ആര്‍ട്ടിക് മേഖലയിൽ വേനല്‍ക്കാലം പാരമ്യതയിലേക്കെത്തും മുന്‍പ് തന്നെ മേഖലയിലെ ചൂട് കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. മഞ്ഞു മൂടി കിടന്നിരുന്ന പല താഴ്ന്ന പ്രദേശങ്ങളും ഇപ്പോള്‍ വെള്ളത്തില്‍ മുങ്ങിക്കടക്കുകയാണ്. മഞ്ഞിലൂടെ സ്ലെഡ് ഡോഗുകള്‍ എന്ന നായ്ക്കൂട്ടം വലിച്ചിരുന്ന വാഹനം ഇപ്പോള്‍ സഞ്ചരിക്കുന്നത് മുട്ടോളം വെള്ളത്തിലൂടെയാണ്. കഴിഞ്ഞ ആഴ്ച ആര്‍ട്ടിക്കില്‍ അനുഭവപ്പെട്ടത് സാധാരണയിലും 40 ഡിഗ്രി ഫാരന്‍ഹീറ്റ് അധികം ചൂടാണ്.

ആഗോളതാപനവുമായി ബന്ധപ്പെട്ട് ആര്‍ട്ടിക് മേഖലയിലുണ്ടാകുന്ന വിചിത്രമാറ്റങ്ങളിലൊന്നാണ് ഇപ്പോഴത്തെ ഈ കുത്തനെ ഉയര്‍ന്ന താപനില. കഴിഞ്ഞ ബുധനാഴ്ചയാണ് ആര്‍ട്ടിക്കില്‍ ഏറ്റവുമധികം ചൂടനുഭവപ്പെട്ട ദിവസം. ആര്‍ട്ടിക്കിലെ താപനിലയില്‍ ഉണ്ടാകുന്ന ഈ വ്യതിയാനം അവിടെ മാത്രമല്ല പ്രത്യാഘാതങ്ങളുണ്ടാക്കുകയെന്ന് ഗവേഷകര്‍ പറയുന്നു. ഗ്രീന്‍ലന്‍ഡ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ മഞ്ഞുരുക്കം പലമടങ്ങായാണ് വർധിച്ചിരിക്കുന്നത്. ഇത് കടല്‍ ജലനിരപ്പ് പ്രതീക്ഷിച്ചതിലും നേരത്തെ ഉയരാൻ കാരണമാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ആര്‍ട്ടിക്കിലെ താപനിലയില്‍ റെക്കോഡുകള്‍

ധ്രുവപ്രദേശങ്ങളിലെ കാലാവസ്ഥാ നിരീക്ഷണത്തിനുള്ള അമേരിക്കന്‍ സ്ഥാപനമായ നാഷണല്‍ സ്നോ ആന്‍ഡ് ഡേറ്റാ സെന്‍ററിന്‍റെ കണക്കുകള്‍ അനുസരിച്ച് ഗ്രീന്‍ലന്‍ഡില്‍ രണ്ടാമത്തെ ആഴ്ച അനുഭവപ്പെട്ട ചൂട് ആ സമയത്ത് അനുഭവപ്പെട്ടിട്ടുള്ള ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണ്. ജൂണ്‍ മൂന്നാം വാരത്തിലെ ചില ദിവസങ്ങളില്‍ മാത്രമാണ് മുന്‍പ് ഈ അളവില്‍ താപനില ഉയര്‍ന്നു നിന്നിട്ടുള്ളത്. അതും സമീപകാലത്ത് തന്നെയാണ്. ഒരു പക്ഷേ ഈ വാരം പിന്നിടുമ്പോഴേക്കും ഗ്രീന്‍ലന്‍ഡിലെ താപനിലയില്‍ പുതിയ റെക്കോര്‍ഡുകള്‍ ഉണ്ടായേക്കാമെന്നും ഗവേഷകര്‍ കണക്കു കൂട്ടുന്നു.

