അന്തരീക്ഷ മര്‍ദ്ദം ശക്തിയാര്‍ജ്ജിച്ചതോടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനില ഭീഷണിയില്‍ അലാസ്ക.അതിശക്തമായ മര്‍ദം അലാസ്കയുടെ ആകാശത്ത് രൂപപ്പെട്ടതോടെയാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയിലേക്ക് പ്രദേശം നീങ്ങുന്നത്. വരും ദിവസങ്ങളില്‍ അലാസ്കയിലെ ഇതു വരെയുള്ള ഉയര്‍ന്ന താപനില റെക്കോഡുകള്‍ തിരുത്തി കുറിക്കപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നത്. ആര്‍ട്ടിക്കിനോടു ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ശൈത്യമേഖലയായ അലാസ്കയില്‍ അടുത്തിടെയുണ്ടായ കാലാവസ്ഥാ മാറ്റങ്ങളുടെ തുടര്‍ച്ചയായാണ് ഈ ഉയര്‍ന്ന കാലാവസ്ഥ മര്‍ദം രൂപപ്പെട്ട പ്രതിഭാസത്തെയും ഗവേഷകര്‍ വിലയിരുത്തുന്നത്.

ഇപ്പോള്‍ തന്നെ ശരാശരിയിലും ഉയര്‍ന്ന താപനിലയാണ് അലാസ്കയില്‍ അനുഭവപ്പെടുന്നത്. ഇതിനു പുറമെയാണ് ശക്തിയാര്‍ജിക്കുന്ന അന്തരീക്ഷ മര്‍ദം മൂലം താപനില ഉയരുമെന്നും കണക്കു കൂട്ടുന്നത്. ഏതാനും ദിവസങ്ങള്‍ വരെ ഈ ഉയര്‍ന്ന താപനനില നീണ്ടു നില്‍ക്കുമെന്നും  ഇത് അലാസ്കയെ സംബന്ധിച്ച് റെക്കോഡ് നിലയില്‍ താപനില ഉയരുമെന്നുമാണ് നിരീക്ഷകര്‍ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. ജൂലൈ 6 മുതല്‍ 9 വരെയുള്ള ദിവസങ്ങളില്‍ താപനില 90 ഫാരന്‍ഹീറ്റ് വരെ എത്തിയേക്കാമെന്നാണ് കരുതുന്നത്. 1969 ല്‍ 5 ദിവസം തുടര്‍ച്ചയായി അനുഭവപ്പെട്ട 85 ഫാരന്‍ഹീറ്റ് ആണ് അലാസ്കയില്‍ ഇതു വരെയുണ്ടായ ഏറ്റവും ഉയര്‍ന്ന താപനില. 

90 ഫാരന്‍ഹീറ്റ് എന്നത് അലാസ്കയിലെ ശരാശരി താപനില ആയിരിക്കുമെന്നും അലാസ്കയിലെ തന്നെ പല പ്രദേശങ്ങളിലും 90 മുതല്‍ 93 ഫാരന്‍ ഹീറ്റ് ചൂടു വരെ അനുഭവപ്പെട്ടേക്കാമെന്നും ദേശീയ കാലാവസ്ഥ ഏജന്‍സി മുന്നറിയിപ്പു നല്‍കുന്നു. പകല്‍ മാത്രമല്ല രാത്രി പോലും മേഖലയിലെ ശരാശരി താപനില വരും ദിവസങ്ങളില്‍ ഉയര്‍ന്നു തന്നെ നില്‍ക്കുമെന്നാണ് കണക്കാക്കുന്നത്. 65 ഫാരന്‍ ഹീറ്റിന് താഴേക്ക് രാത്രിയിലെ ശരാശരി താപനില താഴില്ലെന്നാണ് ഗവേഷകര്‍ കണക്കു കൂട്ടുന്നത്. ഇതും ഇതുവരെയുള്ള കണക്കുകള്‍ വച്ചു നോക്കിയാല്‍ സര്‍വകാല റെക്കോഡാണ്.

