മുതലയുടെ പിടിയിൽ നിന്ന് മകനെ രക്ഷിക്കാൻ ആ പിതാവ് മറ്റൊരു മാർഗവും കണ്ടില്ല. മുതലയുടെ കാലിൽ ആഞ്ഞു കടിച്ചു. അങ്ങനെ മുതല കുട്ടിയുടെ മേലുള്ള പിടിവിട്ടു. ഫിലിപ്പീൻസിലെ പലാവനിലുള്ള ബലാബാക് നഗരത്തിലാണ് നടുക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്.

ഇവിടെ വീടിനു സമീപമുള്ള നദിയിൽ നീന്താനിറങ്ങിയതായിരുന്നു ഡിയാഗോ അബ്ദുൾഹസൻ എന്ന 12കാരനും അനിയനും. ഇവർ നീന്തിക്കൊണ്ടിരക്കവേ പെട്ടെന്നായിരുന്നു മുതലയുടെ ആക്രമണം. നിമിഷങ്ങൾക്കകം ഡിയാഗോയെയും കൊണ്ട് മുതല വെള്ളത്തിനടിയിലേക്കു മറഞ്ഞു. കുട്ടികളുടെ നിലവിളി കേട്ട് അപകടം സംഭവിച്ചുവെന്നു മനസ്സിലാക്കിയ പിതാവ് ഒരു പലകയുമായി നദിക്കരയിലേക്ക് ഓടിയെത്തി.

വെള്ളത്തിലേക്ക് എടുത്തുചാടിയ പിതാവ് മുതലയുടെ മൂക്ക് ലക്ഷ്യമാക്കി പലതവണ ആഞ്ഞടിച്ചു.എന്നാൽ കുട്ടിയുടെ മേലുള്ള പിടിവിടാൻ മുതല തയാറായില്ല. ഒടുവിൽ മുതലയുടെ കാലിൽ പിടികൂടി ആഞ്ഞു കടിക്കുകയായിരുന്നു. റോട്ട് വീലർ കടിക്കുന്നതുപോലെയാണ് താൻ മുതലയെ കടിച്ചതെന്ന് അബ്ദുൾഹസൻ വ്യക്തമാക്കി. നിരവധി തവണ മുതലയെ ആഞ്ഞു കടിച്ചു.ഒടുവിൽ മുതല കുട്ടിയുടെമേലുള്ള പിടിവിട്ട് നദിയുടെ ഇരുണ്ട ആഴങ്ങളിലേക്കു മറഞ്ഞു.

ഉടൻ തന്നെ ഡിയാഗോയെ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ ശരീരത്തിൽ നിരവധി പരിക്കുകളുണ്ടെങ്കിലും അതൊന്നും ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. രണ്ട് ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഡിയാഗോയെ തിരികെ വീട്ടിലേക്കയച്ചു.

പിതാവിന്റെ അവസരോചിതമായ ഇടപെടൽ കൊണ്ടു മാത്രമാണ് മുതലയുടെ പിടിയിൽ നിന്ന് കുട്ടിയെ രക്ഷിക്കാനായതെന്ന് പൊലിസ് വൃത്തങ്ങളും വ്യക്തമാക്കി. എന്തായാലും മകന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് പിതാവ് അബ്ദുൾഹസൻ.