അമേരിക്കന്‍ ഐക്യനാടുകളുടെ പശ്ചിമ മേഖലയാണ് 1200 വര്‍ഷത്തിനിടയിലുള്ള ഏറ്റവും വലിയ വരള്‍ച്ചയെ അഭിമുഖീകരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭാഗമായുണ്ടായ ഈ കൊടും വരള്‍ച്ച വരും വര്‍ഷങ്ങളില്‍ ആഗോളതാപനില വീണ്ടും കുത്തനെ ഉയര്‍ത്താന്‍ കാരണമാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ചരിത്രാതീത കാലത്തുണ്ടായ അതിഭീകര വരള്‍ച്ചകളുമായാണ് പശ്ചിമ യുഎസ് നേരിടുന്ന വരള്‍ച്ചയെ ഗവേഷക ലോകം താരതമ്യപ്പെടുത്തുന്നത്. 

കഴിഞ്ഞ 1200 വര്‍ഷത്തെ ട്രീ റിങ് ഡേറ്റയും ( മരങ്ങളുടെ വളയങ്ങളെ അടിസ്ഥാനമാക്കി ചരിത്രം പരിശോധിക്കുന്ന സാങ്കേതിക വിദ്യ), മണ്ണിന്‍റെ ഈര്‍പ്പവും അടക്കമുള്ള പലതരം കാലാവസ്ഥാ മാതൃകകള്‍ പരിശോധിച്ചാണ് ഗവേഷകര്‍ യുഎസ് നേരിടുന്ന വരള്‍ച്ചയുടെ ഭീകരത മനസ്സിലാക്കിയത്. പഠനം നടത്തിയ കാലയളവിലൊന്നും ഇത്രയധികം നീണ്ടു നില്‍ക്കുന്നതും രൂക്ഷവുമായ വരള്‍ച്ച കണ്ടെത്താനായില്ല. പശ്ചി അമേരിക്കയെ മാത്രമല്ല, വടക്കന്‍ മെക്സിക്കോയെ കൂടി ബാധിക്കുന്നതാണ് ഈ കൊടും വരള്‍ച്ച.

ദശാംബ്ദങ്ങള്‍ നീണ്ടു നില്‍ക്കുന്ന വരള്‍ച്ച

ഗവേഷകര്‍ ആശങ്കപ്പെടുന്ന ഈ വരള്‍ച്ച മാസങ്ങള്‍ കൊണ്ടോ ഏതാനും വര്‍ഷങ്ങള്‍ കൊണ്ടോ അവസാനിക്കുന്നതല്ല. ഈ വരള്‍ച്ചയുടെ തുടക്കം ഏതാണ്ട് രണ്ട് പതിറ്റാണ്ട് മുന്‍പാണെന്നും ഇപ്പോള്‍ അതിന്‍റെ ശൈശവദശ പിന്നിട്ടതേയുള്ളൂ എന്നും ഗവേഷകര്‍ ഓർമിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ വരാനിരിക്കുന്ന ദശാബ്ദങ്ങളില്‍ കൊടും വരള്‍ച്ചയാകും മധ്യഅമേരിക്ക നേരിടേണ്ടി വരികയെന്ന മുന്നറിയിപ്പാണ് ഇവര്‍ നല്‍കുന്നത്. ഇപ്പോള്‍ തന്നെ മധ്യകാലഘട്ടത്തിലുണ്ടായ കൊടും വരള്‍ച്ചയുടെ തുടക്കത്തേക്കാള്‍ രൂക്ഷമാണ് ഈ മേഖലയില്‍ അനുഭവപ്പെടുന്ന ചൂടും ജലക്ഷാമവും എന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

മധ്യകാലഘട്ടത്തില്‍, അതായത് 1500 നും 1600 നും ഇടയ്ക്കുണ്ടായ വരള്‍ച്ചയാണ് അമേരിക്ക സമീപ കാലത്ത് നേരിട്ടവയില്‍ ഏറ്റവും വലുത്. അതേസമയം ഇപ്പോഴത്തെ വരള്‍ച്ച ഇതിലും രൂക്ഷമാകുമെന്നാണ് കണക്കാക്കുന്നത്. എഡി 800 ല്‍ ഉണ്ടായ വരള്‍ച്ചയുമായാണ് ഇതിനെ ഗവേഷകര്‍ താരതമ്യപ്പെടുത്തുന്നത്. ഒരു പക്ഷേ കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും ഏല്‍പ്പിക്കുന്ന ആഘാതത്തില്‍ വരള്‍ച്ച അതിലും രൂക്ഷമായാലും അദ്ഭുതപ്പെടേണ്ടതില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

മനുഷ്യനിർമിതമോ, സ്വാഭാവികമോ?