അന്തരീക്ഷ മര്‍ദവും താപവാതവും

അന്തരീക്ഷ മര്‍ദം ഉയര്‍ന്നു നില്‍ക്കുന്നതോടെ പ്രദേശത്ത് നിന്നുള്ള തണുത്ത കാറ്റ് അകലുന്നതും ചൂട് കാറ്റ് മേഖലയിലേക്ക് എത്തുന്നതുമാണ് ഈ ഉയര്‍ന്ന താപനിലയ്ക്ക് കാരണമാകുന്നത്. ജൂണ്‍ മാസം മുതല്‍ തന്നെ ചൂട് കാറ്റു മൂലമുള്ള പ്രതിസന്ധികളിലൂടെ അലാസ്ക കടന്നു പോവുകയാണ്. ഇതിനൊടുവിലാണ് ഇപ്പോള്‍ അന്തരീക്ഷ മര്‍ദം ശക്തമാകുന്നത് മൂലം താപനില വീണ്ടും വർധിക്കുന്നതും. അമേരിക്കയുടെ ഏറ്റവും വടക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന യുഎസ് സംസ്ഥാനമായ അലാസ്കയില്‍ കഴിഞ്ഞ ഒരു മാസമായി കാട്ടുതീ പോലും നിത്യസംഭവമായി മാറിയിരിക്കുകയാണ്. മേഖലയിലുള്ള മഞ്ഞുപാളിയുടെ അളവാകട്ടെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ അളവിലും. 

ജൂണും ജൂലൈയും വേനല്‍ മാസങ്ങളാണെന്നതിനാലാണ് ഉയര്‍ന്ന ചൂടെന്ന് ആശ്വസിക്കാന്‍ പോലും ഈ വര്‍ഷം ആദ്യം മുതലുള്ള കണക്കുകള്‍ അനുവദിക്കുന്നില്ല. കാരണം ഡിസംബറും ജനുവരിയും ഫെബ്രുവരിയും ഉള്‍പ്പെട്ട ശൈത്യകാലമാസങ്ങളിലും  ശരാശരി താപനില ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ഉയര്‍ന്നതായിരുന്നു. ഇതിനു ശേഷമുള്ള വസന്തകാലത്തിലും സ്ഥിതി ഗതികള്‍ വ്യത്യസ്തമായിരുന്നില്ല. അലാസ്ക മാത്രമല്ല തെക്കു പടിഞ്ഞാറന്‍ അമേരിക്കന്‍ സംസ്ഥാനങ്ങള്‍, യൂറോപ്പ് എന്നിവിടങ്ങളിലും ഈ വര്‍ഷം താപവാതങ്ങള്‍ സാരമായ കാലാവസ്ഥമാ മാറ്റത്തിനാണു വഴി വച്ചിരിക്കുന്നത്. 

അലാസ്കയിലെ അന്തരീക്ഷ മര്‍ദം വർധിക്കാന്‍ കാരണം

കരയോട് ചേര്‍ന്നുള്ള കടല്‍ഭാഗങ്ങളിലെ താരതമ്യേന ഉയര്‍ന്ന ചൂടും പ്രദേശത്തേക്കെത്തിയ സൂര്യതാപത്തിന്‍റെ അളവിന്‍റെ ശരാശരിയിലുണ്ടായ വർധനവും ഈ വര്‍ഷം ആദ്യം മുതല്‍ നിലനിന്ന ഉയര്‍ന്ന താപനിലയുമാണ് അന്തരീക്ഷ മര്‍ദം ശക്തമാകാന്‍ കാരണമെന്നാണ് ഗവേഷകര്‍ വിവരിക്കുന്നത്. അന്തരീക്ഷ മര്‍ദം ശക്തി പ്രാപിച്ചതോടെ മേഖലയിലെ താപനിലയും ഇതിന്‍റെ ഫലമായി കൂടുതല്‍ ശക്തിയാര്‍ജിക്കുകയാണ് ചെയ്തതെന്ന് ഗവേഷകര്‍ പറയുന്നു.