2012 ലാണ് മഞ്ഞുരുകലിന്‍റെ കാര്യത്തില്‍ ഇതുഅത് വരെയുള്ള ഗ്രീന്‍ലന്‍ഡിലെ റെക്കോര്‍ഡുകള്‍ മറികടന്ന് കുപ്രസിദ്ധി നേടിയ വര്‍ഷം. ഈ വര്‍ഷം ഇതുവരെയുണ്ടായ മാറ്റങ്ങള്‍ കണക്കിലെടുത്താല്‍ 2019 ആ വര്‍ഷത്തെ റെക്കോര്‍ഡുകള്‍ക്ക് ഒരു വെല്ലുവിളി തന്നെയാണെന്നാണ് ഗവേഷരുടെ അഭിപ്രായം. ജൂലൈ മാസം പിന്നിടുമ്പോഴേക്കും 2012 ലെ താപനില കണക്കുകള്‍ ഒന്നുമല്ലാതാകുമെന്നാണ് ബല്‍ജിയത്തിലെ ലീഷെ സര്‍വകലാശാലയിലെ ക്ലൈമറ്റോളജിസ്റ്റായ സേവ്യര്‍ ഫെറ്റിവസിന്‍റെ അഭിപ്രായം.

ആര്‍ട്ടിക്കിലെ കടല്‍ മഞ്ഞ്

കടല്‍ മഞ്ഞിന്‍റെ അളവിലും ആര്‍ട്ടിക്ക് ജൂണ്‍ രണ്ടാം വാരം ചരിത്രത്തിലെ ഏറ്റവും കുറവായിരുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. കാലാവസ്ഥാ ഉപഗ്രഹങ്ങള്‍ വഴി 1979 മുതല്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. പസിഫിക് സമുദ്രവുമായി ആര്‍ട്ടിക് സമുദ്രം ചേരുന്ന പ്രദേശത്താണ് മഞ്ഞിന്‍റെ അളവില്‍ ഏറ്റവുമധികം കുറവുണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ നഷ്ടപ്പെട്ട അളവില്‍ മഞ്ഞ് ഇനി ആര്‍ട്ടിക്കില്‍ തിരികെ രൂപപ്പെടുക ഏറെക്കുറെ അസാധ്യമായിരിക്കും.

ആര്‍ട്ടിക്കിന് മുകളില്‍ നില്‍ക്കുന്ന ഉയര്‍ന്ന മര്‍ദ മേഖലയാണ് കടല്‍ മഞ്ഞുപാളിയുടെ അളവില്‍ കുറവുണ്ടാകാന്‍ കാരണമെന്നാണ് വിലയിരുത്തുന്നത്. ഈ മര്‍ദം മൂലം ആര്‍ട്ടിക്കിലെ അലാസ്കന്‍ തീരത്തുള്ള മഞ്ഞുപാളികള്‍ കൂടുതല്‍ തെക്കോട്ട് അതായത് പസിഫിക്കിലേക്ക് തള്ളിനീക്കപ്പെടുകയാണ്. അമേരിക്കന്‍ റഷ്യന്‍ സമുദ്രാതിര്‍ത്തിയായ ബേറിങ് സ്ട്രേയ്റ്റില്‍ നിന്ന് അലാസ്കയിലെ നഗരമായ ഉറ്റ്കിയാഗ്വികിലേക്ക് കപ്പലില്‍പോകാം എന്ന സ്ഥിതിയാണ്. മഞ്ഞ് മൂടിക്കിടന്ന ഈ പ്രദേശമെല്ലാം ഇപ്പോള്‍ സമുദ്രമേഖലയാണ്.

ആര്‍ട്ടിക്കിലെ ഈ മാറ്റങ്ങള്‍ ഒട്ടും ശുഭകരമായ സൂചനകളല്ല തരുന്നത്. കാരണം ആര്‍ട്ടിക്കിലെ ഈ വലിയ രീതിയിലുള്ള മഞ്ഞുരുക്കം ആ മേഖലയെ മാത്രമല്ല ബാധിക്കുക. ലോകം മുഴുവനുള്ള കാലാവസ്ഥാ മാതൃകകളെ അട്ടിമറിയ്ക്കാന്‍ പോന്നതാണ് ആര്‍ട്ടിക്കിലുണ്ടാകുന്ന ഈ മാറ്റങ്ങള്‍. ചൂട് വർധിച്ചാല്‍ ആര്‍ട്ടിക്കിലെ താപ, ശൈത്യ വാതങ്ങളുടെ ഗതിയെ അത് തടസ്സപ്പെടുത്തും. സ്വാഭാവികമായി ഭൂമി മുഴുവന്‍ കാറ്റിന്‍റെയും സമുദ്രത്തിന്‍റെ ഒഴുക്കിന്‍റെയും ഗതിമാറ്റുന്ന നിലയിലേക്കാകും ഈ സംഭവ വികാസങ്ങള്‍ ചെന്നെത്തുക.