മഞ്ഞുമൂടിയ അന്‍റാര്‍ട്ടിക്കില്‍ ഒരിക്കല്‍ മരങ്ങള്‍ വളര്‍ന്നിരുന്നുവെന്ന് കേട്ടാൽ പെട്ടെന്ന് അംഗീകരിക്കാന്‍ പ്രയാസമായിരിക്കും. പക്ഷേ പ്ലിയോസീന്‍ കാലഘട്ടത്തില്‍, അതായത് 2.5 മുതല്‍ 5.4 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് അന്‍റാര്‍ട്ടിക്ക് മരങ്ങള്‍ സമൃദ്ധമായി വളര്‍ന്നിരുന്ന പ്രദേശമായിരുന്നു. പക്ഷേ അന്ന് സമുദ്രനിരപ്പ് ഇന്നത്തേക്കാള്‍ 20 മീറ്റര്‍ ഉയരത്തിലായിരുന്നു. താപനില 4 മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ അധികമായിരുന്നു. എന്നാല്‍ അന്തരീക്ഷത്തിലെ കാര്‍ബണിന്‍റെ അളവ് മാത്രം ഏതാണ്ട് സമാനമായിരുന്നു.

ഇത് ഒട്ടും സന്തോഷം നല്‍കുന്ന അറിവല്ല , മറിച്ച് ആശങ്കപ്പെടുത്തുന്നതാണ്. അന്തരീക്ഷത്തിലെ കാര്‍ബണിന്‍റെ അളവ് അക്കാലത്തേതിനു സമാനമാണെങ്കില്‍ വൈകാതെ അതു സൃഷ്ടിക്കുന്ന ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും അന്നത്തേതിനു സമാനമായ താപനിലയും സമുദ്രജലനിരപ്പും സൃഷ്ടിക്കും. അന്‍റാര്‍ട്ടിക്കിലെ മഞ്ഞുരുകി അവിടെ ചെടികളും മരങ്ങളും തഴച്ചു വളര്‍ന്നേക്കും. പക്ഷേ അപ്പോഴേക്കും ഇന്നു മനുഷ്യവാസമുള്ള പ്രദേശങ്ങളെല്ലാം വരള്‍ച്ചമൂലമോ കടലാക്രമണം മൂലമോ വാസയോഗ്യമല്ലാതായി തീര്‍ന്നിരിക്കും എന്നുമാത്രം. മനുഷ്യര്‍ക്ക് മാത്രമല്ല ഒട്ടേറെ ജന്തുജാലങ്ങള്‍ക്കും ഭൂമിയിലെ സസ്യവൈവിധ്യത്തിനും വരെ ഭീഷണിയാണ് നിലവിലെ കാര്‍ബണിന്‍റെ അളവ് മൂലം സംഭവിക്കാനിരിക്കുന്ന ഈ മാറ്റങ്ങള്‍.

കാര്‍ബണിന്‍റെ അമിതമായ സാന്നിധ്യം മൂലം ഭൂമി നേരിടുന്ന ഭീഷണി വിവരിക്കാനുള്ള പല മാര്‍ഗങ്ങളില്‍ ഒന്നു മാത്രമാണ് ഈ താരതമ്യമെന്നു ഗവേഷകര്‍ പറയുന്നു. യുകെയിലെ റോയല്‍ മെറ്റീരിയോളജിക്കല്‍ സൊസൈറ്റിയില്‍ നിന്നുള്ള ഗവേഷകരാണ് ഈ താരതമ്യപഠനം നടത്തിയത്. ഇവരുടെ നിരീക്ഷണത്തില്‍ നിലവിലെ അന്തരീക്ഷ കാര്‍ബണിന്‍റെ തോത് പ്ലിയോസീന്‍ കാലഘട്ടത്തിലെ അവസ്ഥ തിരികെ കൊണ്ടുവരാന്‍ തക്ക കെല്‍പ്പുള്ളതാണ്. 

