തീനാളത്തിന്‍റെ അരികില്‍ മഞ്ഞുകട്ട വച്ചാല്‍ ഉരുകുന്നതിനു സമാനമായ വേഗത്തിലാണ് ജൂലൈ മാസത്തിലെ ചൂടില്‍ ഗ്രീന്‍ലന്‍ഡിലെ മഞ്ഞുപാളികള്‍ ഉരുകിയത്. ഇക്കാര്യം പറയുന്നത് പരിസ്ഥിതി പ്രവര്‍ത്തകരല്ല മറിച്ച് ഗ്രീന്‍ലന്‍ഡിലെ താപനിലയെ ശാസ്ത്രീയമായി വിലയിരുത്തുന്ന ഗവേഷകര്‍ തന്നെയാണ്. മഞ്ഞുപാളികളുടെ നാട് എന്നു വിളിക്കുന്ന ഗ്രീന്‍ലന്‍ഡിലെ മഞ്ഞുരുക്കത്തിന്‍റെ വേഗം അതിശയിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമാണെന്ന് ഗവേഷകര്‍ പറയുന്നു. അന്‍പത് വര്‍ഷത്തിന് ശേഷം അതായത് 2070 തില്‍ മഞ്ഞുരുകും എന്നു കരുതിയ വേഗത്തിലാണ് ജൂലൈ മാസത്തില്‍ ഗ്രീന്‍ലൻഡിൽ മഞ്ഞ് അപ്രത്യക്ഷമായതെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

1950 മുതലാണ് ഗ്രീന്‍ലൻഡിലെ മഞ്ഞുരുക്കം ശാസ്ത്രലോകം കണക്കാക്കാന്‍ തുടങ്ങിയത്. അന്ന് മുതലുള്ള കണക്കു പരിശോധിച്ചാല്‍ ഗ്രീന്‍ലന്‍ഡില്‍ ഒരു ദിവസം കൊണ്ട് ഏറ്റവുമധികം മഞ്ഞ് നഷ്ടമായത് ഓഗസ്റ്റ് ഒന്നിനാണ്. 12.5 ബില്യണ്‍ അഥവാ 1250 കോടി ടണ്‍ മഞ്ഞാണ് ഓഗസ്റ്റ്  ഒന്നിന് ഗ്രീന്‍ലൻഡിൽ നിന്ന് ഉരുകി കടലിലേക്കൊഴുകിയത്. ഗ്രീന്‍ലൻഡിന്റെ മഞ്ഞുരുക്കത്തിലുണ്ടായ ഈ നാടകീയ മാറ്റം സൂചിപ്പിക്കുന്നത് ഇനി തിരിച്ചു വരവില്ലാത്ത ഒരു ചൂടുകാലത്തേക്ക് ഭൂമി കാലെടുത്തു വയ്ക്കുന്നു എന്നു തന്നെയാണ്.

ഗ്രീന്‍ലൻഡിലുണ്ടാകുന്ന ഈ മാറ്റം ലോകത്തെമ്പാടുമുള്ള മനുഷ്യരെ ബാധിക്കും എന്നുറപ്പിച്ച് പറയാനാകും. കാരണം ഗ്രീന്‍ലൻഡിലെ മഞ്ഞ് ഇത്തരത്തില്‍ ഉരുകി പൂര്‍ണമായും കടിലേക്കെത്തുന്നതോടെ ജലനിരപ്പ് ഏതാനും മീറ്ററുകള്‍ തന്നെ ഉയരും. അതായത് ലോകത്തെ മൂന്നിലൊന്ന് വന്‍നഗരങ്ങള്‍ കടലെടുക്കുമെന്ന് ചുരുക്കം. ഈ പറഞ്ഞത് ഗ്രീന്‍ലൻഡിലെ മാത്രം മഞ്ഞുരുകിയുണ്ടാകുന്ന കടല്‍പ്പെരുപ്പത്തെ കുറിച്ചാണ്. ഇതിനു സമാനമായ മഞ്ഞുരുകല്‍ ആര്‍ട്ടിക്കിലും അന്‍റാര്‍ട്ടിക്കിലും പ്രതീക്ഷിക്കാം. ഒപ്പം ഹിമാലയം ഉള്‍പ്പെടെ മഞ്ഞുപാളികളുള്ള പര്‍വതങ്ങളിലും ഈ മാറ്റം പ്രകടമാകും. അതായത് കടലിലെ ജലനിരപ്പ് വർധിക്കുന്നതിനൊപ്പം നദികളിലെ വെള്ളപ്പൊക്ക സാധ്യതയും ശേഷമുള്ള വരള്‍ച്ചയുമെല്ലാം പ്രതീക്ഷിക്കണമെന്നു സാരം.

