അന്‍റാര്‍ട്ടിക് ഒളിപ്പിച്ചു വച്ചിരിക്കുന്ന അദ്ഭുതങ്ങളുട കലവറ വീണ്ടും വീണ്ടും ഗവേഷകരെ വിസ്മയിപ്പിക്കുകയാണ്. കിഴക്കന്‍ അന്‍റാര്‍ട്ടിക്കയിൽ ഏറ്റവും ഒടുവിലായി പുതിയൊരു വിസ്മയ കാഴ്ചയാണ് അന്‍റാര്‍ട്ടിക് ഒരുക്കിയിരിക്കുന്നത്. ഇതുവരെ കണ്ടെത്താത്ത ഒരു പറ്റം തടാകങ്ങളുടെ ശൃംഖലയാണ് ഇവിടെ മഞ്ഞുപാളികൾക്കടിയില്‍ നിന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞത്. 

ഓസ്ട്രേലിയന്‍ അന്‍റാര്‍ട്ടിക് ഡിവിഷനില്‍ നിന്നുള്ള ഗവേഷകരാണ് ഈ തടാകങ്ങള്‍ കണ്ടെത്തിയത്. അന്‍റാര്‍ട്ടിക്കിലെ ടോട്ടന്‍ മഞ്ഞുപാളിക്കടിയിലാണ് തടാകങ്ങളുള്ളത്. സീസ്മിക് ടെസ്റ്റിങ് രീതിയിലൂടെയാണ് ഗവേഷകര്‍ ഈ തടാകങ്ങളെ തിരിച്ചറിഞ്ഞത്. നൂറു കണക്കിനു ചതുരശ്ര കിലോമീറ്ററുകള്‍ വലുപ്പം വരുന്ന തടാകങ്ങളാണ് ഇവയെന്ന് ഗവേഷകര്‍ പറയുന്നു. മാത്രമല്ല വൈകാതെ അന്‍റാര്‍ട്ടിക്കിലെ കടല്‍ ജലനിരപ്പ് ഉയര്‍ത്തുന്നതില്‍ ഈ തടാകങ്ങള്‍ വലിയ പങ്കു വഹിക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.

തടാകങ്ങളും മഞ്ഞുരുകലും

2 കിലോമീറ്ററെങ്കിലും കട്ടിയുണ്ടെന്നു കൂട്ടുന്ന ടോട്ടന്‍ മഞ്ഞുപാളി കിഴക്കന്‍ അന്‍റാര്‍ട്ടിക്കയിലെ ഏറ്റവും വലിയ മഞ്ഞുപാളിയാണ്. 53,8000 ചതുരശ്ര കിലോമീറ്ററാണ് ഈ മഞ്ഞുപാളിയുടെ വിസ്തൃതി. കിഴക്കന്‍ അന്‍റാര്‍ട്ടിക്കില്‍ നിന്ന് ഉരുകിയൊലിക്കുന്ന ജലത്തിന്‍റെ പ്രധാന ഭാഗവും ഈ മഞ്ഞു പാളിയില്‍ നിന്നാണ് ഉദ്ഭവിക്കുന്നത്. ഈ മഞ്ഞുപാളി പൂര്‍ണമായും ഉരുകിയാല്‍ അത് ലോകസമുദ്രങ്ങളിലെ ജലനിരപ്പ് ചുരുങ്ങിയത് 3.5 മീറ്ററെങ്കിലും ഉയരുന്നതിനു കാരണമാകും. കിഴക്കന്‍ അന്‍റാര്‍ട്ടിക്കില്‍ ഏറ്റവും വേഗത്തില്‍ ഉരുകുന്ന മഞ്ഞുപാളിയും ഇതാണ്.

