കടുത്ത വേനലിന് അകമ്പടിയായെത്തിയ ചൂട് കാറ്റില്‍ ഇന്ത്യയില്‍ മരണമടഞ്ഞത് നൂറിലേറെ പേരാണ്. രാജ്യത്ത് പ്രത്യേകിച്ചും ഉത്തരേന്ത്യയില്‍ മെയ് ജൂണ്‍ മാസങ്ങളില്‍ ഉഷ്ണക്കാറ്റ് സാധാരണമാണെങ്കിലും മരണസംഖ്യ ഇത്രയധികം ഉയരുന്നത് ആശങ്കപ്പെടുത്തുന്നു. എന്നാല്‍ ഉഷ്ണക്കാറ്റിന്‍റെ തോത് ഇത്തവണത്തേക്കാളും വരും വര്‍ഷങ്ങളില്‍ വർധിച്ചേക്കുമെന്ന സൂചനയാണ് ഗവേഷകര്‍ നല്‍കുന്നത്. ഈ കണക്കു കൂട്ടലുകള്‍ ശരിയാണെങ്കില്‍ രാജ്യത്തെ കാത്തിരിക്കുന്നത് വലിയൊരു പ്രതിസന്ധി തന്നെയാണ്.

രാജ്യത്തെ ജനങ്ങളില്‍ വലിയൊരു വിഭാഗത്തിന് സ്വന്തം ഗ്രാമങ്ങളും കിടപ്പാടങ്ങളും ഉപേക്ഷിക്കേണ്ടി വരുമെന്നാണ് മാറുന്ന കാലാവസ്ഥ നല്‍കുന്ന സൂചന. വിവിധ സംസ്ഥാനങ്ങളിലായി വലിയൊരു ഭൂപ്രദേശം മനുഷ്യവാസയോഗ്യമല്ലാതായി മാറുന്നുവെന്നാണ് ഇന്‍റര്‍ ഗവര്‍മെന്‍റ് പാനല്‍ ഫോര്‍ ക്ലൈമറ്റ് ചെയ്ഞ്ചിന്‍റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ചൂട് കാറ്റിന്‍റെ കാഠിന്യം മാത്രമല്ല ചൂട് കാറ്റു വീശുന്ന ദിവസങ്ങളുടെ എണ്ണവും ഇന്ത്യയിലെ വേനല്‍ക്കാലത്തിന്‍റെ ദൈര്‍ഘ്യം തന്നെയും വർധിക്കുമെന്നാണ് ഐപിസിസി റിപ്പോര്‍ട്ട്. 

ഇന്ത്യ ദുരന്തമുഖത്ത്

കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ആഘാതം ഏറ്റവുമധികം ബാധിക്കുന്ന പ്രദേശങ്ങളിലൊന്നാകും ഇന്ത്യയെന്നാണ് ഐപിസിസി പ്രവചിക്കുന്നത്. നിലവിലുള്ളതില്‍ നിന്നും കാര്‍ബണ്‍ വ്യതിയാനം ഇനി ലോകരാജ്യങ്ങള്‍ കുറച്ചാലും ഇന്ത്യ പോലുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ ശരാശരി താപനിലയിലുണ്ടാകുന്ന വർധനവ് തടയാനാകില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. ലോകശരാശരയില്‍ നിന്നു പോലും ഉയര്‍ന്നു നില്‍ക്കുന്ന തരത്തിലുള്ള വർധനവായിരിക്കും രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ഉണ്ടാകാന്‍ പോകുന്നത്. ഇതു തന്നെയാണ് വൈകാതെ ഇന്ത്യയുടെ പല ഭാഗങ്ങളും മനുഷ്യവാസ യോഗ്യമല്ലാതായി തീരും എന്ന നിഗമനത്തില്‍ ഗവേഷകരെത്താന്‍ കാരണവും. 

കാര്‍ബണ്‍ ബഹിര്‍ഗമനത്തിലുണ്ടാകുന്ന കുറവ് കൂടി പരിഗണിച്ചാലും താപനില വർധനവ് ഭയാനകമാണ്. ഈ കുറവുണ്ടായില്ലെങ്കില്‍ താപനിലയിലുണ്ടാകുന്ന മാറ്റം അതി ഭീകരമായിരിക്കുമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ എല്‍ഫെയ്ത് ഇത്താഹിര്‍ എന്ന ഗവേഷകന്‍ പറയുന്നു. ഇക്കുറി രാജ്യതലസ്ഥാനമായ ഡൽഹിയില്‍ രേഖപ്പെടുത്തിയ ശരാശരി താപനില 48 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. ഇത് സര്‍വകാല റെക്കോഡാണ്. രാജസ്ഥാനിലാകട്ടെ ഇക്കുറി രേഖപ്പെടുത്തിയ മനുഷ്യവാസമുള്ള മേഖലയിലെ ഉയര്‍ന്ന താപനില 50.6 ഡിഗ്രി സെല്‍ഷ്യസും.

