ആഗോളതാപനത്തെക്കുറിച്ചും അത് ഭൂമിയില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങളെക്കുറിച്ചും പല പഠനങ്ങളും നടന്നു വരികയാണ്. ഇവയെല്ലാം തന്നെ ആഗോളതാപനം എന്ന പ്രതിഭാസം വരുത്തി വയ്ക്കാന്‍ പോകുന്ന വിനാശകരമായ പ്രത്യാഘാതങ്ങളെക്കുറിച്ചു മുന്നറിയിപ്പും നല്‍കുന്നുണ്ട്. ആഗോളതാപനം എങ്ങനെ ലോകത്തെ മഞ്ഞുപാളികളെ ബാധിക്കുന്നു എന്നതായിരുന്നു സൂറിച്ച് സര്‍വകലാശാലയിലെ ഗവേഷക സംഘം പരിശോധിച്ചത്. 

ഈ പഠനത്തിലെ കണ്ടെത്തല്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. താപനില വർധിക്കുന്നതനുസരിച്ച് അര നൂറ്റാണ്ട് കൊണ്ട് ഉരുകിയൊലിച്ചത് 900 കോടി ടണ്‍ മഞ്ഞാണ്. ധ്രുവപ്രദേശങ്ങളില്‍ നിന്നു മാത്രമല്ല ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായുള്ള മഞ്ഞുപാളികളില്‍ നിന്ന് ഉരുകിയൊലിച്ച മഞ്ഞുപാളികളുടെ കണക്കാണിത്. ഇതില്‍ ഗ്രീന്‍ലന്‍ഡില മഞ്ഞുപാളികള്‍ മുതല്‍ അലാസ്കയിലെയും എവറസ്റ്റിലെയും വരെമഞ്ഞുപാളികള്‍ ഉള്‍പ്പെടും.

മഞ്ഞുപാളികള്‍ നഷ്ടമാകുന്നതിലൂടെ അതതു പ്രദേശങ്ങളിലുണ്ടാകുന്ന ഭൂമിശാസ്ത്രപരവും ജൈവപരവുമായ മാറ്റങ്ങള്‍ പ്രവചനാതീതമാണ്. കുടിവെള്ള ക്ഷാമം മുതല്‍ ഭൂമി തരിശാകുന്നതിനും വിവിധ ജീവിവര്‍ഗങ്ങള്‍ അന്യം നിന്നു പോകുന്നതിനും വന്‍ തോതിലുള്ള കുടിയേറ്റത്തിനും വരെ ഈ മഞ്ഞുരുക്കും കാരണമായേക്കാം. ഇതു മാത്രമല്ല 900 കോടി ടണ്‍ മഞ്ഞുരുകി ഒലിച്ചതോടെ സമുദ്രനിരപ്പിലുണ്ടായ വർധനവും ഗവേഷകര്‍ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. അന്‍പതു വര്‍ഷത്തിനിടെ ശരാശരി 27 മില്ലി മീറ്ററിന്‍റെ വർധനവാണ് ആഗോള സമുദ്രനിരപ്പിലുണ്ടായിരിക്കുന്നത്.

സാറ്റ്‌ലെറ്റ് ദൃശ്യങ്ങളിലൂടെയും നേരിട്ടുള്ള പഠനങ്ങളിലൂടെയും ശേഖരിച്ച മഞ്ഞുപാളികളുടെ അളവുകള്‍ അടിസ്ഥാനമാക്കിയാണ് പഠനം പൂര്‍ത്തിയാക്കിയത്. ധ്രുവപ്രദേശങ്ങള്‍ക്കു പുറമെ അലാസ്ക, ഗ്രീന്‍ലന്‍ഡ്, ആന്‍ഡീസ് തുടങ്ങി ഭൂമിയിലെ പ്രധാനപ്പെട്ട 19 പ്രദേശങ്ങളിലെ മഞ്ഞുപാളികളെക്കുറിച്ചുള്ള വിവരങ്ങളാണ് പഠനത്തിന് അടിസ്ഥാനമാക്കിയത്

യൂറോപ്യന്‍ സ്പേസ് ഏജന്‍‍സിയുടെ ക്ലൈമറ്റ് ചെയ്ഞ്ച് ഇൻഷിയേറ്റീവിന്‍റെ ഭാഗമായിട്ടാണ് ഈ പഠനം നടന്നത്. കാലാവസ്ഥാ വ്യതിയാനം കൊണ്ടുണ്ടാകുന്ന മാറ്റങ്ങളുടെ വിവരങ്ങളുടെ ശേഖരണവും ക്രമീകരണവും രേഖപ്പെടുത്തലുമാണ് ക്ലൈമറ്റ് ചെയിഞ്ച് ഇൻഷിയേറ്റീവിന്‍റെ ലക്ഷ്യം. തുടര്‍ന്ന് ഈ വിവിരങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള പഠനങ്ങളില്‍‍ ഏര്‍പ്പെട്ടിരിക്കുന്ന ഗവേഷകര്‍ക്കു കൈമാറും.

സൂറിച്ച് സര്‍വകലാശാല ഭൗമശാസ്ത്രവിഭാഗം തലവന്‍‍ ഫ്രാങ്ക് പോളാണ് ഈ പഠനത്തിനു നേതൃത്വം നല്‍കിയത്. അമേരിക്കയുടെ ലാന്‍‍ഡ് സാറ്റ് വിഭാഗം സാറ്റ്‌ലെറ്റുകളാണ് യൂറോപ്യന്‍‍ സ്പേസ് ഏജന്‍‍സിയുമായുള്ള ധാരണ പ്രകാരം മഞ്ഞുപാളികളെ സംബന്ധിച്ച സാറ്റ്‌ലെറ്റ് ദൃശ്യങ്ങളും വിവരങ്ങളും നല്‍കിയത്. സമാനമായ ആവശ്യത്തിനായി കോപ്പര്‍നിക്കസ് സെന്‍റിനല്‍ 2 എന്ന സാറ്റ്‌ലെറ്റ് യൂറോപ്യന്‍ സ്പേസ് ഏജന്‍സി വിക്ഷേപിക്കാനും തീരുമാനിച്ചിട്ടുണ്ട്.