ഭയാനകമായ ജലദൗര്‍ലഭ്യത്തിലേക്കാണ് ഇന്ത്യയിലെ ചില പ്രദേശങ്ങള്‍ നീങ്ങുന്നതെന്ന് കണക്കുകള്‍. രാജ്യത്തെ ഏറ്റവുമധികം വരള്‍ച്ചാ ഭീഷണിയുള്ള പ്രദേശങ്ങളായി കണക്കാക്കുന്ന രാജസ്ഥാന്‍, ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ തന്നെയാണ് ജലദൗര്‍ലഭ്യം ഏറ്റവുമധികം പ്രതിസന്ധി സൃഷ്ടിക്കുമെന്നു മുന്നറിയിപ്പു ലഭിച്ചരിക്കുന്നത്. രാജ്യത്തെ ഏറ്റവുമധികം ജനസാന്ദ്രതയുള്ള നഗരങ്ങളായ ഡൽഹി, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു എന്നിവയും ഭൂഗര്‍ഭജലം അപ്രത്യക്ഷമാകാന്‍ പോകുന്ന നഗരങ്ങളുടെ പട്ടികയിലുണ്ട്.

കേന്ദ്രസര്‍ക്കാരിന്‍റെ ആസൂത്രണ വിഭാഗ സ്ഥാപനമായ നീതി ആയോഗാണ് ഭൂഗര്‍ഭജലം ഉടന്‍ വറ്റുമെന്ന് കരുതുന്ന 21 നഗരങ്ങളുടെ പട്ടിക പുറത്തു വിട്ടത്. ഈ 21 നഗരങ്ങളിലായി ഏതാണ്ട് 20 കോടി ജനങ്ങളെ ജലദൗര്‍ലഭ്യം നേരിട്ടു ബാധിക്കുമെന്നാണ് കരുതുന്നത്. കൂടാതെ ഇന്ത്യന്‍ ജനസംഖ്യയുടെ ഏതാണ്ട് 40 ശതമാനത്തിനും 2030 ആകുമ്പോഴേക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാകില്ലെന്നും നീതി ആയോഗിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 എന്നത് ഇനി അധികം ദൂരെയല്ലെന്നിരിക്കെ ചെന്നൈ പോലുള്ള നഗരങ്ങളില്‍ ഇപ്പോള്‍ തന്നെ ജലക്ഷാമം അതി രൂക്ഷമാണ്.

ചെന്നൈയിലെ പ്രതിസന്ധി

എത്ര ടാങ്കര്‍ ലോറികളെത്തിയാലും വെള്ളം തികയാത്ത അവസ്ഥയാണ് ഇപ്പോള്‍ ചെന്നൈ നഗരത്തിലേത്. നഗരത്തിലെ ഉപയോഗ യോഗ്യമായിരുന്ന കിണറുകള്‍ കൂടി വറ്റിയതോടെ പൈപ്പിലൂടെ ലഭിക്കുന്ന റേഷനു സമാനമായ വെള്ളം കഴിഞ്ഞാല്‍ പിന്നെ ആശ്രയം ടാങ്കര്‍ ലോറികളാണ്. കൊടും ചൂടില്‍ പലരും ഒരു ദിവസത്തെ പണി പോലും ഉപേക്ഷിച്ചാണ് വെള്ളത്തിനു വേണ്ടി പ്ലാസ്റ്റിക് ബക്കറ്റുകളും കുടങ്ങളുമായി വരി നില്‍ക്കുന്നത്. ഐടി മേഖലയിലെ പല കമ്പനികളും ഓഫിസില്‍ വെള്ളം ഇല്ലാത്തതിനെ തുടര്‍ന്ന് ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

നഗരത്തിലെ തന്നെ പലസ്ഥലങ്ങളിലും വെള്ളത്തിനു വേണ്ടിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ക്രമസമാധാന പ്രശ്നങ്ങളുമുണ്ടായി. ഇതോടെ റായ്പേട്ട പോലുള്ള ചില സ്ഥലങ്ങളില്‍ ടാങ്കര്‍ ലോറിയില്‍ നിന്നു വെള്ളം ശേഖരിക്കുന്നതിനായി ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 

ഡീസാലിനേഷന്‍

ചെന്നൈയിലെ ജല ദൗര്‍ലഭ്യം പരിഹരിക്കാന്‍ അധികൃതര്‍ പ്രധാനമായി മുന്നോട്ടു വയ്ക്കുന്ന മാര്‍ഗം കടല്‍ വെള്ളത്തിലെ ഉപ്പു മാറ്റി എടുക്കുകയെന്നതാണ്. എന്നാല്‍ ഈ മാര്‍ഗം ചെലവേറിയതു മാത്രമല്ല ചെന്നൈ പോലൊരു നഗരത്തിന് ആവശ്യമുള്ളത്ര വെള്ളം ശേഖരിക്കുന്നത് എളുപ്പമാകില്ലെന്നും ഗവേഷകര്‍ പറയുന്നു. അധികൃതര്‍ ശ്രമിക്കുന്നത് ജല ചൂഷണം തുടരുന്നതിനാണ്. അതേസമയം വാട്ടര്‍ ഹാര്‍വെസ്റ്റിങ് പോലെയുള്ള മാര്‍ഗത്തിലൂടെ ഭൂഗര്‍ഭജലം പുനസ്ഥാപിക്കാന്‍ കഴിയുമെന്ന കാര്യം ഇവര്‍ മനപൂര്‍വം മറക്കുന്നുവെന്നാണ് ദേശീയ ജല അക്കാദമി പ്രഫസര്‍ മനോഹര്‍ ഖുശ്‌ലാനി കുറ്റപ്പെടുത്തുന്നത്.

അതേസമയം രാജ്യവ്യാപകമായി ജലപ്രതിസന്ധി ഉണ്ടാകുമെന്ന് നീതി ആയോഗ് തന്നെ വ്യക്തമക്കിയിട്ടും ചിലരെങ്കിലും അത് അംഗീകരിക്കാൻ മടികാണിക്കുന്നുണ്ട്. രാജ്യത്തിന്‍റെ വലിയൊരു പ്രദേശം കടുത്ത ജലക്ഷാമം നേരിടുമ്പോഴാണ് അതിനെ മുഴുവന്‍ അവഗണിച്ച് കൊണ്ടുള്ള പ്രസ്താവനകൾ. ഈ സമയത്ത് തന്നെയാണ് തഞ്ചാവൂരില്‍ പൈപ്പില്‍ നിന്ന് കൂടുതല്‍ വെള്ളമെടുത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതും മഹാരാഷ്ട്രയിലെ ഭീഡ് മേഖലയിലെ 20 ഗ്രാമങ്ങളില്‍ നിന്ന് ആളുകള്‍ വരള്‍ച്ച മൂലം കൂട്ടത്തോടെ ഒഴിഞ്ഞു പോയതുമെന്നതും ശ്രദ്ധേയമാണ്.