ഡൽഹി നഗരത്തെ വീണ്ടും പൊള്ളിച്ച് ഉഷ്ണക്കാറ്റ്. ഇന്നലെ വീശിയടിച്ച കാറ്റ് താപനില 44 ഡിഗ്രിയിലെത്തിച്ചു. ഇന്നും സമാന അവസ്ഥ തുടരുമെന്നാണു സൂചന. ഇതിനിടെ നഗരത്തിൽ മഴ ഈ നാളെയോ ബുധനാഴ്ചയോ എത്തുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ  പ്രവചനം. 

ശനിയാഴ്ച കൂടിയ താപനില 42.3 ഡിഗ്രിയാണു രേഖപ്പെടുത്തിയത്. രണ്ടു ദിവസം ഉഷ്ണക്കാറ്റ് വീശുമെന്നു കാലാവസ്ഥാ നിരീക്ഷണം  കഴിഞ്ഞ ദിവസം മുന്നറിയിപ്പു നൽകുകയും റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇന്നലെ കുറ‍ഞ്ഞ താപനില 33 ഡിഗ്രിയാണു രേഖപ്പെടുത്തിയത്. വ്യാഴാഴ്ച ശക്തമായ മഴയെത്തുമെന്നും നാളെയും ബുധനാഴ്ചയും നേരിയ മഴ പെയ്യുമെന്നുമാണു പ്രവചനം. 

വേനൽ അവധി എട്ട് വരെ

ഉഷ്ണക്കാറ്റ് വീശുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂളുകളുടെ അവധി നീട്ടി. എട്ടാം ക്ലാസ് വരെയുള്ളവരുടെ ക്ലാസുകൾ 8–ാം തീയതിയാകും ക്ലാസ് ആരംഭിക്കുക. വേനലവധിക്കു ശേഷം ഇന്നു മുതൽ ക്ലാസ് ആരംഭിക്കാനാരിക്കുകയായിരുന്നു. ‘ഡൽഹിയിലെ ചൂട് പതിവിലും വർധിച്ചിരിക്കുകയാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് അനുസരിച്ചു അവധി നീട്ടാൻ തീരുമാനിച്ചിരിക്കുന്നു’ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.  നഗരത്തിലെ സർക്കാർ, സ്വകാര്യ സ്കൂളുകൾക്ക് ഇതു ബാധകമായിരിക്കും.