ഈ മഞ്ഞുപാളി ഉരുകിയൊലിക്കുന്നതിന്‍റെ വേഗം തന്നെയാണ് ഇതിനടിയില്‍ തടാകം ഉണ്ടാകാമെന്ന നിഗമനത്തിലേക്കു ഗവേഷകരെ എത്തിച്ചതും. മഞ്ഞുപാളിയുടെ അടിയില്‍ കരപ്രദേശമോ പാറയോ മാത്രമാണെങ്കില്‍ ഇത്രവേഗത്തില്‍ മഞ്ഞുരുക്കം ഉണ്ടാകില്ലെന്നു ഗവേഷകര്‍ പറയുന്നു. ഈ സംശയത്തെ തുടര്‍ന്നാണ് വിശദമായ പഠനം നടത്തിയതും. ഈ പഠനത്തിലാണ് സംശയം ശരിവച്ചു കൊണ്ട് ഒരു കൂട്ടം തടാകങ്ങളെ മഞ്ഞുപാളിക്കടിയിലായി കണ്ടെത്തിയതും.

സമുദ്രത്തില്‍ നിന്ന് അധികം അകലെയല്ല ഈ തടാകങ്ങള്‍ സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഈ തടാകങ്ങളിലുള്ളത് ശുദ്ധജലമാകാനാണ് സാധ്യതയെന്നും ഗവേഷകര്‍ പറയുന്നു.തടാകങ്ങള്‍ കണ്ടെത്തിയെങ്കിലും അവയിലെ ജീവന്‍റെ സാധ്യതയുള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് പറയാനായിട്ടില്ല. വളരെ പരിമിതമായ കാര്യങ്ങള്‍ മാത്രമെ ഈ തടാകങ്ങളെക്കുറിച്ച് ഇപ്പോള്‍ മനസ്സിലാക്കിയിട്ടുള്ളൂവെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. അന്‍റാര്‍ട്ടിക്കിലെ മഞ്ഞുരുകലിന്‍റെ വേഗം എങ്ങനെ ഭൂമിയിലെ മഹാസമുദ്രങ്ങളിലെ ജലനിരപ്പിനെ ബാധിക്കുന്നു എന്നു കണ്ടെത്താന്‍ ഇത്തരം പഠനങ്ങള്‍ സഹായിക്കുന്നുവെന്ന് ഗവേഷകനായ ബെന്‍ ഗാള്‍ട്ടന്‍ പറയുന്നു.

സീസ്മിക് സ്റ്റഡി

മഞ്ഞുപാളി ഏതാണ്ട് 6 മീറ്റർ ആഴത്തില്‍ കുഴിച്ച ശേഷം സ്ഫോടനം നടത്തിയാണ് സീസ്മിക് സ്റ്റഡി ഗവേഷകര്‍ നടത്തിയത്. ഈ സ്ഫോടനത്തിലെ പ്രകമ്പനങ്ങളുടെ സഞ്ചാരമാണ് മഞ്ഞുപാളിയുടെ അടിയിലുള്ള വസ്തുക്കളെക്കുറിച്ചു ധാരണയുണ്ടാക്കാന്‍ ഗവേഷകരെ സഹായിച്ച ഒരു ഘടകം. കൂടാതെ ജിയോ ഫോണുകള്‍ ഉപയോഗിച്ച് ശബ്ദതരംഗങ്ങളുടെ സഞ്ചാരം ഗവേഷകര്‍ ശ്രവിച്ചു. ഈ ശബ്ദതരംഗങ്ങള്‍ എവിടെ തട്ടി പ്രതിഫലിക്കുന്നു എന്നാണ് ഇവര്‍ പരിശോധിച്ചത്. ശബ്ദതരംഗങ്ങള്‍ പാറയിലും, വെള്ളത്തിലും മറ്റും തട്ടി പ്രതിഫലിക്കുമ്പോഴുണ്ടാകുന്ന തരംഗദൈര്‍ഘ്യം വ്യത്യസ്തമാണ്. അങ്ങനെയാണ് തടാക സാന്നിധ്യം തിരിച്ചറിഞ്ഞത്.