‘‘തദോ ദദർശ ഭഗവൻ

അശോകവനികാശ്രമേ

ക്ഷാമംസ്വ വിരഹവ്യാധിം

ശിംശപാമൂലം അശ്രിതേ’’

ദുഃഖിതയായ സീതാദേവിയെ അവതരിപ്പിക്കുമ്പോൾ രാമായണത്തിൽ ശിംശപാ വൃക്ഷത്തെക്കുറിച്ചു സൂചിപ്പിക്കുന്ന വരികളാണിത്. വിരഹിണിയായ സീതാദേവി കഴിഞ്ഞിരുന്നത് ശിംശപാവൃക്ഷത്തിന്റെ ചുവട്ടിലായിരുന്നത്രേ. ഐതിഹ്യമവിടെ നിൽക്കട്ടെ; പൂത്തുനിൽക്കുന്ന ശിംശപാ വൃക്ഷം കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കോഴിക്കോട് എരഞ്ഞിപ്പാലത്തേക്ക് വിട്ടോളൂ. 

എരഞ്ഞിപ്പാലം തായാട്ട് ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന  മണ്ടിലേടത്ത് പറമ്പിൽ ടി. പ്രശാന്ത്കുമാറിന്റെ വീട്ടിലാണ് ശിംശപാവൃക്ഷത്തിന്റെ തൈ പൂവിട്ടു നിൽക്കുന്നത്. ആറു വർഷം മുൻപ് നാഗർകോവിലിൽ നിന്നു കൊണ്ടുവന്നാണ് തൈ നട്ടുവളർത്തിയത്. ആംഹേസ്റ്റിയ നൊബിൽസ് എന്നാണ് ഈ ചെടിയുടെ ശാസ്ത്രീയനാമം.

വൈവിധ്യമാർന്ന ചെടികളുടെ സംരക്ഷകനാണ് പ്രശാന്ത്കുമാർ. തിരുവനന്തപുരത്തുള്ള നഴ്സറിയിൽ നിന്ന് ഏഴു വർഷം മുൻപ്  കൊണ്ടുവന്നു നട്ട കലാബാഷ് മരവും (ബെഗ്ഗേഴ്സ് ബൗൾ ട്രീ) ഇവിടെ കായ്ച്ചു നിൽപുണ്ട്.തിരുവട്ടക്കായ എന്നാണ് ഇതിന്റെ കായ അറിയപ്പെടുന്നത്.ഹിമാലയത്തിലെ സന്യാസിമാർ കമണ്ഡലു നിർ‍മിക്കാനുപയോഗിക്കുന്ന തരം കായയാണ്.