കാലാവസ്ഥാ വ്യതിയാനം ഒരു നഗ്നസത്യമാണ്. ഇക്കാര്യം ആളുകളെ പറഞ്ഞു ബോധ്യപ്പെടുത്താനും അംഗീകരിപ്പിക്കാനുമാണ് ഗവേഷകര്‍ ഏറ്റവുമധികം ബുദ്ധിമുട്ടു നേരിടുന്നത്. കാലാവസ്ഥാ വ്യതിയാനം വരുത്തി വയ്ക്കാന്‍ പോകുന്ന ആഘാതം എത്ര ഭീകരമാണെന്ന സൂചനകള്‍ ഇപ്പോള്‍ പ്രകൃതി തന്നെ നല്‍കുന്നുണ്ട്. ഈ സൂചനകളില്‍ ഒന്നാണ് അമേരക്കയിലും മറ്റും വെള്ളത്തിനടിയിലായി തുടങ്ങിയ നഗരങ്ങള്‍. സമുദ്രനിരപ്പില്‍ നിന്ന് ആറ് മീറ്റര്‍ താഴ്ന്നു സ്ഥിതി ചെയ്യുന്ന സൗത്ത് കാരലൈന ഉള്‍പ്പടെയുള്ള പല പ്രദേശങ്ങളും ഇപ്പോള്‍ തന്നെ വര്‍ഷത്തില്‍ പാതിയിലേറെ സമയവും വെള്ളം കയറിയ നിലയിലാണ്. 2100 ആകുമ്പോഴേക്കും സൗത്ത് കാരലൈന പൂർണമായും വെള്ളത്തിനിടയിലാകുമെന്നാണ് ഗവേഷകര്‍ കരുതുന്നത്.

മുന്നറിയിപ്പായി വിഡിയോ

തെക്കന്‍ കാരലൈന മാത്രമല്ല അമേരിക്കയിലെ പല നഗരങ്ങളും സമാനമായ ഭീഷണി നേരിടുകയാണ്. ഇതിനിടെയാണ് വെതര്‍ ചാനല്‍ സംഘം കാലാവസ്ഥാ വ്യതിയമാനം മൂലം യുഎസിലെ പല പ്രദേശങ്ങളും നേരിടുന്നതും നേരിടാന്‍ പോകുന്നതുമായ പ്രതിസന്ധികളെ വിഡിയോയിലൂടെ തുറന്നു കാട്ടിയത്. അമേരിക്കയിലെ തെക്കുകിഴക്കന്‍ മേഖലയിലുള്ള സമുദ്രനിരപ്പിനൊപ്പമുള്ളതും സമുദ്ര നിരപ്പിലും താഴ്ന്നതുമായ മി്ക്ക പ്രദേശങ്ങളും കഴിഞ്ഞ വര്‍ഷം ഏതാണ്ട് 27 തവണയാണ് വെള്ളത്തിനിടയിലായതെന്നു ഗവേഷകര്‍ പറയുന്നു. ഇങ്ങനെയുള്ള പ്രദേശങ്ങളിലെ ശരിക്കുള്ള വെള്ളപ്പൊക്കത്തിന്‍റെ ദൃശ്യങ്ങളും ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന വെള്ളപ്പൊക്കത്തിന്‍റെ അനിമേറ്റഡ് ദൃശ്യങ്ങളും ചേര്‍ത്തു തയ്യാറാക്കിയ വിഡിയോ ജനങ്ങളില്‍ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുറത്തിറക്കിയിരിക്കുന്നത്.

വര്‍ഷങ്ങളായി ഗവേഷകര്‍ നല്‍കിയ മുന്നറിയിപ്പു ശരിവച്ചു കൊണ്ട് വെള്ളപ്പൊക്കം എത്തിക്കഴിഞ്ഞിരിക്കുന്നുവെന്ന് വിഡിയോയില്‍ അവതാരികയും ഗവേഷകയും ആയ ജെൻ കര്‍ഫാഗ്‌നോ പറയുന്നു. ഇതു ശരിവയ്ക്കുന്നതാണ് ഗവേഷകര്‍ നടത്തിയ കണ്ടെത്തലുകളും .കാലാവസ്ഥാ ഗവേഷകരുടെ മുന്നറിയിപ്പുകളില്‍ ഒന്ന് യുഎസിലെ ചാള്‍സ്റ്റണ്‍ മേഖലയെക്കുറിച്ചായിരുന്നു. ഈ മേഖല 2018 ല്‍ തന്നെ അമേരിക്കയിലെ ജീവിക്കാന്‍ പ്രയാസമുള്ള ഏറ്റവും അപകടമേറിയ നഗരമായി വിലയിരുത്തപ്പെട്ടതാണ്. അടിക്കടിയുണ്ടാകുന്ന സമുദ്രജലത്തിന്‍റെ ആക്രമണമായിരുന്നു ഈ വിലയിരുത്തലിനു കാരണം.

