2015 ലാണ് നാസ ഭൂമിയിലെ സമുദ്രനിരപ്പിലുണ്ടാകുന്ന വർധനവിനെക്കുറിച്ചുള്ള നിര്‍ണായക കണ്ടെത്തലുകള്‍ പുറത്തു വിടുന്നത്. സമുദ്രജലനിരപ്പിലുണ്ടാകുന്ന മാറ്റത്തിന്‍റെ തോത് കൃത്യമായി രേഖപ്പെടുത്തിയത് ഈ പഠനത്തിലൂടെയാണ്. ഇതനുസരിച്ച് അടുത്ത രണ്ട് ദശാബ്ദങ്ങള്‍ക്കുള്ളില്‍ ലോകവ്യാപകമായ ശരാശരി 90 സെന്‍റിമീറ്റര്‍ വരെ കടല്‍ജലനിരപ്പുയരാം. ഇത് തന്നെ തീരപ്രദേശങ്ങളില്‍ അധിവസിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളെ കുടിയൊഴിപ്പിക്കാന്‍ പ്രാപ്തമാണ്. അങ്ങനെയിരിക്കെ നിലവില്‍ ഭൂമിയില്‍ ശേഷിക്കുന്ന എല്ലാ മഞ്ഞും ഉരുകി വെള്ളമായാല്‍ ശേഷിക്കുന്ന കരഭാഗം എത്രയാകും എന്നതിന് ഉത്തരം കണ്ടെത്താനുള്ള ശ്രമമാണ് ഒരു സംഘം ഗവേഷകര്‍ നടത്തിയത്. 

ധ്രുവപ്രദേശങ്ങളിലുള്ള എല്ലാ മഞ്ഞുപാളികളും ഉരുകി തീര്‍ന്നാല്‍ കടല്‍ ജലനിരപ്പ് ഏതാണ്ട് 65.8 മീറ്റര്‍ ഉയരും. അതായത് 216 അടി. ഇത്രയും ഉയരത്തിലേക്ക് ജലനിരപ്പുയര്‍ന്നാല്‍ അത് ഭൂമിയില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ കാണിച്ച് ഒരു അനിമേഷന്‍ തയാറാക്കിയിട്ടുണ്ട്. ധ്രുവപ്രദേശങ്ങളിലെ മാത്രമല്ല ഹിമാലയം ഉള്‍പ്പടെയുള്ള പര്‍വതമേഖലകളിലെയും മഞ്ഞുപാളികള്‍ ഉരുകിയ ശേഷമുള്ള ഭൂമിയെയാണ് ഈ അനിമേഷന്‍ കാട്ടിത്തരുന്നത്. മഞ്ഞുരുകി തീര്‍ന്ന ശേഷം എല്ലാ ഭൂഖണ്ഡങ്ങളിലൂടെയും നടത്തുന്ന ഒരു വെര്‍ച്വല്‍ യാത്രയാണ് ഈ അനിമേഷന്‍.

അനിമേഷന്‍ കാണുന്ന ആര്‍ക്കും ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന സംശയം ഉണ്ടായേക്കാം. കാരണം ഇതനുസരിച്ച് ഓസ്ട്രേലിയ ഏതാണ്ട് രണ്ടായി പിളരുന്നതിന്‍റെ വക്കിലെത്തും. സിഡ്നി നഗരം കടലിനടയിലാകും. സിഡ്നി മാത്രമല്ല ഏഷ്യയില്‍ മുംബൈയും, കൊല്‍ക്കത്തയും മുതല്‍ ഷാങ്ഹായും, ടോക്കിയോയും വരെ കടലെടുക്കും. അമേരിക്കയിലെ വാഷിങ്ടണും, മിയാമിയും, ഉള്‍പ്പെടെയുള്ള തീരദേശ നഗരങ്ങളെല്ലാം കടലിനടിയിലാകും. തെക്കേ അമേരിക്കയിലെ ആമസോണ്‍ വനങ്ങളുടെ വലിയൊരു ഭാഗം കടല്‍ കയറും. ആഫ്രിക്കയുടെ അഞ്ചിലൊന്നു ഭാഗവും കടലെടുക്കും.

ഇതൊക്കെ ഒരിക്കലും നടക്കാന്‍ സാധ്യതയില്ലാത്ത ഭ്രാന്തന്‍ ആശയമായി തോന്നേണ്ടതില്ല. കാരണം ഇപ്പോഴത്തെ മഞ്ഞുരുകലിന്‍റെ വേഗതയനുസരിച്ച് അടുത്ത ഏതാനും നൂറ്റാണ്ടുകള്‍ക്കുള്ളില്‍ ഭൂമിയിലെ മഞ്ഞ് മുഴുവന്‍ ഉരുകിത്തീരും. പ്രത്യകിച്ചും ഈ നൂറ്റാണ്ടിന്‍റെ മധ്യത്തോടെ കാര്‍ബണ്‍ ബഹിര്‍ഗമനം നിയന്ത്രിക്കുന്നതില്‍ മനുഷ്യര്‍ പരാജയപ്പെട്ടാല്‍. കാര്‍ബണ്‍ ബഹിര്‍ഗമനം തടയുവാനുള്ള ശ്രമങ്ങളുടെ വേഗത പരിശോധിച്ചാല്‍ ഈ പരാജയും ഉറപ്പാണെന്ന് ഇപ്പോള്‍ തന്നെ വ്യക്തമാകും.

20.8 ക്യുബിക് കിലോമീറ്റര്‍ മഞ്ഞുപാളികളാണ് ഭൂമിയില്‍ ആകെയുള്ളത്. ഇവ ഉരുകി തീരാന്‍ സാധാരണ ഗതിയില്‍ 5000 വര്‍ഷം വരെ എടുക്കാം. പക്ഷേ ഇപ്പോഴത്തെ അസാധാരണ സാഹചര്യത്തില്‍ ഈ മഞ്ഞുരുക്കത്തിന്‍റെ വേഗത വർധിക്കുകയാണ്. കാരണം ഏതാനും ദശാബ്ദങ്ങള്‍ക്കുള്ളില്‍ തന്നെ ഭൂമിയിലെ ശരാശരി താപനില 26.6 ഡിഗ്രി സെല്‍ഷ്യസ് ആകുമെന്നാണു ഗവേഷകര്‍ കണക്കു കൂട്ടുന്നത്. ഇപ്പോഴത്തെ ശരാശരി ഏതാണ്ട് 14.4 ഡിഗ്രി സെല്‍ഷ്യസാണ്. ഈ താപനില ഇരട്ടിയോളമായി വർധിക്കുമ്പോള്‍ തന്നെ ഭൂമിയിലെ മിക്ക പ്രദേശങ്ങളിലെയും ജീവിതം ഏറെക്കുറെ അസാധ്യമാകും. അതുകൊണ്ട് തന്നെ നൂറ്റാണ്ടുകള്‍ക്കു ശേഷം വരാനിരിക്കുന്ന ഈ കടല്‍ജലനിരപ്പ് വർധനവ് മനുഷ്യവംശത്തിന്‍റെ അവസാന പ്രതിസന്ധികളില്‍ ഒന്നായിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു.