വായടച്ചു വര്‍ത്തമാനം പറയുക എന്നൊക്കെ കേട്ടിട്ടുണ്ട്. പക്ഷേ വായടച്ചു പിടിച്ച് കടിക്കാന്‍ കഴിയുകയെന്നത് ഇതുവരെ മനുഷ്യനെന്നല്ല ഒരു ജീവിക്കും സാധിക്കാത്ത കാര്യമായിരുന്നു. എന്നാല്‍ ഈ കഴിവുള്ള ഒരു പാമ്പിനെ കണ്ടെത്തിയിരിക്കുകയാണ് പശ്ചിമ ആഫ്രിക്കയില്‍. കാഴ്ചയില്‍ പര്‍പിള്‍ നിറത്തിലുള്ള ശരീരവും ഉരുണ്ട തലയുമൊക്കെയായി കാണാൽ സുന്ദരനാണെങ്കിലും കക്ഷി  അപകടകാരിയാണെന്നാണ് പാമ്പിനെ കണ്ടെത്തിയ ഗവേഷകര്‍ പറയുന്നത്.

അപകടകാരികളായ തേറ്റപ്പല്ലുകള്‍

പാമ്പിന്‍റെ വായയുടെ പിന്‍വശത്തെ മൂലകളിലായി സ്ഥിതി ചെയ്യുന്ന രണ്ടു തേറ്റപ്പല്ലുകളാണ് അപകടകാരികള്‍. സാധാരണ പാമ്പുകളുടെ വായയുടെ മുന്‍വശത്താണ് ഈ വിഷം കുത്തി വയ്ക്കാന്‍ ഉപയോഗിക്കുന്ന പല്ലുകള്‍ കാണപ്പെടുന്നത്. അതുകൊണ്ട് തന്നെയാണ് പാമ്പ് പിടുത്തക്കാര്‍ പാമ്പുകളെ തലയ്ക്കു പിന്നില്‍ പിടിച്ചു കൈകൊണ്ടെടുക്കുന്നതും. എന്നാല്‍ ഇവയുടെ തലയ്ക്കു പിന്നില്‍ പിടിച്ചാല്‍ പോലും കടി കിട്ടും എന്ന് ഗവേഷകര്‍ പറയുന്നു. ഇതിനു കാരണം ഇവയുടെ വായയുടെ പിന്‍വശത്തായി സ്ഥിതി ചെയ്യുന്ന പല്ലുകള്‍ അല്ലെങ്കില്‍ വിഷം കുത്തി വയ്ക്കുന്ന തേറ്റകളാണ്.

മാത്രമല്ല ഇവ കടിയ്ക്കാൻ പോവുകയാണെന്നു തിരിച്ചറിയാന്‍ പോലും കഴിയില്ല എന്നതാണാണ് മറ്റൊരു വസ്തുത. കാരണം ഇവയുടെ തേറ്റകള്‍ വായില്‍ നിന്നു പുറത്തേക്കു നീണ്ടു നില്‍ക്കുന്നവയാണ്. അതിനാല്‍ തന്നെ കടിക്കുന്നതിനായി ഇവയ്ക്ക് വായ പൊളിക്കേണ്ട ആവശ്യമില്ല. അതേസമയം വായിലെ തേറ്റ പുറമേക്കു നീണ്ടു നില്‍ക്കുന്നതായി കാഴ്ചയില്‍ വ്യക്തവുമല്ല. അതിനാല്‍ തന്നെ മറ്റു പാമ്പുകളെ പോലെ തലയുടെ പുറകില്‍ പിടിച്ച് കൈ കൊണ്ട് എടുത്താല്‍ ഇവയുടെ കടി ഉറപ്പാണ്.