5 ദിവസത്തിനുള്ളില്‍ 55 ബില്യണ്‍ ടണ്‍ ജലം

ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയാണ് ഗ്രീന്‍ലൻഡ് ഉള്‍പ്പെടുന്ന ആര്‍ട്ടിക് പ്രദേശത്തെ മഞ്ഞുരുകല്‍ ഏറ്റവും വേഗത്തിലാകുന്നത്. ഇതില്‍ ഏറ്റവുമധികം മഞ്ഞുരുക്കമുണ്ടാകുന്നത് ജൂലൈ മാസത്തിലാണ്. പക്ഷേ ഗ്രീന്‍ലൻഡിൽ ഈ വേനല്‍ക്കാലത്തുണ്ടായ മഞ്ഞുരുക്കം  അസാധാരണമായിരുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. ജൂലൈ 30 മുതല്‍ ഓഗസ്റ്റ് 3 വരെയുള്ള 5 ദിവസം ഗ്രീന്‍ലൻഡിലെ 90 ശതമാനം പ്രദേശത്തു നിന്നും മഞ്ഞുരുകിയൊലിച്ചു. ഇവിടെ അഞ്ച് ദിവസം കൊണ്ട് കടലിലേക്കെത്തിയത് 5500 കോടി ടണ്‍ ജലമാണ്.

ഇതിന് മുന്‍പ് 2012 ലാണ് സമാനമായ മഞ്ഞുരുകല്‍ ഗ്രീന്‍ലൻഡിൽ ഉണ്ടായത്. അതേസമയം ഇക്കുറി 2012 ലേതില്‍ നിന്നും മൂന്ന് ആഴ്ചയ്ക്കു മുന്‍പേ മഞ്ഞുരുക്കം ആരംഭിച്ചതായി ഗവേഷകര്‍ പറയുന്നു. ഇതിനു കാരണം യൂറോപ്പിലാകെ വീശിയ താപക്കാറ്റ് സൃഷ്ടിച്ച താപനിലയിലെ വർധനവാണ്. ഈ താപക്കാറ്റ് മൂലം ഗ്രീന്‍ലൻഡിൽ പലയിടങ്ങളിലും മഞ്ഞുരുകി ചെറിയ തടാകങ്ങള്‍ മഞ്ഞിനു മുകളില്‍ തന്നെ രൂപപ്പെട്ടു. ഈ തടാങ്ങളാകട്ടെ മഞ്ഞ് സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതിന് തടസ്സമാകുകയും ഇവയുടെ ഇരുണ്ട നിറം കൂടുതല്‍ സൂര്യപ്രകാശം ആഗിരണം ചെയ്യുകയും ചെയ്തു. ഇത് പ്രദേശത്തെ അന്തരീക്ഷ താപനില വർധിക്കാനും അതുവഴി മഞ്ഞുരുകൽ ക്രമാതീതമായി ഉയരാനും കാരണമായെന്നാണ് ഗവേഷകര്‍ വിശ്വസിക്കുന്നത്.

ഗ്രീന്‍ലൻഡിലെ മഞ്ഞു മൂടിയ പ്രദേശങ്ങളെ മാത്രമല്ല യൂറോപ്പിലെയും ഗ്രീന്‍ലൻഡിലെയും പെര്‍മാഫ്രോസ്റ്റ് മേഖലയേയും ഇക്കുറി ഉണ്ടായ താപനില വർധനവ് വല്ലാതെ ഉലച്ചിട്ടുണ്ട്. മനുഷ്യര്‍ ഹരിതഗ്രഹ വാതകത്തിന്‍റെ ഉപയോഗം കുറച്ചില്ലെങ്കില്‍ 2070 ഓടെ ഉണ്ടാകുമെന്ന് ഗവേഷകര്‍ പ്രവചിച്ചിരുന്ന മാറ്റങ്ങളാണ് ഇവയെല്ലാം. പക്ഷേ 50 വര്‍ഷം മുന്‍പേ ഈ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടത് ശാസ്ത്രലോകത്തെ തന്നെ അതിശയിപ്പിച്ചിരിക്കുകയാണ്. ഈ അവസ്ഥ അടുത്ത വര്‍ഷവും ആവര്‍ത്തിക്കും എന്ന കാര്യത്തില്‍ ഗവേഷകര്‍ക്ക് ഉറപ്പില്ല. എന്നാൽ രണ്ടോ മൂന്നോ വര്‍ഷങ്ങളുടെ ചെറിയ ഇടവേളകളില്‍ ഈ പ്രതിഭാസങ്ങള്‍ എന്തായാലും നേരിടേണ്ടി വരുമെന്ന് അവര്‍ പറയുന്നു. ഒരു പക്ഷേ എല്ലാ വര്‍ഷവും ഇതേ അനുഭവം ഉണ്ടായാലും അദ്ഭുതപ്പെടേണ്ടെന്ന് മുന്നറിയിപ്പു നല്‍കുന്ന ഗവേഷകരുടെ എണ്ണവും ചെറുതല്ല.