രാജസ്ഥാനും ഡൽഹിയും മാത്രമല്ല ഗുജറാത്ത്, ഹരിയാന, ഉത്തര്‍പ്രദേശ് ബിഹാര്‍ തുടങ്ങിയ മേഖലകളും ഇക്കുറി തീഷ്ണമായ ഉഷ്ണക്കാറ്റിന്‍റെ പൊള്ളലേറ്റ സംസ്ഥാനങ്ങളാണ്. ഈ സംസ്ഥാനങ്ങളില്‍ ഒരാഴ്ചയോളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വരെ അവധി നല്‍കിയിരുന്നു. കൂടാതെ ഉച്ചസമയത്ത് വീടിന് പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശം പോലും അധികൃതര്‍ക്ക് പുറപ്പെടുവിക്കേണ്ടി വന്നു. ഈ സമയത്ത് തന്നെയാണ് ട്രെയിനില്‍ യാത്ര ചെയ്ത മൂന്ന് പേര്‍ മധ്യപ്രദേശില്‍ വച്ച് കൊടും ചൂടിനെ തുടര്‍ന്ന് മരണപ്പെട്ടതും. 

ഇന്ത്യയൊട്ടാകെ എത്തുന്ന ഉഷ്ണക്കാറ്റ്.

ഇപ്പോള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രമാണെങ്കില്‍ വൈകാതെ ദക്ഷിണേന്ത്യ ഒഴികെയുള്ള ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും ഉഷ്ണക്കാറ്റിന്‍റെ പ്രഹരം അറിയുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. പ്രത്യേകിച്ച് മധ്യ ഇന്ത്യയും കിഴക്കന്‍ ഇന്ത്യയും. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ അസ്സമിലും ഉഷ്ണക്കാറ്റെത്തുമെന്ന് ഗവേഷകര്‍ വിശദീകരിക്കുന്നു. 

ഇന്ത്യ മാത്രമല്ല യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലുമായി നിരവധി രാജ്യങ്ങളാണ് ഇക്കുറി ഉഷ്ണക്കാറ്റില്‍ വലഞ്ഞത്. മെഡിറ്ററേനിയന്‍ മേഖലയിലുണ്ടായ ഉഷ്ണക്കാറ്റ് ഇത്തവണ ഏറ്റവുമധികം ആഘാതമേല്‍പ്പിച്ചത് സ്പെയ്നിലാണ്. ഫ്രാന്‍സിൽ 45 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇക്കുറി താപനിലയെത്തിയത്. ആഫ്രിക്കയില്‍ സിംബാ‌ബ്‌വെയാണ് സമാനമായ ദുരവസ്ഥ നേരിട്ട മറ്റൊരു രാജ്യം. ഇന്ത്യയുടെ അയല്‍രാജ്യമായ നേപ്പാളിന്‍റെ താഴ്‌വാര മേഖലയും ഇക്കുറി ഉഷ്ണക്കാറ്റില്‍ വലഞ്ഞു. ഇങ്ങനെ ലോകമൊട്ടാകെ നോക്കിയാല്‍ നിരവധി മേഖലകളാണ് ഉഷ്ണക്കാറ്റിന്‍റെ ആഘാതത്തില്‍ പ്രതിസന്ധിയിലായത്. 

ഇനി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചാലും ആഗോള താപനില പാരിസ് ഉച്ചകോടി പ്രകാരം നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് ഐപിസിസി റിപ്പോര്‍ട്ട് വിലയിരുത്തുന്നു. 2100 ആകുമ്പോഴേയ്ക്കും നിലവിലുള്ളതിലും 2 ഡിഗ്രി സെല്‍ഷ്യസെങ്കിലും ചുരുങ്ങിയ ആഗോളതാപനില ഉയരുമെന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ കുറവുണ്ടായില്ലെങ്കിൽ ഈ വർധനവ് 4.5 ഡിഗ്രി സെല്‍ഷ്യസ് വരെയാകാം.