ഹവായ് ദ്വീപ സമൂഹത്തിനു സമീപം പസിഫിക്കില്‍ നിന്നാണ് ജനിച്ച് മിനിട്ടുകള്‍ മാത്രം പ്രായമുള്ള തിമിംഗല കുഞ്ഞിന്‍റെ ദൃശ്യങ്ങള്‍ ലഭിച്ചത്. ഡോള്‍ഫിനുകളെയും തിമിംഗലങ്ങളെയും നിരീക്ഷിക്കുന്നതിനായി നിയോഗിച്ച ക്യാമറയില്‍ അപ്രതീക്ഷിതമായി ഈ ദൃശ്യം പതിയുകയായിരുന്നു. കൂനന്‍ തിമിംഗലം എന്ന വിഭാഗത്തില്‍ പെട്ടവയാണ് ഈ അമ്മയും കുഞ്ഞും. നീന്തുന്ന അമ്മ തിമിംഗലത്തിന്‍റെ ശരീരത്തില്‍ നിന്നും രക്തം പുറത്തു വരുന്നതു കണ്ടാണ് കുഞ്ഞു ജനിച്ചത് അല്‍പസമയം മുന്‍പു മാത്രമാണെന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞത്.

സഹായിച്ചത് മീന്‍പിടുത്തക്കാര്‍

ഹവായ് സര്‍വകലാശാലയിലെ സമുദ്ര സസ്തനി ജീവികളെക്കുറിച്ചു ഗവേഷണം നടത്തുന്ന വിഭാഗത്തിന്‍റെ മേധാവിയായ ലാര്‍സ് ബഡ്ജറാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തിമിംഗലങ്ങളെയും ഡോള്‍ഫിനുകളെയും കണ്ടെത്താന്‍ പറത്തി വിട്ട ഡ്രോണ്‍ ഒടുവില്‍ അമ്മ തിമിംഗലത്തിന്റേയും കുഞ്ഞിന്റേയും അടുത്തേക്കെത്തുകയായിരുന്നു. പ്രാദേശിക മീന്‍പിടുത്തക്കാരാണ് കടലില്‍ വലിയൊരു തിമിംഗലത്തെ ചോരയ്ക്കു നടുവില്‍ കാണപ്പെടുന്നതായി ബഡ്ജറിനെ വിവരമറിയിച്ചത്. ആദ്യം തിമിംഗലത്തെ മറ്റേതെങ്കിലും ജീവികള്‍ആക്രമിച്ചതാകാമെന്നാണ് കരുതിയത്.

ഏതായാലും സമുദ്ര നിരീക്ഷണത്തിലായിരുന്ന ബഡ്ജര്‍ മീന്‍പിടുത്തക്കാര്‍ പറഞ്ഞ പ്രദേശത്തേക്കു ഡ്രോണ്‍ അയച്ചു. അവടേയ്ക്കെത്തും മുന്‍പു തന്നെ അമ്മ തിമിംഗലവും കുട്ടിയും ക്യാമറയിലേക്കു കടന്നു വന്നു. സാമാന്യം വേഗത്തില്‍ നീന്തിയിരുന്ന അമ്മ തിമിംഗലത്തിന്‍റെ ശരീരത്തിലൂടെ ചോര കടല്‍ വെള്ളത്തിലേക്കു കലരുന്നുണ്ടായിരുന്നു. ഇതോടെ നേരത്തെ മീന്‍പിടുത്തക്കാര്‍ കണ്ടത് തിമിംഗലത്തിന്‍റെ പ്രസവമായിരിക്കാമെന്നു ബഡ്ജര്‍ ഊഹിച്ചു. 

 പ്രസവിച്ചു പരമാവധി 20 മിനിട്ട് മാത്രമേ ആയിട്ടുള്ളൂവെങ്കിലും അമ്മയ്ക്കൊപ്പം തന്നെ അതേ വേഗതയില്‍ നീന്തിയ തിമിംഗലകുഞ്ഞ് അദ്ഭുതപ്പെടുത്തുന്ന കാഴ്ചയായെന്നു ബഡ്ജര്‍ പറയുന്നു. 25 വര്‍ഷമായി തിമിംഗലങ്ങളെ നിരീക്ഷിക്കുന്ന ബഡ്ജറിന് ഇത്തരമൊരു അനുഭവം ആദ്യമാണ്. ലോകത്തില്‍ തന്നെ അപൂര്‍വമായാണ് തിമിംഗലങ്ങളുടെ ജനനമോ ജനിച്ചയുടനെയുള്ള ദൃശ്യങ്ങളോ ക്യാമറയില്‍ പകര്‍ത്തിയിട്ടുള്ളത്.

കടലിലെ സസ്തനികള്‍

കടലിലെ സസ്തനി വിഭാഗത്തില്‍ പെട്ട ജീവികളാണ് തിമിംഗലങ്ങളും ഡോള്‍ഫിനുകളുമെല്ലാം. അതുകൊണ്ട് തന്നെ ഇവയെ മത്സ്യങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതില്‍ കൂനന്‍ തിമിംഗലങ്ങളുടെ ഗര്‍ഭകാലാവധി 11 മാസം വരെയാണ്. അമ്മയുടെ ഉള്ളില്‍ തന്നെ കിടന്നു നീന്തല്‍ പഠിക്കുന്ന കുട്ടികളായതിനാൽ ജനിച്ച് അല്‍പ സമയത്തിനകം തന്നെ സ്വാഭാവികമായി കു‍ഞ്ഞുങ്ങൾ നീന്താന്‍ തുടങ്ങും. 

തിമിംഗല കുട്ടികളുടെ വാലുകളാണ് ജനന സമയത്ത് അവ മുങ്ങിപോകാതിരിക്കാന്‍ സഹായിക്കുന്നത്. അതുകൊണ്ടു തന്നെ പ്രസവിക്കുന്ന സമയത്ത് വാലാണ് ആദ്യം പുറത്തു വരിക. ജനിച്ച് ഒരു വര്‍ഷത്തോളം ഇവ എപ്പോഴും അമ്മയ്ക്കൊപ്പമുണ്ടാകും. ഈ സമയത്ത് ഇവ അമ്മയുടെ മുലപ്പാല്‍ കുടിച്ചാണ് വളരുക. തുടര്‍ന്ന് അമ്മയ്ക്കൊപ്പം ചേര്‍ന്ന് ഇര തേടുന്ന കാര്യങ്ങള്‍ ഉള്‍പ്പെടെ പരിശീലിക്കും.ജനിച്ച ഉടന്‍ കുഞ്ഞുങ്ങളുടെ നിറവും വ്യത്യസ്തമായിരിക്കും. ഏതാണ്ട് 4 മാസം കഴിയുമ്പോഴാണ് ഇളം ചാര നിറത്തില്‍ നിന്ന് മുതിര്‍ന്ന തിമിംഗലങ്ങളുടെ നിറമായ കടും ചാരത്തിലേക്കു കുട്ടി തിമിംഗലങ്ങളെത്തുക. 50 വര്‍ഷം വരെയാണ് കൂനന്‍ തിമിംഗലങ്ങലുടെ ശരാശരി ആയുസ്സ്.