കുങ്സുന്‍ എന്ന രണ്ട് മാസം പ്രായമുള്ള നായക്കുട്ടി ഇപ്പോള്‍ ചൈനയിലെ യുനാന്‍ പ്രവശ്യയിലെ പൊലീസ് ഡോഗ് ട്രയിനിങ് അക്കാദമിയില്‍ പരിശീലനത്തിലാണ്. കുങ്സുന്‍ ഒരു സാധാരണ നായക്കുട്ടിയല്ല. ചൈനയിലെ തന്നെ ഏറ്റവും സമര്‍ത്ഥയായ പൊലീസ് നായ ഹുവാഹുവാങ്മയില്‍ നിന്ന് ക്ലോണിങിലൂടെ ജനിപ്പിച്ചതാണ് ഈ നായക്കുട്ടിയെ. ക്ലോണിങ്ങിലൂടെ ജനിച്ച കുട്ടിക്കും അമ്മയുടെ അതേ കഴിവുകള്‍ തന്നെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. പ്രത്യേക ലക്ഷ്യം മുന്നില്‍ കണ്ട് ഒരു ജീവിയെ ക്ലോണ്‍ ചെയ്യുന്ന ആദ്യ സംഭവമാണ് കുങ്സുനിന്‍റേത്.

കുന്‍മിങ് വൂള്‍ഫ്  ഇനത്തില്‍ പെട്ട നായയാണ് കുങ്സുന്‍‍. ചൈനയിലെ ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള കുന്‍മിങ് പൊലീസ് ഡോഗ് ബേസിലാണ് കുകുങ്സുനിന്‍റെ പരിശീലനം പുരോഗമിക്കുന്നത്. പൊലീസ് നായയാകുന്നതിനു വേണ്ടി എല്ലാ ലക്ഷണങ്ങളും ചേര്‍ന്ന നായയെ ലഭിക്കുന്നതിനായാണ് ആഭ്യന്തരമന്ത്രാലയം ക്ലോണിങിന് അനുമതി നല്‍കിയത്. കുങ്സുനിന്‍റെ പരിശീലനം വിജയകരമായി പൂര്‍ത്തിയായാല്‍ ഇതേ ജീനില്‍ നിന്ന് കൂടുതൽ നായ്ക്കുട്ടികളെ ക്ലോണ്‍ ചെയ്യാനാണ് ചൈനയുടെ പദ്ധതി.

മയക്കുമരുന്ന് മുതല്‍ കൊലപാതകികളെ വരെ പിടികൂടുന്ന നായ

എട്ട് മുതല്‍ 10 മാസം വരെയാണ് കുകുങ്സുനിന്റെ പരിശീലനം നീണ്ടു നില്‍ക്കുക. ഇതിനിടയില്‍ മയക്കുമരുന്നും ബോംബുകളും മറ്റ് ആയുധങ്ങളും കണ്ടെത്തുന്നതിനും തീയില്‍ നിന്നും വെള്ളത്തില്‍ നിന്നും ആളുകളെ രക്ഷിക്കുന്നതിനുമുള്‍പ്പടെയുള്ള പരിശീലനങ്ങള്‍ കുങ്സുന് ലഭിക്കും. ഒരു വയസ്സ് പിന്നിടുമ്പോഴേക്കും ഈ പെണ്‍നായക്കുട്ടിയെ പൊലീസിന്‍റ ഭാഗമാക്കാനാണു ലക്ഷ്യമിടുന്നത്. 

യുനാനിലെ തന്നെ പ്യൂയര്‍ പൊലീസ് സ്റ്റേഷനിലാണ് കുങ്സുനിന്‍റെ അമ്മ ഹുവാഹുവാങ്മ സേവനമനുഷ്ഠിക്കുന്നത്.ഡോഗോ ഡിക്റ്ററ്റീവ് എന്ന പേരില്‍ പ്രശസ്തയായ ഹുവാഹുവാങ്മ നിരവധി കേസുകള്‍ തെളിയിക്കുന്നതിലും പല കുറ്റവാളികളെയും പിടികൂടുന്നതിലും നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. 2016ല്‍ യുനാനിലെ ഒരു ഹോട്ടലില്‍ നടന്ന കൊലപാതക കേസിലെ പ്രതിയെ പിടികൂടാന്‍ സഹായിച്ച സുപ്രധാന തെളിവായ താക്കോല്‍ കണ്ടെത്തിയത് ഹുവാഹുവാങ്മ ആയിരുന്നു. ഇത്തരം സംഭവങ്ങളാണ് ഹുവാഹുവാങ്മയുടെ അതേ ജനുസ്സിലുള്ള നായകള്‍ കൂടുതല്‍ പൊലീസ് സേനയില്‍ ഉണ്ടാകുന്നത് നല്ലതാണെന്ന ചിന്ത ചൈനീസ് ആഭ്യന്തര മന്ത്രാലയത്തിനുണ്ടാക്കിയതും. 