നൊര്‍ഫെകിലെ വെള്ളപ്പൊക്കം

അടുത്ത 30 വര്‍ഷത്തിനുള്ളില്‍ അമേരിക്കന്‍ തീരത്ത് സമുദ്രനിരപ്പില്‍ ശരാശരി 2 അടിയെങ്കിലും വർധനവുണ്ടാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. പതിറ്റാണ്ടുകളായി ലഭിച്ച മുന്നറിയിപ്പുകള്‍ അവഗണിച്ച മനുഷ്യര്‍ തന്നെയാണ് ഈ അവസ്ഥ വരുത്തി വച്ചതെന്നു വിഡിയോ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലെ ഏറ്റവും വലിയ നാവികസേനാ കേന്ദ്രമായ നോർഫെകില്‍ ഇപ്പോള്‍ സ്ഥിരമായി അനുഭവപ്പെടുന്ന വെള്ളപ്പൊക്കമാണ് അമേരിക്ക നേരിടുന്നതും ഭാവിയില്‍ കാത്തിരിക്കുന്നതുമായ ദുരന്തത്തിന് മറ്റൊരുദാഹരണമായി ഗവേഷകര്‍ പറയുന്നത്.

അമേരിക്കയില്‍ ഏറ്റവും വേഗത്തില്‍ കടല്‍ജലനിരപ്പ് ഉയരുന്ന മേഖലയാണ് നോര്‍ഫെക്. 1992 ന് ശേഷം ഇവിട കടല്‍ ജലനിരപ്പ് ഉയര്‍ന്നത് അരയടിയോളമാണ്. ലോകത്താകമാനം കടല്‍ ജലനിരപ്പ് ഉയരുന്നതിന്‍റെ ഇരട്ടിയിലേറെ വേഗതയിലാണ് ഈ വർധനവ്. കൂടാതെ കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ മേഖലയില്‍ വെള്ളപ്പൊക്കമുണ്ടാകുന്ന ദിവസങ്ങളുടെ എണ്ണം ഇരട്ടിയായി വർധിച്ചിരുന്നു.

ജെക്കോബ്ഷാവൻ മഞ്ഞുമല

വെതര്‍ ചാനലിന്‍റെ വിഡിയോയില്‍ ഏറ്റവും ഭയപ്പെടുത്തുന്ന വിവരണം ജെക്കോബ്ഷാവൻ മഞ്ഞുമലയെ കുറിച്ചാണ്. ഭൂമിയില്‍ തന്നെ ഏറ്റവും വേഗത്തില്‍ താപനില വർധിക്കുന്ന പ്രദേശമാണ് ആര്‍ട്ടിക്. ഈ മേഖലയില്‍ ഏറ്റവും വേഗത്തില്‍ ഉരുകി ഒലിക്കുന്ന മഞ്ഞുമലയാണ് ജെക്കോബ്ഷാവൻ‍. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ജെക്കോബ്ഷാവനിലുണ്ടായ മാറ്റം വിഡിയോയില്‍ ആനിമേഷനിലൂടെ വ്യക്തമാക്കുന്നുണ്ട്. ജെക്കോബ്ഷാവനെ പോലെ ആയിരക്കണക്കിനു മഞ്ഞുപാളികളില്‍ നിന്നാണ് ആര്‍ട്ടിക്കില്‍ ഇപ്പോഴും മഞ്ഞുരുകിയൊലിച്ചു കൊണ്ടിരിക്കുന്നത്. ഇവയെല്ലാം കടല്‍ജലനിരപ്പ് ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്.