതെന്നാണു ഐക്യരാഷ്ട്രസംഘടനയുടെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള വാര്‍ഷിക റിപ്പോര്‍ട്ടിൽ പറയുന്നത്. വരും വര്‍ഷങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രതിസന്ധികള്‍ വർധിച്ചു വരുമെന്നും ഈ റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്‍കുന്നു. 

കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ദൂഷ്യഫലങ്ങള്‍ മുന്നില്‍ കണ്ട് കഴിഞ്ഞ 25 വര്‍ഷമായി ഐക്യരാഷ്ട്രസംഘടനയുടെ ഭാഗമായുള്ള വേള്‍ഡ് മെറ്റിരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍  വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തിറക്കുന്നുണ്ട്. ഈ വാര്‍ഷിക റിപ്പോര്‍ട്ടിൽ സമുദ്രനിരപ്പിലെ വർധനവും ആര്‍ട്ടിക്കിലെ മഞ്ഞുരുക്കവും ഉള്‍പ്പടെയുള്ള പ്രവചനങ്ങളെല്ലാം തന്നെ ഇതിനകം യാഥാർഥ്യമായിട്ടുണ്ട്. ഒരുപക്ഷേ ഈ റിപ്പോര്‍ട്ടുകളില്‍ പ്രതീക്ഷിച്ചതിനേക്കാളും വേഗത്തിലാണ് കാലാവസ്ഥാ വ്യതിയാനം പുരോഗമിക്കുന്നതെന്നും പറയാന്‍ സാധിക്കും. ഭാവിയിലും  കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ആഘാതങ്ങളില്‍ കുറവുണ്ടാവുകയില്ലെന്ന് ഐക്യരാഷ്ട്രസംഘടനയുടെ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

2018 ലെ റിപ്പോര്‍ട്ട്

മുന്‍ റിപ്പോര്‍ട്ടുകളിലുള്ള മുന്നറിയിപ്പുകള്‍ളെല്ലാം തന്നെ 2018 ലെ വാര്‍ഷിക റിപ്പോര്‍ട്ടിലും അടങ്ങിയിട്ടുണ്ട്. ആവര്‍ത്തനമാണെങ്കിലും ഈ മുന്നറിയിപ്പുകളൊന്നും തന്നെ അവഗണിക്കാവുന്നവയല്ല മറിച്ച് കൂടുതല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടവയാണെന്നു WMO സെക്രട്ടറി ജനറല്‍ പെറ്ററി ടാലസ് പറയുന്നു. കൂടാതെ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ വേഗം കുറയ്ക്കാന്‍ കഴിയുന്ന നടപടികള്‍ സ്വീകരിക്കാന്‍ കരുത്തുള്ള ലോക നേതാക്കള്‍ ഇതുവരെ ഈ മുന്നറിയിപ്പുകളെ കണ്ടില്ലെന്നു നടിക്കുകയാണ് ചെയ്തത്. ഇനിയെങ്കിലും ഈ റിപ്പോര്‍ട്ടുകളെ ലോകനേതാക്കള്‍ ഗൗരവത്തിലെടുക്കണമെന്നും ടാലസ് ആവശ്യപ്പെടുന്നു.

2015 മുതല്‍ 2018 വരെയുള്ള വര്‍ഷങ്ങളാണ് ലോകത്തെ ഏറ്റവും ചൂടേറിയ വര്‍ഷങ്ങളെന്ന് ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആഗോളതാപനം എത്രമാത്രം യാഥാർഥ്യമാണെന്നതിനു കൂടുതല്‍ തെളിവുകള്‍ പോലും ആവശ്യമില്ല.2016 ലെ റിപ്പോർട്ട് താരതമ്യപ്പെടുത്തി 2018 ലെ താപനില കുറവാണെന്നു ചൂണ്ടിക്കാട്ടി കാലാവസ്ഥാ വ്യതിയാനത്തിനെതിരെ വാദിക്കുന്നത് വിഡ്ഢിത്തമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 2016 ല്‍ അനുഭവപ്പെട്ട എല്‍നിനോ താപസ്ഫോടനം മാത്രമാണ് ഈ വ്യത്യാസത്തിന് കാരണം. ഇതിനര്‍ത്ഥം ആഗോളതാപനില കുറയുന്നുവെന്നല്ലെന്നും ഗവേഷകര്‍ പറയുന്നു. 2019 അവസാനത്തോടെ എല്‍നിനോ പ്രതിഭാസം തിരികെയെത്തുമ്പോള്‍ ഇതുമൂലം താപനിലയിലുണ്ടാകാൻ പോകുന്ന വർധനവ് ഊഹിക്കാനാകില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കി.