ഇപ്പോഴത്തെ കണക്കുകള്‍ വച്ച് പുരാതന കാലത്തെ വലിയ വരള്‍ച്ചകള്‍ക്ക് തുല്യമായ സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് കൊളംബിയ സര്‍വകലാശാലയിലെ ബയോ ക്ലൈമറ്റോളജിസ്റ്റായ പാര്‍ക്ക് വില്യംസ് പറയുന്നു. കൂടാതെ ഇപ്പോഴത്തെ ഈ വരള്‍ച്ച പ്രകൃത്യാലുള്ള കാരണങ്ങളാല്‍ ഉണ്ടായതാണെന്നും പാര്‍ക്ക് വില്യംസ് പറയുന്നു. പ്രത്യേകിച്ചും വർധിച്ച് വരുന്ന എല്‍ നിനോ പ്രതിഭാസത്തിനും ഈ വരള്‍ച്ചാ സാഹചര്യത്തില്‍ നിര്‍ണായക പങ്കുണ്ട്.

എന്നാല്‍ എല്‍നിനോ വർധിച്ച് വരാനും താപനില വർധിക്കാനുമെല്ലാം കാരണമായത് മനുഷ്യരുടെ ഇടപെടലാണെന്നതും മറക്കാന്‍ കഴിയില്ലെന്നും ഒരു സംഘം ഗവേഷകര്‍ പറയുന്നു. സ്വാഭാവികമായി ഒരു വരള്‍ച്ചയ്ക്കുള്ള സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഈ വരള്‍ച്ച വൈകാതെ രൂക്ഷമാകുകയും ചെയ്യും. അതേസമയം ഈ വരള്‍ച്ച ഉണ്ടാക്കുന്ന ആഘാതത്തെ വർധിപ്പിക്കാന്‍ ആഗോളതാപനത്തിനു കഴിയുമോ എന്നതാണ് നിര്‍ണായകമായ ചോദ്യം. അങ്ങനെ സംഭവിച്ചാല്‍ മനുഷ്യരാശി നേരിട്ട ഏറ്റവും വലിയ വരള്‍ച്ചകളില്‍ ഒന്നായി ഇത് മാറിയാലും അദ്ഭുതപ്പെടേണ്ട എന്നാണ് ഗവേഷക ലോകത്തിന്‍റെ അഭിപ്രായം. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ആഘാതം ഇല്ലായിരുന്നെങ്കില്‍ ഒരു പക്ഷs ചരിത്രത്തിലെ ഏറ്റവും വലിയ പതിനൊന്നമത്തെ വരള്‍ച്ചയാകും ഇത് അനുഭവപ്പെട്ടിരുന്നിരിക്കുകയെന്നും ഇവര്‍ പറയുന്നു.

ഇപ്പോഴത്തെ വരള്‍ച്ച ആരംഭിച്ചിട്ട് 19 വര്‍ഷം പിന്നിട്ടുവെന്നാണ് കണക്കാക്കുന്നത്. പക്ഷേ ഒരു മെഗാ ഡ്രോട്ട് എന്നറിയപ്പെടുന്ന പ്രതിഭാസം രൂപപ്പെടുന്നുണ്ടോ എന്ന് പ്രവചിക്കാന്‍ ഈ കാലയളവ് പോരാ എന്നാണ് ഗവേഷകരുടെ അഭിപ്രായം. അതുകൊണ്ട് തന്നെ ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. പക്ഷേ ഇപ്പോഴത്തെ ലക്ഷണങ്ങളെല്ലാം ചൂണ്ടിക്കാട്ടുന്നത് അത്തരം ഒരു സാഹചര്യത്തിലേക്കാണെന്നും ഇവര്‍ വിശദീകരിക്കുന്നു.

English Summary: The Western US Is Facing The Worst Megadrought In Over 1,200 Years