വിഷം സൃഷ്ടിക്കുന്ന പൊല്ലാപ്പുകള്‍

ഭാഗ്യം കൊണ്ട് ഇവയുടെ വിഷം മനുഷ്യര്‍ക്ക് അതീവ അപകടകരമല്ല. ഇവയുടെ കടിയേറ്റാല്‍ ശരീരത്തില്‍ ക്ഷീണം ഉള്‍പ്പടെയുള്ള ചില അസ്വസ്ഥതതകള്‍ ഉണ്ടാുമെങ്കിലും വിഷം ജീവനെടുക്കാന്‍ പര്യാപ്തമല്ല. ഇങ്ങനെ പിൻവശത്തേക്കു പോലും വായടച്ചു വച്ച് കടിക്കുന്നതു മാത്രമല്ല മറ്റു ചില പ്രത്യേകതകള്‍ കൂടി ഈ പാമ്പിനുണ്ട്. തന്‍റെ ശരീരത്തിന്‍റെ നീളത്തിന്‍റെ അത്ര തന്നെ ദൂരം ഉയരത്തില്‍ ചാടാനും ഇവയ്ക്കു കഴിയും എന്നതാണ് ഇവയുടെ മറ്റൊരു പ്രത്യേകത. ഇങ്ങനെ ചാടിക്കടിച്ച് ഇവ ഇരപിടിക്കാറുണ്ടെന്നും ഗവേഷകര്‍ പറയുന്നു. ജര്‍മന്‍ ജൈവശാസ്ത്രജ്ഞനായ ഡോ. മാര്‍ക്ക് ഒലിവര്‍ റോഡലാണ് ഈ പാമ്പിനെ കണ്ടെത്തിയത്.

ചാടാന്‍ കഴിയുന്ന പാമ്പ്

വടക്കുപടിഞ്ഞാറന്‍ ലൈബീരിയയിലാണ് ഇവര്‍ ഈ പാമ്പ് വര്‍ഗത്തിലെ ആദ്യ അംഗത്തെ കണ്ടെത്തിയത്. രാത്രിയില്‍ ഒരു നദിക്കരയില്‍ നിന്നാണു പാമ്പിനെ പിടികൂടിയത്. പാമ്പിനെ കുറിച്ച് അറിവില്ലാത്തതിനാല്‍ തന്നെ അതിനെ കയ്യിലെടുക്കാന്‍ ശ്രമിച്ച പാമ്പു പിടുത്തക്കാരന് പല തവണ കടിയേറ്റും. പാമ്പ് എങ്ങനെയാണു കടിക്കുന്നതെന്നു തിരിച്ചറിയാന്‍ തന്നെ ഇവർ അരമണിക്കൂറോളമെടുത്തു എന്നും ഗവേഷകര്‍ പറയുന്നു. കൂടാതെ പിടി കൂടും മുന്‍പ് ദൂരത്തേക്കു ചാടി രക്ഷപ്പെടാന്‍ പാമ്പ് നടത്തിയ ശ്രമങ്ങളെയും ഇവര്‍ സൂ സിസ്റ്റമാറ്റിക്സ് ആന്‍ഡ് എവല്യൂഷന്‍ എന്ന ജേര്‍ണലില്‍ വിവരിക്കുന്നു.

തുടര്‍ന്നു നടത്തിയ പഠനത്തില്‍ ലൈബീരിയക്കു പുറമെ ഗുനിയയില്‍ നിന്നും ഈ പാമ്പ് വര്‍ഗത്തില്‍ പെട്ട ജീവികളെ കണ്ടെത്തി. വാഴത്തോട്ടങ്ങളില്‍ നിന്നും കാപ്പി തോട്ടങ്ങളിൽ നിന്നുമാണ് ഗുനിയയില്‍ ഈ പാമ്പുകളെ കണ്ടെത്തിയത്. കണ്ടെത്തിയ പ്രദേശങ്ങളെല്ലാം തന്നെ നിത്യഹരിത വനമേഖലയുടെ അതിരുകളായിരുന്നു. അതിനാല്‍ തന്നെ ഈ പ്രദേശങ്ങളാണ് ഇവയുടെ സ്വാഭാവിക വാസസ്ഥലമെന്നും ഗവേഷകര്‍ കരുതുന്നു. ആഫ്രിക്കയിലെ നിത്യഹരിത മേഖലകളില്‍ മാത്രമാണ് ഈ പാമ്പുകൾ കാണപ്പെടുന്നതെന്നാണ് ഗവേഷകര്‍ വിശ്വസിക്കുന്നത്.

ബ്രാഞ്ച്സ് സ്റ്റിലെറ്റോ സ്നേക്ക് എന്നാണ് ഇവര്‍ ഈ പാമ്പിനു നല്‍കിയിരിക്കുന്ന പേര്. ജര്‍മനിയിലെ പ്രശസ്ത ഉരഗവര്‍ഗ ഗവേഷകനായിരുന്ന വില്യം ബില്‍ ബ്രാഞ്ചിന്‍റെ സ്മരണാര്‍ത്ഥമാണ് ഈ പേരു നല്‍കിയത്. ആഫ്രിക്കയിലെ ഉരഗങ്ങളുടെ കാര്യത്തില്‍ അതീവ വൈദഗ്ധ്യം നേടിയ വില്യം ബില്‍ ബ്രാഞ്ച്, മാര്‍ക്ക് ഒലിവറിന്‍റെയും ഗൈഡായിരുന്നു.