അതേസമയം ആഗോളതാപനിലയില്‍ മാത്രമേ 2018 പുറകില്‍ നില്‍ക്കുന്നുള്ളൂവെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. സമുദ്ര താപനിലയില്‍ മുന്‍വര്‍ഷങ്ങളേക്കാള്‍ 2018 ഏറെ മുന്നിലാണ്. സമുദ്രങ്ങളിലെ 700 മീറ്റര്‍ആഴത്തില്‍ വരെയുള്ള ജലത്തിന്‍റെ താപനില കണക്കാക്കിയാല്‍ 1955 മുതലുള്ള ഏറ്റവും ഉയര്‍ന്ന താപനിലയാണ് 2018 ലേത് . 1955 ലാണ് സമുദ്രതാപനില കണക്കാക്കാന്‍ ഗവേഷകര്‍ ആരംഭിച്ചത്. ഭൂമിയുടെ ശരാശരി താപനില നിശ്ചയിക്കുന്നതില്‍ സമുദ്രതാപനിലയ്ക്ക് വലിയ പങ്കുണ്ടെന്നിരിക്കെ ഈ വർധനവ് ഭാവിയില്‍ ആഗാളതാപനത്തിന്‍റെ വേഗത കുത്തനെ ഉയരുന്നതിനു കാരണമാകുമെന്നാണു കരുതുന്നത്. 

സമുദ്രജലനിരപ്പ്

2018 ലെ WMO റിപ്പോര്‍ട്ടില്‍ ഏറ്റവും ആശങ്കപ്പെടുത്തുന്ന ഭാഗം സമുദ്ര ജലനിരപ്പിനെ സംബന്ധിച്ചുള്ളതാണ്. 2017 മായി താരതമ്യപ്പെടുത്തുമ്പോള്‍ 3.7 മില്ലി മീറ്ററിന്‍റെ വർധനവാണ് ജലനിരപ്പില്‍ ഉണ്ടായിരിക്കുന്നത്. 1993 മുതല്‍ 2017 വരെയുള്ള കണക്കെടുത്താല്‍ ഒരു വര്‍ഷം ശരാശരി 3.1 മില്ലിമീറ്റര്‍ വർധനവാണ് സമുദ്രജലനിരപ്പിലുണ്ടായത്. ഇതില്‍ നിന്ന് കുത്തയെനുള്ള വർധനവാണ് 2018 ല്‍ ഉണ്ടായിരിക്കുന്നത്. ഇത് സമുദ്രത്തിന്‍റെ ലവണത്വം ഗണ്യമായി കുറച്ചിട്ടുണ്ട്. സ്വാഭാവികമായി ഈ കുറവ് പവിഴപ്പുറ്റുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പുതിയ പവിഴപ്പുറ്റുകള്‍ രൂപപ്പെടുന്നതിനും തിരിച്ചടിയാണ്. കൂടാതെ ആര്‍ട്ടിക് , ആന്‍റാര്‍ട്ടിക് മേഖലയിലെ മഞ്ഞുപാളികള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ അളവിലെത്താനും ഈ ഉയര്‍ന്ന താപനില കാരണമായിട്ടുണ്ട്.

താപവാതങ്ങളും വരള്‍ച്ചയും വ്യാപകമാകുന്ന സാഹചര്യവും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ചൂട് കാറ്റ് വീശുന്ന ദിവസങ്ങളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ഒരു നൂറ്റാണ്ടിൽ മുന്‍പുള്ളതിനേക്കാള്‍ 12 കോടിയിലധികം ആളുകളെ ഇന്ന് വരള്‍ച്ച ബാധിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 ല്‍ മാത്രം കാലാവസ്ഥാ വ്യതിയാനം മൂലമുള്ള വരള്‍ച്ചയും വെള്ളപ്പൊക്കവും മൂലം 20 ലക്ഷത്തോളം പേരാണ് സ്വന്തം കിടപ്പാടമുപേക്ഷിച്ച് പലായനം ചെയ്തത്. ഇത് 2018 ല്‍ വിവിധ കാരണങ്ങളാല്‍ അഭയാര്‍ഥികളാക്കപ്പെട്ട മനുഷ്യരുടെ 10 ശതമാനത്തോളം വരും.