ആർട്ടിക് മേഖലയിൽ ധ്രുവക്കരടികൾ പരസ്പരം കൊന്നുതിന്നുന്നതായി റഷ്യൻ ഗവേഷകർ. കാലാവസ്ഥ വ്യതിയാനത്തെ തുടർന്നുണ്ടായ വലിയതോതിലുള്ള മഞ്ഞുരുക്കവും ജൈവഇന്ധനം സ്വരൂപിക്കാനുള്ള മനുഷ്യരുടെ പ്രവർത്തനങ്ങളും മൂലം  വാസസ്ഥലം നഷ്ടപ്പെടുന്നതാണ് ഇതിനു പിന്നിലെ യാഥാർഥ കാരണമെന്നും ഗവേഷകർ വ്യക്തമാക്കി.

മുൻപും ധ്രുവക്കരടികൾ പരസ്പരം കൊന്നു ഭക്ഷണമാക്കുന്നതായ ഒറ്റപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ ഇത്തരം സംഭവങ്ങൾ തുടർച്ചയായി ഉണ്ടാകുന്നതായി ധ്രുവക്കരടികളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഇല്യ മോർദ്വിൻസ്റ്റെവ്‌ വ്യക്തമാക്കുന്നു. ഭക്ഷണത്തിന് ക്ഷാമം നേരിടുന്നതിനാലാണ് അവ പരസ്പരം ആക്രമിക്കാൻ മുതിരുന്നത്.  പരമ്പരാഗതമായി ഇരതേടി ക്കൊണ്ടിരുന്ന സ്ഥലങ്ങളിൽ നിന്ന് വേണ്ടത്ര ഭക്ഷണം ലഭിക്കാതെ വന്നതോടെ ഇത്തരം സംഭവങ്ങൾ ദിനംപ്രതി വർധിച്ചുവരികയാണ്.

ആൺ വർഗത്തിൽ പെട്ട ധ്രുവക്കരടികൾ പെൺവർഗത്തിൽ പെട്ടവയെയും കുഞ്ഞുങ്ങളെയും കൂടുതലായി ആക്രമിക്കുന്നതായാണ് പഠനങ്ങളിൽ കണ്ടെത്താൻ കഴിഞ്ഞത്. അമ്മക്കരടികൾ വിശപ്പു സഹിക്കാനാവാതെ തങ്ങളുടെ കുഞ്ഞുങ്ങളെ തന്നെ ഭക്ഷണമാക്കുന്നതായും കണ്ടെത്തി.

കഴിഞ്ഞ 25 വർഷങ്ങൾക്കുള്ളിൽ ആർട്ടിക് മേഖലയിലെ മഞ്ഞുപാളികളുടെ അളവിൽ 40 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വെള്ളത്തിലൂടെ നീങ്ങുന്ന നീർനായകളെ ഐസ് ഉപയോഗിച്ച് ആക്രമിച്ച് കീഴ്പ്പെടുത്തി ഭക്ഷണമാക്കുകയാണ് ധ്രുവകരടികൾ ചെയ്തിരുന്നത്. എന്നാൽ ഐസിന്റെ അളവിൽ കുറവുണ്ടായതിനെ തുടർന്ന് അവയ്ക്ക് തീരപ്രദേശത്തേക്കു കയറി  ഇരപിടിക്കേണ്ടി വരുന്നു.

ഇതിനു പുറമേ ജൈവ ഇന്ധനം ഊറ്റിയെടുക്കുന്നതിനായി ആർട്ടിക് മേഖലയിൽ മനുഷ്യരുടെ ഇടപെടലുകൾ വർധിക്കുന്നതും അവയുടെ സ്വാഭാവിക വാസസ്ഥലം നഷ്ടപ്പെടുന്നതിനു കാരണമാകുന്നുണ്ട്.  ധ്രുവക്കരടികൾ പ്രധാനമായി ഇര തേടിയിരുന്ന ഒബി ഉൾക്കടൽ പ്രദേശം ഇന്ന് ജൈവഇന്ധനങ്ങൾ കയറ്റിക്കൊണ്ടു പോകുന്ന ഒരു പ്രധാന ഗതാഗതമാർഗമാണ്.

English Summary: Polar bears are being forced into cannibalism by climate change