ഭൂമിയിലെ ഏറ്റവും വലിയ ഉഷ്ണ മരുഭൂമിയാണ് ആഫ്രിക്കയിലെ സഹാറ മരുഭൂമി. ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശവും ഇതുതന്നെയാണ്. ഈ മരുഭൂമിക്കു മുകളിലൂടെയാണ് ഗവേഷകരെ പോലും വിസ്മയിപ്പിച്ച് ചിത്രശലഭങ്ങളുടെ ഏറ്റവും വലിയ കുടിയേറ്റം നടക്കുന്നത്. യൂറോപ്പില്‍ നിന്നു ആഫ്രിക്കയിലേക്കും അവിടെ നിന്നു തിരിച്ചും ഒരു വര്‍ഷത്തിനിടെ ഈ ചിത്രശലഭക്കൂട്ടം സഞ്ചരിക്കും. ഒരു വശത്തേക്കു മാത്രം ഏതാണ്ട് 12000 കിലോമീറ്ററാണ് ഈ കുടിയേറ്റത്തിന്റെ ഭാഗമായി ഇവര്‍ സഞ്ചരിക്കുന്നത്.

പെയിന്റഡ് ലേഡി ബട്ടര്‍ഫ്ലൈ വിഭാഗത്തിൽ പെട്ട ഈ ചിത്രശലഭങ്ങള്‍ ലോകമെങ്ങുമുള്ളവയാണ്. ഓറഞ്ച്, ബ്രൗണ്‍ നിറങ്ങളില്‍ കാണപ്പെടുന്ന ഇവ പക്ഷേ ഇത്ര ദൂരം നീണ്ടു നില്‍ക്കുന്ന കുടിയേറ്റം മറ്റെവിടെയും നടത്തുന്നതായി കണ്ടെത്തിയിട്ടില്ല. മിക്ക ശലഭങ്ങളും രണ്ട് തലമുറകളിലൂടെയാണ് ഈ കുടിയേറ്റം പൂര്‍ത്തിയാക്കുന്നത്. അപൂര്‍വം ശലഭങ്ങള്‍ക്കാണ് യൂറോപ്പില്‍ നിന്നു ആഫ്രിക്കയിലേക്കും തിരികെയും സഞ്ചരിക്കാന്‍ സാധിക്കുന്നത്.

പല സംഘങ്ങളായാണ് ഈ ചിത്രശലഭങ്ങളുടെ കുടിയേറ്റം. ഏതാണ്ട് 2000 ശലഭങ്ങളാണ് ഒരു സംഘത്തിലുണ്ടാവുക. വേനല്‍ക്കാലം അവസാനിക്കുന്നതോടെയാണ് ഇവ യൂറോപ്പിനോടു വിട പറയുക. ആഫ്രിക്കയിലെ വസന്തകാലം ആരംഭിക്കുമ്പഴേക്കും ഇവ അവിടേക്കെത്തും. അതേസമയം ആഫ്രിക്കയില്‍ എത്തിയ ശേഷമുള്ള ഇവയുടെ പ്രജനനം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ഗവേഷകര്‍ക്കിതുവരെ സാധിച്ചിട്ടില്ല. ആഫ്രിക്കയില്‍ നിന്ന് യൂറോപ്പിലെ വസന്തകാലത്തിന്റെ തുടക്കത്തിലാണ് ഇവ തിരിച്ചെത്തുക.

യൂറോപ്പില്‍ നിന്ന് പുറപ്പെടുന്ന ചിത്രശലങ്ങളുടെ അടുത്ത തലമുറയാണ് മിക്കവാറും യൂറോപ്പില്‍ തിരിച്ചെത്തുക. ഇവയും തങ്ങളുടെ മുന്‍ഗാമികളെപ്പോലെ യൂറോപ്പിലെ വസന്തകാലത്തിന്റെ അവസാനത്തോടെ യൂറോപ്പില്‍ നിന്നു യാത്ര തുടങ്ങി ആഫ്രിക്കയിലെ വസന്തകാലത്ത് അവിടെയെത്തിച്ചേരും. സഹാറ ഒഴിച്ചുള്ള സ്ഥലങ്ങളില്‍ ഒറ്റയടിക്കുള്ള യാത്രയല്ല ഇവയുടേത്. മറിച്ച് ഇവ കടന്നു പോകുന്ന സമയത്ത് അതാത് സ്ഥലങ്ങളില്‍ പൂക്കാലമായിരിക്കും. ഈ പൂക്കളിലെ തേനുണ്ടാണ് ഈ ശലഭങ്ങളുടെ യാത്രയും. അതുകൊണ്ട് തന്നെയാണ് ഭക്ഷണം ലഭിക്കാത്ത കൊടിയ ചൂടുള്ള സഹാറയിലൂടെയുള്ള കുടിയേറ്റം ഗവേഷകരെ അമ്പരിപ്പിക്കുന്നത്. സഹാറയിലാകട്ടെ ഒട്ടുമിക്ക ശലഭ സംഘങ്ങലും വിശ്രമമില്ലാത്ത യാത്രയാണ് നടത്തുന്നതും.