അന്‍റാര്‍ട്ടിക്കിലെ അവസാനത്തെ വനമേഖല

അന്‍റാര്‍ട്ടിക്കില്‍ നിന്നു കണ്ടെത്തിയ ഫോസിലുകളുടെ കാലപ്പഴക്ക നിര്‍ണയം ഉള്‍പ്പടെ നടത്തിയാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. മരങ്ങളുടെയും മറ്റും ഫോസിലുകള്‍ കണ്ടെത്തിയ ഈ പ്രദേശത്തെ അന്‍റാര്‍ട്ടിക്കിലെ അവസാന വനമേഖലയെന്നാണ് ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്.  ഈ വനമേഖല നിലനിന്നിരുന്ന കാലത്ത് അന്തരീക്ഷത്തിലെ കാര്‍ബണിന്‍റെ അളവ് ഏതാണ്ട് 400 പിപിഎം ആയിരുന്നു. ഭൂമിയുടെ അന്തരീക്ഷത്തിലെ ഇപ്പോഴത്തെ കാര്‍ബണിന്‍റെ അളവ് 410 പിപിഎം ആണ്. എട്ട് ലക്ഷം വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന കാര്‍ബണ്‍ അളവാണിത്. 

ഫോസില്‍ ഇന്ധനങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം തന്നെയാണ് അന്തരീക്ഷ കാര്‍ബണ്‍ ഇങ്ങനെ കുത്തനെ ഉയരാന്‍ കാരണമാകുന്നത്. അന്‍റാര്‍ട്ടിക്കില്‍ വർധിക്കുന്ന മഞ്ഞുരുകലിന്‍റെ തോത് പ്ലിയോസീന്‍ കാലഘട്ടത്തിലെ അവസ്ഥയിലേക്കാണു ഭൂമി പോകുന്നതെന്നതിന്‍റെ തെളിവാണെന്നു ഗവേഷകര്‍ പറയുന്നു. വീട്ടിലെ ഓവനില്‍ 200 ഡിഗ്രി സെല്‍ഷ്യസ് ചൂട് സെറ്റ് ചെയ്താല്‍ പെട്ടെന്ന് ആ താപനില ഉണ്ടാകില്ല. സമയമെടുത്താണ് ഈ താപനിലയിലേക്ക് ഓവന്‍ എത്തുന്നത്. ഇതുതന്നെയാണ് ഭൂമിയില്‍ സംഭവിക്കുന്നത്. ഭൂമി പതിയെ മാറുകയാണ്, ഇന്നല്ലെങ്കില്‍ നാളെ ഈ താപനില വർധനവ് അനിയന്ത്രിതമാകുകയും ഒരു പക്ഷെ ഭൂമിയിലെ ജീവന് തന്നെ ഭീഷണിയായി അതു മാറുകയും ചെയ്യുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. 

5 ഡിഗ്രി സെല്‍ഷ്യസിലേക്കുയരുന്ന അന്‍റാര്‍ട്ടിക്കിലെ താപനില

നിലവില്‍ അന്‍റാര്‍ട്ടിക്കിലെ ശരാശരി താപനില മൈനസ് 15 മുതല്‍ മൈനസ് 20 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. എന്നാല്‍ നിലവിലെ വേഗതയില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം തുടര്‍ന്നാല്‍ അന്തരീക്ഷത്തിലെ കാര്‍ബണിന്‍റെ അളവ് 1000 പിപിഎം വരെയായി വർധിക്കാം. അങ്ങനെയൊരു സാഹചര്യത്തില്‍ അന്‍റാര്‍ട്ടിക്കിലെ താപനില ശരാശരി 5 ഡിഗി സെല്‍ഷ്യസായി മാറും. അന്‍റാര്‍ട്ടിക്കില്‍ വീണ്ടും ചെടികളും മരങ്ങളും വളരാനും വനം രൂപപ്പെടാനും ഈ താപനില ധാരാളമാണെന്നു ഗവേഷകര്‍ പറയുന്നു.

ഈ സാഹചര്യത്തില്‍ ഭൂമിയിലെ മറ്റു പ്രദേശങ്ങളിലെ താപനില ആലോചിക്കാന്‍ കഴിയാത്ത വിധം വർധിച്ചേക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. സ്വാഭാവികമായും ഈ വർധനവ് കടല്‍ജലനിരപ്പുയരാൻ കാരണമാകും. കൂടാതെ വരള്‍ച്ചയും വെള്ളപ്പൊക്കവും ഉള്‍പ്പടെയുള്ള പ്രശ്നങ്ങളും രൂക്ഷമാകും. അതായത് പ്ലിയോസീന്‍ കാലഘട്ടത്തിന് സമാനമായ അവസ്ഥയിലേക്കാണ് ഇപ്പോഴത്തെ സാഹചര്യങ്ങളെല്ലാം ഭൂമിയെ നയിക്കുന്നതെന്നു സാരം.