ചൈനയില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഭൂരിഭാഗം പൊലീസ് നായ്ക്കളും ഇറക്കുമതി ചെയ്ത വിഭാഗത്തില്‍ പെട്ടവയാണ്. ഇവയെ പരിശീലിപ്പിക്കണമെങ്കില്‍ ഏതാണ്ട് 5 വര്‍ഷം സമയവും ഒരു ലക്ഷത്തോളം ഡോളര്‍ ചിലവും വരും. ഇതും മികച്ച നായ്ക്കളെ സൃഷ്ടിക്കാന്‍ ക്ലോണിങിന്‍റെ സഹായം തേടാമെന്ന ആശയത്തിലേക്കു ചൈനയെത്തുന്നതിനു കാരണമായി. ഹുവാഹുവാങ്മ ഉള്‍പ്പെടുന്ന കുന്‍മിങ് വൂള്‍ഫ് ഡോഗ് എന്ന ഇനം മാത്രമാണ് ചൈനയിലെ പൊലീസ് സേനയുടെ ഭാഗമായ പ്രാദേശിക വിഭാഗത്തിൽപെട്ട നായ. ജര്‍മ്മന്‍ ഷെപ്പേര്‍ഡിനെയും മറ്റൊരു നായ വിഭാഗത്തെയും ചേര്‍ത്ത് സങ്കരയിനമായി സൃഷ്ടിച്ചതാണ് കുന്‍മിങ് വൂള്‍ഫ് ഡോഗുകളെ. 1950 കളില്‍ സൈന്യത്തിന്‍റെ ഭാഗമാക്കാനാണ് ഇവയെ ഉപയോഗിച്ചത്.

ഹുവാഹുവാങ്മയുമായി 99 ശതമാനം സാമ്യം 

ചൈനയില്‍ പെറ്റ് ക്ലോണിങ്ങിനു പേരു കേട്ട സിനോജീന്‍ എന്ന സ്വകാര്യ കമ്പനിയും ചൈനീസ് കാര്‍ഷിക സര്‍വകലാശാലയും ചേര്‍ന്നാണ് ഹുവാഹുവാങ്മയുടെ ക്ലോണിങ് നടത്തിയത്. സെപ്റ്റംബറിലാണ് ഇവര്‍ ഹുവാഹുവാങ്മയില്‍ നിന്ന് ജനിതക സാംപിളുകള്‍ ശേഖരിച്ചത്. തുടര്‍ന്ന് മറ്റൊരു നായയുടെ അണ്ഡവുമായി ചേര്‍ത്ത് സറഗേറ്റീവായി ഉപയോഗിച്ച ബീഗിള്‍ ഇനത്തില്‍ പെട്ട നായയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു. തുടര്‍ന്ന് ഡിസംബര്‍ 19 നാണ് കുങ്സുൻ ജനിച്ചത്. 

ജിനതക പരിശോധനയില്‍ കുങ്സുന് ഹുവാഹുവാങ്മയുമായി 99.9 ശതമാനലും സാമ്യം ഉണ്ടെന്നു വ്യക്തമായി. ഇതുവരെ ആരോഗ്യപ്രശ്നങ്ങളോ മറ്റു ബുദ്ധിമുട്ടുകളോ കുങ്സിനെ അലട്ടിയിട്ടില്ല. അതുകൊണ്ടു തന്നെ പരിശീലനം പൂര്‍ത്തിയായാല്‍ യുനാന്‍ പൊലീസ് സേനയ്ക്കു കുങ്സുന്‍ മുതല്‍ക്കൂട്ടാകുമെന്നു തന്നെയാണു പ്രതീക്ഷ.