ലോകത്തിലെ തന്നെ ഏറ്റവും വലിയ ഐസ് ശേഖരമുള്ള അൻറാർട്ടിക്കിൽ താപനില ആദ്യമായി  20 ഡിഗ്രി സെൽഷ്യസ് കടന്നു. കാലാവസ്ഥയിലെ അസന്തുലിതാവസ്ഥ എത്രത്തോളം ഭീകരമാണെന്ന്  തെളിയിക്കുന്നതാണ് അൻറാർട്ടിക്കയിൽ രേഖപ്പെടുത്തിയ ഈ റെക്കോർഡ് താപനില. 

സെയ്മർ ദ്വീപിൽ ഫെബ്രുവരി 9ന് താപനില 20.75  ഡിഗ്രി സെൽഷ്യസ് ആയിരുന്നു. 1982ൽ സിഗ്‌നി ദ്വീപിൽ രേഖപ്പെടുത്തിയ 19.7 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഇതിനു മുൻപ് അൻറാർട്ടിക്കയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില. ബ്രസീലിയൻ ശാസ്ത്രജ്ഞരാണ് അൻറാർട്ടിക്കയിലെ റെക്കോർഡ് താപനില അടയാളപ്പെടുത്തിയത്. റെക്കോർഡ് താപനില ലോക കാലാവസ്ഥ സംഘടന ഉറപ്പുവരുത്തേണ്ടതുണ്ടെങ്കിലും അൻറാർട്ടിക്കൻ ഉപദ്വീപുകളിലെയും സമീപമുള്ള ദ്വീപുകളിലെയും ഉയരുന്ന താപനിലയ്ക്ക് അനുസൃതമായി അൻറാർട്ടിക്കയിലെ താപനിലയിലും വ്യതിയാനങ്ങൾ സ്ഥിരമായി സംഭവിക്കുന്നുണ്ട്.

വിദൂര നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി മൂന്നു ദിവസത്തിൽ ഒരിക്കൽ ശാസ്ത്രജ്ഞൻ അൻറാർട്ടിക്കയിലെ താപനില രേഖപ്പെടുത്താറുണ്ട്. താപനിലയിലെ പുതിയ റെക്കോർഡ് അസാധാരണം എന്നാണ് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. പലയിടങ്ങളിലും ചൂട് ക്രമാതീതമായി വർധിക്കുന്നതായി കാണപ്പെടുന്നുണ്ടെങ്കിലും ഇത്രയും ഉയർന്ന താപനില മുൻപ് ഉണ്ടായിട്ടില്ലെന്ന് അന്റാർട്ടിക്കയിലെ 23 പ്രദേശങ്ങളിലെ കാലാവസ്ഥാ വ്യതിയാനം നിരീക്ഷിക്കാനുള്ള ബ്രസീലിയൻ  സംഘത്തിലെ അംഗമായ കാർലോസ് ഷേഫർ പറയുന്നു.

സമുദ്രത്തിന്റെ ഒഴുക്കിലെ വ്യതിയാനങ്ങളും എൽ നിനോ പ്രതിഭാസങ്ങളുമെല്ലാം താപനില ഉയരുന്നതിനു കാരണമായെന്നാണ് ശാസ്ത്രജ്ഞരുടെ  അഭിപ്രായം. മഞ്ഞു പാളികളായും ഐസ് രൂപത്തിലും ലോകത്തിലെ ശുദ്ധജലത്തിൽ 70 ശതമാനവും സംഭരിക്കപ്പെടുന്നത് അന്റാർട്ടിക്കയിലാണ്‌.  ഇവ മുഴുവനായി ഉരുകിയാൽ കാലാന്തരത്തിൽ സമുദ്രങ്ങളിലെ ജലനിരപ്പ് 50 മുതൽ 60 മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്.

English Summary: Antarctic temperature rises above 20C for first time on record