യുഎസിലെ ക്ലൈമറ്റ് സെൻട്രലിന്റെ പഠന റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്ന പ്രധാനപ്പെട്ട കാര്യം കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം നമ്മൾ കരുതിയിരുന്നതിലും വേഗത്തിൽ ഭൂമിയെ ബാധിക്കുമെന്നാണ്.ഇപ്പോഴത്തെ നിരക്കിൽ സമുദ്രനിരപ്പുയർന്നാൽ 2050 ആകുമ്പോഴേക്ക് ഇന്ത്യയിൽ 3.6 കോടി ജനങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടാകുമെന്നാണു പഠനം പറയുന്നത്. 

സമുദ്രനിരപ്പുയർന്ന് 30 വർഷത്തിനുള്ളിൽ അപകടത്തിലായേക്കാവുന്ന ഭൂപ്രദേശത്താണ് ഇന്ത്യ, ചൈന, വിയറ്റ്നാം, ബംഗ്ലദേശ്, ഇന്തൊനീഷ്യ, തായ്‍ലൻഡ് എന്നീ 6 ഏഷ്യൻ രാജ്യങ്ങളിലെ 23.7 കോടി ജനങ്ങൾ കഴിയുന്നത്.  വിവിധ കാലാവസ്ഥാ ഏജൻസികളുടെ മുൻകാല വിലയിരുത്തലുകളിൽ പറഞ്ഞതിനെക്കാൾ നാലിരട്ടിയിലധികമാണിത്. ജനസംഖ്യാവർധന പോലുള്ള ഘടകങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ ഈ എണ്ണം ഇനിയും കൂടാം.‌

2050 നെക്കുറിച്ച് പഠനത്തിൽ സൂചിപ്പിക്കുന്ന ചിലത്:

‌∙ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയുടെ പ്രധാനഭാഗങ്ങൾ കടലെടുക്കും; പ്രളയവും പതിവാകും.‌‌

∙ ദക്ഷിണ വിയറ്റ്നാം അപ്രത്യക്ഷമായേക്കാം. വിയറ്റ്നാമിലെ ജനസംഖ്യയുടെ നാലിലൊന്ന് – 2 കോടിയോളം പേർ – അപകടമേഖലയിൽ ജീവിക്കുന്നു. പ്രധാനനഗരമായ ഹോചിമിൻ സിറ്റി അപ്രത്യക്ഷമായേക്കാം.‌

‌∙ തായ്‍ലൻഡിൽ ജനസംഖ്യയുടെ 10% കഴിയുന്നത് ഭീഷണിയുള്ള മേഖലകളിൽ. തലസ്ഥാനമായ ബാങ്കോക്ക് ഉൾപ്പെടെയാണിത്.‌

‌∙ ചൈനയുടെ പ്രധാന സാമ്പത്തിക കേന്ദ്രങ്ങളിലൊന്നായ ഷാങ്ഹായിയുടെ ഹൃദയഭാഗങ്ങളെ കടലെടുത്തേക്കാം.‌

‌∙ ഈജിപ്തിലെ പുരാതനമായ അലക്സാൻഡ്രിയ ഇല്ലാതായേക്കാം.‌

‌∙ ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ ബസ്റ മിക്കവാറും സമുദ്രത്തിനടിയിലാകാം.‌