കഴിഞ്ഞ ആഴ്ചയാണ് വടക്കു പടിഞ്ഞാറന്‍ റഷ്യയിലെ കാര്‍ബണ്‍ ഡയോക്സൈഡിന്‍റെ അളവ് റെക്കോര്‍ഡ് നിലയിലെത്തിയതായി ശാസ്ത്രലോകം പ്രഖ്യാപിച്ചത്. ഇതിനു തൊട്ടു പിന്നാലെയാണ് അതിന്‍റെ പ്രതിഫലനമെന്ന പോലെ ഇപ്പോള്‍ റഷ്യയിലെ താപനിലയും കുത്തനെ ഉയരുന്നത്. ലോകത്തെ ഏറ്റവും തണുത്തുറഞ്ഞ മേഖലകളിലൊന്നായ ആര്‍ട്ടിക്കിനു തൊട്ടു താഴെ സ്ഥിതി ചെയ്യുന്ന റഷ്യയിലെ ആർസാൻജിലിസ്ക് എന്ന പ്രവിശ്യയില്‍ രേഖപ്പെടുത്തയത് 29 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ്. അതായത് ചൂട് കാലത്ത് ഉഷ്ണമേഖലകളില്‍ അനുഭവപ്പെടുന്ന താപനിലയ്ക്കു തുല്യമാണിത്. 

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയെന്നാല്‍ അത് മനുഷ്യ ചരിത്രത്തില്‍ പോലുമില്ലെന്ന് ഗവേഷകര്‍ വിശദീകരിക്കുന്നു. ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കിടെയുള്ള ഏറ്റവും വലിയ താപനിലയാണ് ഇപ്പോള്‍ ഈ വടക്കു പടിഞ്ഞാറന്‍ റഷ്യന്‍ നഗരത്തില്‍ അനുഭവപ്പെടുന്നതെന്നാണ് ഗവേഷകര്‍ വിശദീകരിക്കുന്നത്. ഭൗമശാസ്ത്രജ്ഞനായ എറിക് ഹോൽതൗസ് തങ്ങള്‍ക്കറിയാത്ത ഭൂമിയാണ് ഇതെന്നാണ് ഈ മാറ്റത്തോടു പ്രതികരിച്ചത്. 

സാധാരണ ഗതിയില്‍ 12 ഡിഗ്രി സെല്‍ഷ്യസാണ് ഈ സമയത്ത് വടക്കു പടിഞ്ഞാറന്‍ റഷ്യയില്‍ അനുഭവപ്പെട്ടിരുന്ന ഉയര്‍ന്ന താപനില. ഇതിന്‍റെ രണ്ടര ഇരട്ടി ചൂട് അനുഭവപ്പെടുന്നുവെന്നത് ഒരു പക്ഷേ പ്രദേശത്തിന്‍റെ ഭൗമശാസ്ത്രപരവും ജൈവീകവുമായ ഘടനയെ തന്നെ മാറ്റാന്‍ കെല്‍പ്പുള്ള ഒരു പ്രതിഭാസമാണ്. റഷ്യയുടെ ഈ മേഖലയ്ക്കു മുകളില്‍നിലനില്‍ക്കുന്ന ഉയര്‍ന്ന മര്‍ദപ്രതിഭാസമാണ് വടക്കന്‍ റഷ്യയിലെ താപനില ഇത്തരത്തില്‍ കുത്തനെ ഉയരാന്‍ കാരമയതെന്നാണു ഗവേഷകര്‍ കരുതുന്നത്.

റഷ്യയിൽ മാത്രമല്ല യൂറോപ്പിലെയും അമേരിക്കയിലെയും വടക്കന്‍ രാജ്യങ്ങളിലെല്ലാം തന്നെ ഉയര്‍ന്ന താപനിലയാണ് അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. അലാസ്കയിലെ വസന്തകാല താപനില ഏതാണ്ട് ചൂട് കാലത്തിനു സമാനമായിരുന്നു, സാധാരണയില്‍ നിന്നും 12 ഡിഗ്രി സെല്‍ഷ്യസ് വരെ അധികമായിരുന്നു ഇത്തവണ വസന്തകാലത്ത് അലാസ്കയില്‍ അനുഭവപ്പെട്ട ചൂട്.ഏതാണ്ട് സമാനമായ അവസ്ഥയാണ് ഗ്രീന്‍ലന്‍ഡിലും മൂന്നു വര്‍ഷത്തോളമായി അനുഭവപ്പെടുന്നത്. 2016 ല്‍ ഗ്രീന്‍ലന്‍ഡിലെ 23 ശതമാനം മഞ്ഞുപളികളാണ് അന്ന് വസന്തകാലത്തു തന്നെ ഉരുകാന്‍ തുടങ്ങിയത്. ഈ അവസ്ഥ ഇന്നും തുടരുകയാണ്. ഗ്രീന്‍ലന്‍ഡിലെ മഞ്ഞുപാളികളെ ഒട്ടാകെ ദുര്‍ബലമാക്കിക്കൊണ്ട്.

ഭൂമിയിലെ മറ്റേതു മേഖലയേക്കാളും വേഗത്തിലാണ് ആര്‍ട്ടിക് ഇന്ന് ചൂടു പിടിക്കുന്നത്. പക്ഷേ ആര്‍ട്ടിക്കിലുണ്ടാകുന്ന ഈ മാറ്റം ആര്‍ട്ടിക്കിക് സര്‍ക്കിളിലോ വടക്കന്‍ ധ്രുവത്തിലോ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. ആര്‍ട്ടിക്കിന്‍റെ താപനില വർധനവ് ഭൂമിയൊട്ടാകെ പാരിസ്ഥിതികവും, ജൈവീകവും സാമൂഹികവും  സാമ്പത്തികവുമായ മാറ്റങ്ങള്‍ക്കു കാരണമായിരിക്കുകയാണ്. വിവിധ ഭൂഖണ്ഡങ്ങളിലായി ലക്ഷക്കണക്കിന് ആളുകളും നിരവധി പ്രദേശങ്ങളുമാണ് ആര്‍ട്ടിക്കിലുണ്ടാകുന്ന മാറ്റത്തിന്‍റെ ആഘാതം ഏറ്റുവാങ്ങുന്നതും നിലനില്‍പ് തന്നെ ഭീഷണിയിലായിരിക്കുന്നതും.

ലോകത്താകമാനം താപനില വർധിപ്പിക്കുന്നത് ഹരിതഗൃഹ വാതകങ്ങള്‍ തന്നെയാണ്. ഇതിന് മുഖ്യപങ്കു വഹിക്കുന്നതാകട്ടെ കാര്‍ബണ്‍ ഡയോക്സൈഡും. വ്യവസായവൽക്കരണത്തിനു ശേഷം മാത്രം 144 പിപിഎം വർധനവാണ് അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിലുണ്ടായിട്ടുള്ളത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വർധിച്ച അന്തരീക്ഷ കാര്‍ബണ്‍ 5 പിപിഎം ആണ്. ഈ കണക്കുകളനുസരിച്ച് എട്ട് ലക്ഷം വര്‍ഷത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന അളവിലാണ് അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്സൈഡുള്ളത്