സമുദ്രഗവേഷകരുടെയും സ്കൂബാ ഡൈവര്‍മാരുടെയും പറുദീസയാണ് കരീബിയന്‍ കടലില്‍ സ്ഥിതി ചെയ്യുന്ന ഗ്രേറ്റ് ബ്ലൂ ഹോള്‍. മധ്യഅമേരിക്കന്‍ രാജ്യമായ ബെലിസിന്‍റെ തീരത്തു നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് ഗ്രേറ്റ് ബ്ലൂ ഹോള്‍ സ്ഥിതി ചെയ്യുന്നത്. 125 അടി ആഴമുള്ള ഈ നീലഗര്‍ത്തത്തിന് ചുറ്റും ആഴം കുറഞ്ഞ നീല നിറമുള്ള കടല്‍മേഖലയും പവിഴപ്പുറ്റുകളുമാണുള്ളത്. കാഴ്ചയിലെ സൗന്ദര്യം കൊണ്ടും ഭൗമശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ടും ശ്രദ്ധയാകര്‍ഷിച്ച പ്രദേശമാണിത്. 

1970 കളുടെ തുടക്കത്തിലാണ് ഈ ഗ്രേറ്റ് ബ്ലൂ ഹോള്‍ സഞ്ചാരികളുടെയും ഗവേഷകരുടെയും ശ്രദ്ധാകേന്ദ്രമാകുന്നത്. ഇക്കാലത്ത് എത്ര പേര്‍ ഈ ഗ്രേറ്റ് ബ്ലൂ ഹോളിന്‍റെ രഹസ്യം കണ്ടെത്താനും സൗന്ദര്യം ആസ്വദിക്കാനും തുനിഞ്ഞിറങ്ങിയിട്ടുണ്ടെന്നതിനു നിശ്ചയമില്ല. പിന്നീടങ്ങോട്ട് പലപ്പോഴായി പല ഗവേഷകരും സിനിമാ സാങ്കേതിക പ്രവര്‍ത്തകരും വരെ ഗ്രേറ്റ് ബ്ലൂ ഹോളിന്‍റെ അടിത്തട്ടിലേക്കു വരെ പോവുകയുണ്ടായി. പക്ഷെ അപ്പോഴെല്ലാം മറഞ്ഞു കിടന്ന ഭയാനകമായ രഹസ്യമാണ് ഇപ്പോള്‍ ഒരു സംഘം ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. 

ആ രഹസ്യം മറ്റൊന്നുമല്ല ഗ്രേറ്റ് ബ്ലൂ ഹോളിലേക്കുള്ള നീന്തലിനിടെ മരിച്ചു പോയ ഗവേഷകരുടെ ശരീരാവശിഷ്ടങ്ങളാണ്. ഗ്രേറ്റ് ബ്ലൂ ഹോളിനെക്കുറിച്ച് വളരെ കുറിച്ചു മാത്രം അറിവുണ്ടായിരുന്ന കാലത്ത് രഹസ്യങ്ങളുടെ ചുരുളഴിക്കാനും ഗ്രേറ്റ് ബ്ലൂ ഹോളിന്‍റെ ഉള്ളിലെ സൗന്ദര്യം ആസ്വദിക്കാനുമായി നടത്തിയ ഡൈവുകളില്‍ മരിച്ചവരുടേതാണ് ഈ ശരീരാവശിഷ്ടങ്ങള്‍.

മരണഗര്‍ത്തം

നാഷണല്‍ ജ്യോഗ്രാഫിക്കിനു വേണ്ടി ചെറിയ അന്തര്‍വാഹിനിയില്‍ ഗ്രേറ്റ് ബ്ലൂഹോളിന്‍റെ അടിത്തട്ടിലേക്കു പോയ ഗവേഷകരാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സമ്പൂര്‍ണ നിശബ്ദതയായിരുന്നു ഗര്‍ത്തത്തിന്‍റെ അടിത്തട്ടിലെന്ന് യാത്രക്കാരില്‍ ഒരാളായിരുന്ന എറികാ ബെർഗ്‌മാന്‍ പറയുന്നു. ഗര്‍ത്തത്തിന്‍റെ ആഴത്തില്‍ തന്നെയാണ് ഉള്ളിലേക്ക് എന്നോ എത്തി തിരികെ പോകാന്‍ കഴിയാതെ വന്ന ഗവേഷകകുടെ മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളും കണ്ടത്. ഇക്കാര്യം തിരികെയെത്തി അധികൃതരെ അറിയിച്ചെങ്കിലും ആ മൃതദേഹങ്ങളെ അടിത്തട്ടില്‍ തന്നെ കഴിയാന്‍ അനുവദിക്കാമെന്നാണു പിന്നീട് തീരുമാനമെടുത്തത്.

