മഴ കനത്തതോടെ ഇന്ത്യയുടെ തെക്കന്‍ മേഖലയുള്‍പ്പെടെയുള്ള ലോകത്തെ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ പലയിടതത്തും പരമാവധി താപനില 30 ഡിഗ്രി സെല്‍ഷ്യസിനും താഴെയാണ്. പക്ഷേ മഞ്ഞുനിറഞ്ഞ ആര്‍ട്ടിക്കിലാകട്ടെ ഈ സമയത്ത് രേഖപ്പെടുത്തിയ പരമാവധി താപനില 34.8 ഡിഗ്രി സെല്‍ഷ്യസാണ്. ആര്‍ട്ടിക്കിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന താപനിലയെന്ന റെക്കോഡാണിത്. ആര്‍ട്ടിക്കിന്‍റെ തെക്കന്‍ മേഖലയില്‍ മഞ്ഞുപാളികള്‍ കാണാനായില്ലെന്ന് ഗവേഷകര്‍ പറയുന്നു. ആര്‍ട്ടിക് പര്യടനത്തിന് പോകുന്നവര്‍ പതിവ് വേഷമായ തെര്‍മലിനും ജാക്കറ്റിനും പകരം സാധാരണ ട്രൗസറും ബനിയനും ധരിക്കേണ്ട അവസ്ഥയിലാണെന്നാണ് ഇവര്‍ പറയുന്നത്.

പറഞ്ഞത് തമാശ രൂപത്തിലാണെങ്കിലും അതിലെ ഉള്ളടക്കം ഒട്ടും തന്നെ സന്തോഷിപ്പിക്കുന്ന ഒന്നല്ല. ആര്‍ട്ടിക്കിലുണ്ടാകുന്ന ഈ താപനില വർധനവും കാലാവസ്ഥാ മാറ്റവും ആഗോളതാപനം ശക്തിയാര്‍ജിക്കുന്നതിന്‍റെ സൂചനയാണ്. 2019 ജൂലൈ 26 നാണ് ആര്‍ട്ടിക് വൃത്തത്തില്‍ പെടുന്ന സ്വീഡനിലെ വടക്കന്‍ മേഖലയായ മാര്‍ക്കസ്‌വിന്‍സയില്‍ ആര്‍ട്ടിക്കിലെ ഏറ്റവും ഉയര്‍ന്ന താപനിലയായ 34.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. അമേരിക്കന്‍ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയായ നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫിയറിക് അഡ്മിനിസ്ട്രേഷനാണ് ജൂലൈ മാസത്തെ കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ ഈ റെക്കോര്‍ഡ് താപനിലയെക്കുറിച്ച് പരാമര്‍ശിക്കുന്നത്. 

സ്വീഡന്‍റെ ഏറ്റവും വടക്കന്‍ മേഖലയാണ് മാര്‍ക്കസ്‌വിന്‍സ. പക്ഷേ ആര്‍ട്ടിക് വൃത്തത്തിലായിട്ട് കൂടി സ്വീഡനില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനിലയും മര്‍ക്കുവിന്‍സിയില്‍ ജൂലൈ 26 ന് രേഖപ്പെടുത്തിയതാണ് എന്നതാണ് ചിന്തിപ്പിക്കുന്ന മറ്റൊരു വസ്തുത. തെക്കോട്ട് സഞ്ചരിക്കുന്തോറും താപനില വർധിച്ച് വരുന്നത് ഭൂമിയുടെ സ്വാഭാവിക ആവാസവ്യവസ്ഥ തകിടം മറിയുന്നു എന്നാണ് സൂചിപ്പിക്കുന്നത്. 

ആര്‍ട്ടിക് വൃത്തമെന്ന സാങ്കല്‍പിക മേഖലയ്ക്ക് തൊട്ടു പരിസരങ്ങളിലുള്ള പ്രദേശങ്ങളിലും അനുഭവപ്പെട്ട താപനില ഭയപ്പെടുത്തുന്നതു തന്നെയാണ്. ആര്‍ട്ടിക് വൃത്തത്തോടു ചേര്‍ന്നു കിടക്കുന്ന നോര്‍വീജിയന്‍ നഗരമായ സാള്‍ട്ട് ദാലില്‍ അനുഭവപ്പെട്ട ഉയര്‍ന്ന താപനില 35.4 ഡിഗ്രി സെല്‍ഷ്യസാണ്. യൂറോപ്പില്‍ മാത്രമല്ല, ആര്‍ട്ടിക്കിനോടു ചേര്‍ന്നു കിടക്കുന്ന അലാസ്കന്‍ മേഖലയിലും ഏതാണ്ട് സമാനമായിരുന്നു കാര്യങ്ങള്‍. അലാസ്കയില്‍ അനുഭവപ്പെട്ട 32 ഡിഗ്രി സെല്‍ഷ്യസ് മേഖലയില്‍ അനുഭവപ്പെട്ട ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണ്. 

വടക്കന്‍ യൂറോപ്പ്, അലാസ്ക, റഷ്യയിലെ സൈബീരിയന്‍ മേഖല എന്നിവടങ്ങളിലുണ്ടാകുന്ന ഈ താപനിലാ വർധനവ് കാലാവസ്ഥാ വ്യതിയാനത്തിന്‍റെ കൃത്യമായ ദിശ സൂചിപ്പിക്കുന്നതാണെന്ന് ഗവേഷകര്‍ പറയുന്നു. ഈ മേഖലകളിലെല്ലാം ഏതാണ്ട് 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇക്കുറി താപനില ഉയര്‍ന്നു കാണപ്പെട്ടതെന്നും എന്‍ഒഎഎ യുടെ റിപ്പോര്‍ട്ട് പറയുന്നു. വടക്കന്‍ ധ്രുവത്തില്‍ ഉടലെടുക്കുന്ന വിചിത്രമായ കാലാവസ്ഥാ ശീലത്തിന് തെളിവായി മറ്റ് ചില പ്രതിഭാസങ്ങള്‍ കൂടി ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. വലിയ തോതിലുള്ള ഇടിമിന്നല്‍ പതിവില്ലാതെ ഈ മേഖലയിലേക്കെത്തിയതാണ് ഈ തെളിവുകളില്‍ ഒന്ന്. ആര്‍ട്ടിക്കിന്‍റെ മധ്യത്തില്‍ നിന്ന് വെറും 483 കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്തു വരെ കൂറ്റന്‍ ഇടിമിന്നലുകള്‍ നിരീക്ഷിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

ജൂലൈ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മാസം 

ആര്‍ട്ടിക്കില്‍ മാത്രമല്ല ലോകത്താകമാനമുള്ള ശരാശരി താപനില കണക്കിലെടുക്കുമ്പോഴും ജൂലൈയിലെ താപനില ഏറ്റവും ഉയരത്തിലാണ്. അതുകൊണ്ട് തന്നെ 2019 ജൂലൈ, 1880 മുതല്‍ രേഖപ്പെടുത്തിയ താപനില കണക്കനുസരിച്ച് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തയ മാസമാണ്. 2019 ജൂണിനെയാണ് ജൂലൈ മറികടന്നതാണ് മറ്റൊരു ആശങ്കപ്പെടുത്തുന്ന വസ്തുത.