ചരിത്രത്തില്‍ സമാനതകളില്ലാത്ത പ്രതിസന്ധിയിലാണ് ആര്‍ട്ടിക്കിലെ മഞ്ഞുപാളികള്‍. ആര്‍ട്ടിക്കിലെ ഈ മഞ്ഞുപാളികളുടെ പ്രതിസന്ധി എന്നത് ആ മേഖലയിലെ ജീവികൾ നേരിടുന്ന പ്രതിസന്ധി കൂടിയാണ്. ഇത്തരത്തില്‍ ഒരു പ്രതിസന്ധി തന്നെയാണ് റഷ്യയുടെ വടക്കേ അതിര്‍ത്തിയില്‍ ഒരു പറ്റം ധ്രുവക്കരടികള്‍ നേരിടുന്നതും. പോകാന്‍ ഗതിയില്ലാതെ റഷ്യയുടെ അതിര്‍ത്തി ഗ്രാമത്തില്‍ മരണത്തെ മുന്നില്‍ കണ്ട് കുടുങ്ങി കിടക്കുകയാണ് ഈ ധ്രുവക്കരടികള്‍.

അസാധാരണമായി ഉയര്‍ന്നു നില്‍ക്കുന്ന താപനില തന്നെയാണ് ഈ കരടികളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഡിസംബറെത്തിയിട്ടും മേഖലയിലെ മഞ്ഞുപാളികള്‍ ഉറച്ചു തുടങ്ങിയിട്ടില്ല. സാധാരണഗതിയില്‍ ഡിസംബര്‍ ആദ്യവാരമെന്നത് ആര്‍ട്ടിക്ക് അതിശൈത്യത്തിലേക്കെത്തുന്ന സമയമാണ്.  ഇങ്ങനെ ഉറയ്ക്കുന്ന മഞ്ഞുപാളികളിലൂടെയാണ് സുരക്ഷിത സ്ഥാനം കണ്ടെത്തി ധ്രുവക്കരടികള്‍ അവയുടെ മാസങ്ങള്‍ നീണ്ട ശൈത്യയുറക്കത്തിന് തയാറെടുക്കുന്നതും.

എന്നാല്‍ റഷ്യന്‍ ഗ്രാമത്തില്‍ ഒറ്റപ്പെട്ടു പോയ ഈ കരടികള്‍ക്ക് ഇതുവരെ ഇത്തരമൊരു സുരക്ഷിത സ്ഥാനം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ആകെ അന്‍പത്തിയാറ് കരടികളാണ് ഈ ഗ്രാമാതിര്‍ത്തിയിലുള്ളത്. വടക്ക് കിഴക്കന്‍ റഷ്യയിലെ ചുകോട്ക പ്രവിശ്യയിലെ റിര്‍കയ്പോയ് എന്ന ഗ്രാമത്തിലാണ് ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ ഈ അന്‍പത്തിയാറ് കരടികളുള്ളത്. ഇത്ര ചെറിയ പ്രദേശത്ത് ഇത്രയധികം കരടികള്‍ ഒത്തുകൂടിയത് പ്രദേശവാസികളെ ഭയപ്പെടുത്തുന്നുണ്ട്. പ്രത്യേകിച്ചും ഹിമയുറക്കത്തിന് മുന്‍പ് കയ്യില്‍ കിട്ടുന്നതെല്ലാം കഴിച്ച് വയറു നിറയ്ക്കാനുള്ള ഓട്ടത്തിലുമാണ് ഈ കരടികള്‍. ആയിരത്തോളം പേര്‍ മാത്രമാണ് ഈ ഗ്രാമത്തില്‍ താമസിക്കുന്നത്.

കരടികളെ തുടര്‍ച്ചയായി നിരീക്ഷിച്ചു വരുന്നുണ്ടെന്ന് വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടിന്‍റെ റഷ്യന്‍ ഘടകം അറിയിച്ചു. കരടികള്‍ ഗ്രാമത്തിലേക്ക് കയറുമോ എന്ന ആശങ്കയാണ് പ്രദേശവാസികള്‍ക്കുള്ളത്. ദിവസങ്ങളോളം ഭക്ഷണം ലഭിക്കാതെ കുടുങ്ങി കിടക്കുന്നതിനാല്‍ ഇതിനുള്ള സാധ്യത തള്ളിക്കളയാനും കഴിയില്ല. അതുകൊണ്ട് തന്നെ കരടികള്‍ക്ക് ഭക്ഷണമെത്തിച്ച് നല്‍കുന്ന കാര്യവും പരിസ്ഥിതി പ്രവര്‍ത്തകരും അധികൃതരും പരിഗണിക്കുന്നുണ്ട്.

ഡിസംബര്‍ പകുതിയോടെ മഞ്ഞുപാളികള്‍കൂടുതല്‍ ശക്തമാകുമെന്നാണ് പ്രതീക്ഷ. ഇതോടെ കരടികള്‍ക്ക് ഗ്രാമാതിര്‍ത്തിയില്‍ നിന്ന് പുറത്തേക്ക് പോകാനും കഴിയും. അതുവരെ കരടികളുടെയും പ്രദേശവാസികളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തുകയെന്നതാണ് വെല്ലുവിളി. 

English Summary: Dozens of polar bears stranded outside Russian Arctic village