ഗര്‍ത്തത്തില്‍ കാണാതായതായി ഔദ്യോഗിക രേഖകളിലുള്ളത് മൂന്ന് പേരാണ്. രണ്ട് മൃതദേഹങ്ങളാണ് അന്തര്‍വാഹിനിയിലുള്ള പര്യവേഷണത്തിനിടെ എറികയും സംഘവും കണ്ടെത്തിയത്. കാണാതായെ മൂന്നു പേരില്‍ രണ്ട് പേരുടെ മൃതദേഹം ആയിരിക്കാം ഇതെന്നാണ് എറികയുടെ നിഗമനം. അതേസമയം തന്നെ മൂന്നു പേരെന്ന കണക്ക് ഔദ്യോഗികം മാത്രമാണെന്നും പത്തിലേറെ പേരെ ഗ്രേറ്റ് ബ്ലൂ സിങ്ക് ഹോളില്‍ കാണാതായിട്ടുണ്ടെന്നുമാണ് പൊതുവെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ കണ്ടെത്തിയ മൃതദേഹങ്ങള്‍ ആരുടേതാണെന്നോ അവര്‍ എങ്ങനെയാണ് മരിച്ചതെന്നോ നിഗമനത്തിലെത്താന്‍ കഴിയില്ല.

സിങ്ക് ഹോളുകളുടെ രൂപപ്പെടല്‍

300 മീറ്റര്‍ വിസ്തൃതിയും 125 മീറ്റര്‍ ആഴവുമാണ് ഗ്രേറ്റ് ബ്ലൂ ഹോളിനുള്ളത്. കടലില്‍ കണ്ടെത്തിയ സിങ്ക് ഹോളുകളില്‍ രണ്ടാം സ്ഥാനമാണ് ഗ്രേറ്റ് ബ്ലൂ സിങ്ക് ഹോളിനുള്ളത്. തെക്ക് ചൈനാ സമുദ്രത്തിലുള്ള ഡ്രാഗണ്‍ സിങ്ക് ഹോളാണ് ആഴത്തിലും വലുപ്പത്തിലും ഒന്നാം സ്ഥാനത്തുള്ളത്. ഹിമയുഗത്തിന്‍റെ ഭാഗമായി നിർമിക്കപ്പെട്ടവയാണ് ഈ സിങ്ക് ഹോളുകളെന്നാണു കണക്കാക്കുന്നത്. ചുണ്ണാമ്പ് കല്ല് നിറഞ്ഞ മേഖലകളില്‍ ഹിമയുഗത്തിന്‍റെ അവസാനത്തോടെ മഞ്ഞുരുക്കം ശക്തമായപ്പോള്‍ വെള്ളം ഒഴുകി രൂപപ്പെട്ടതാണ് ഈ സിങ്ക് ഹോളുകള്‍.

മഞ്ഞുരുക്കം ശക്തമായതോടെ സമുദ്രനിരപ്പ് നൂറ് കണക്കിന് അടി ഉയരത്തിലേക്കു വർധിച്ചു. ഇതോടെ ചുണ്ണാമ്പ് കല്ലുകളില്‍ രൂപപ്പെട്ട  ഗര്‍ത്തങ്ങള്‍  കടലിനടിയിലായി മാറുകയും പിന്നീട് സിങ്ക് ഹോളുകള്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങുകയും ചെയ്തു. ഏതാണ്ട് 14000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരേ കാലത്താണ് ഡ്രാഗണ്‍, ഗ്രേറ്റ് ബ്ലൂ തുടങ്ങിയ സിങ്ക് ഹോളുകള്‍ രൂപപ്പെട്ടതെന്നാണ് ഗവേഷകര്‍ പറയുന്നത്.

സമുദ്രജീവന്‍റെ ശവപ്പറമ്പ്

ജീവികള്‍ക്കോ സസ്യങ്ങള്‍ക്കോ വളരാന്‍ പറ്റിയ സാഹചര്യമല്ല സമുദ്രത്തിലെ സിങ്ക്ഹോളുകള്‍ക്കുള്ളത്. ഇക്കാര്യത്തില്‍ ഇവയുടെ അവസ്ഥ മനുഷ്യനിർമിത സിങ്ക് ഹോളുകള്‍ക്കു സമാനമാണ്. ഗ്രേറ്റ് ബ്ലൂ സിങ്ക് ഹോളിന്‍റെ 90 മീറ്റര്‍ ആഴത്തില്‍ വരെയാണ് ചെറു ജീവികളുടെ പോലും സാന്നിധ്യം കാണാനാകുന്നത്. ഇതിനു താഴേക്ക് ഓക്സിജന്‍ ജലത്തിന് അന്യമാണ്. മാത്രമല്ല പ്രദേശമാകെ ഹൈഡ്രജന്‍ സള്‍ഫൈഡ് നിറഞ്ഞിരിക്കുകയാണ്.  അതുകൊണ്ട് തന്നെ സമുദ്രജീവന്‍റെ ശവപ്പറമ്പ് എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്.