റഷ്യയ്ക്കും അമേരിക്കയ്ക്കും ഇടയിലെ അതിര്‍ത്തിയിലാണ് ബേറിങ് കടലിടുക്ക്. പക്ഷെ ഇതിലും പ്രധാന്യമുള്ള ഒരു വസ്തുത കൂടി ബേറിങ് കടലിടുക്കിനുണ്ട്. രാജ്യാന്തര സമയരേഖ കടന്നു പോകുന്നത് ഈ കടലിടുക്കില്‍ കൂടിയാണ്. ആര്‍ട്ടിക്കിനോടു ചേര്‍ന്നു അമേരിക്കയുടെ വടക്കു പടിഞ്ഞാറായും റഷ്യയുടെ വടക്കു കിഴക്കായും സ്ഥിതി ചെയ്യുന്ന ബേറിങ് കടിലിടുക്ക് വേനല്‍ക്കാലത്തു പോലും മഞ്ഞു പാളികളാല്‍ നിറഞ്ഞിരുന്ന പ്രദേശമായിരുന്നു. എന്നാല്‍ ആഗോളതാപനം ബേറിങ് കടലിടുക്കിന്‍റെയും മുഖഛായ മാറ്റിയിരിക്കുകയാണ്. അഞ്ച് വര്‍ഷം കൊണ്ട് ബേറിങ് കടലിടുക്കിലെ മഞ്ഞുപാളികള്‍ ഏതാണ്ട് പൂര്‍ണമായും അപ്രത്യക്ഷമായിക്കഴിഞ്ഞു. 

സാധാരണമാകുന്ന മഞ്ഞുപാളികളുടെ കുറവ്

അമേരിക്കന്‍ ശാസ്ത്രഗവേഷണ ഏജന്‍സിയായ എന്‍ഒഎഎ ആണ് ബേറിങ് കടലിടുക്കിന്‍റെ മാറ്റം തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. 2014  ഏപ്രില്‍ 1നും 2019 മാര്‍ച്ച്  31 നും ബേറിങ് കടലിടുക്കിലുള്ള മഞ്ഞിന്‍റെ അളവുകളാണ് ഈ ദൃശ്യങ്ങലുള്ളത്. 2014ലെ ദൃശ്യത്തില്‍ മഞ്ഞുപാളികള്‍ നിറഞ്ഞു കിടക്കുന്ന ബേറിങ് കടലും മഞ്ഞുപാളികള്‍ ഏതാണ്ട് പൂര്‍ണമായും അപ്രത്യക്ഷമായ നിലയിൽ 2019 ലെ ദൃശ്യത്തിലും കാണാന്‍ സാധിക്കും. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പ്രത്യക്ഷമായ തെളിവെന്നാണ് എന്‍ഒഎഎ ഗവേഷകര്‍ ബേറിങ് കടലിലുണ്ടായ മാറ്റത്തെ വിളിക്കുന്നത്.

അഞ്ച് വര്‍ഷത്തിനുള്ളില്‍ സംഭവിച്ച ഈ മാറ്റം ഇപ്പോള്‍ അസാധരണമായി തോന്നുമെങ്കില്‍ വൈകാതെ ഇത് സാധാരണമായി മാറുമെന്ന് ഗവേഷകര്‍ പറയുന്നു. ബേറിങ് കടലിടുക്കില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും കുറവ് അളവിലുള്ള മഞ്ഞുപാളികളാണ് ഈ വര്‍ഷമുണ്ടായത്. 2018 മായി താരതമ്യപ്പെടുത്തുമ്പോള്‍ കുത്തനെയുള്ള കുറവാണ് 2019 ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 2018 ല്‍ സാധാരണ ഉള്ള മഞ്ഞുപാളിയുടെ അളവിലും 10 ശതമാനം കുറവു മാത്രമാണുണ്ടായിരുന്നത്.

മഞ്ഞുപാളികളുടെ കുറവിന്‍റെ കാരണം

എന്തുകൊണ്ടാണ് മഞ്ഞുപാളികളുടെ അളവില്‍ കുത്തനെ ഇടിവുണ്ടാകുന്നതെന്നതിനു കൃത്യമായ ഉത്തരം ഗവേഷകര്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. പക്ഷെ പ്രാഥമിക നിഗമനത്തില്‍ കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും തന്നെയാണ് മഞ്ഞുപാളികള്‍ ഇല്ലാതാകുന്നതിനു പിന്നിലെന്നാണു കരുതുന്നത്. ആഗോളതാപനത്തിന്‍റെ തന്നെ ഫലമായി ശക്തിയായ ചൂട് കാറ്റ് കഴിഞ്ഞ ശൈത്യകാലത്ത് ഉത്തരാർധഗോളത്തില്‍ വീശിയിരുന്നു. ഈ ചൂട് കാറ്റ് തന്നെയാകും ഇക്കുറി മഞ്ഞുപാളികള്‍ ഉരുകുന്നതു വർധിപ്പിച്ചതെന്നാണു കരുതുന്നത്.

ബേറിങ് കടലിടുക്കിനോടു ചേര്‍ന്നുള്ള അലാസ്ക മേഖലയില്‍ ചരിത്രത്തിലെ ഏറ്റവും ചൂടുകൂടിയ മാര്‍ച്ചാണ് ഇക്കുറി അനുഭവപ്പെട്ടത്. പ്രദേശത്തെയാകെ താപനില വർധിച്ചത് തന്നെയാകാം ബേറിങ് കടലിടുക്കിലെ മഞ്ഞുരുക്കം വർധിച്ചതിനു പിന്നിലെ കാരണവും. അതു കൊണ്ട് തന്നെ വരും വര്‍ഷങ്ങളില്‍ ഒരു പക്ഷെ ബേറിങ് കടലിടുക്കിലെ മഞ്ഞിന്‍റെ അളവ് വർധിച്ചേക്കാമെന്നും ഗവേഷകര്‍ പറയുന്നു. പക്ഷെ ഇങ്ങനെ സംഭവിച്ചാലും അത് താൽകാലികം മാത്രമായിരിക്കുമെന്നും വൈകാതെബേറിങ് കടലിടുക്കിലെ മഞ്ഞ് പൂര്‍ണമായും ഇല്ലാതാകുമെന്നും ഗവേഷകര്‍ വിശ്വസിക്കുന്നു.