നിരന്തരം യുദ്ധഭീഷണി നിലനില്‍ക്കുന്ന മേഖലയാണ് ഇസ്രയേല്‍ പലസ്തീന്‍ തര്‍ക്കം നിലനില്‍ക്കുന്ന ഗാസ മുനമ്പ്. പതിറ്റാണ്ടുകളായി തുടരുന്ന ഈ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പോലും തിട്ടപ്പെടുത്താന്‍ സാധ്യമല്ല. താല്‍ക്കാലികമായെങ്കിലും സമാധാനം നിലനിന്ന ഗാസ മേഖലയില്‍ വീണ്ടും സംഘര്‍ഷ സാധ്യതകള്‍ ഉടലെടുക്കുന്നു എന്ന സൂചനകള്‍ എത്തിയതോടെയാണ് സ്വന്തം ജീവന്‍ പോലും പണയം വച്ച് ഒരു പറ്റം മനുഷ്യര്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. സങ്കടങ്ങളുടെ മൃഗശാല എന്നറിയപ്പെടുന്ന ഗാസയിലെ റഫാ മൃഗശാലയില്‍ നിന്നു മൃഗങ്ങളെ രക്ഷിക്കുകയായിരുന്നു ഇവരുടെ ദൗത്യം.

Image Credit: Four Paws U.S

മരണം മുന്നില്‍ കാണുന്ന മൃഗങ്ങള്‍

വന്യജീവി വിദഗ്ധരും മൃഗഡോക്ടര്‍മാരും അടങ്ങിയ സംഘം ഏപ്രില്‍ ആദ്യവാരമാണ് റഫാ മൃഗശാലയില്‍ നിന്നു മൃഗങ്ങളെ സുരക്ഷിതമായി പുറത്തെത്തിച്ചത്. പട്ടിണിയും രോഗങ്ങളും മൂലം ഈ വര്‍ഷമാദ്യം ഒട്ടേറെ മൃഗങ്ങള്‍ക്ക് ജീവൻ നഷ്ടപ്പെട്ട സാഹചര്യത്തില്‍ കൂടിയായിരുന്നു ഈ അടിയന്തര രക്ഷാപ്രവര്‍ത്തനമെന്ന് ഇവര്‍ പറയുന്നു. ആദ്യശ്രമം പരാജയപ്പെട്ട ശേഷമാണ് തിരിച്ചു വരുമെന്നു പോലും ഉറപ്പില്ലാത്ത ഈ ദൗത്യത്തിലേക്ക് സംഘം ഇറങ്ങിപ്പുറപ്പെട്ടത്.

സിംഹങ്ങളും കുരങ്ങന്‍മാരും മയിലുകളും ഉടുമ്പുകളും മുള്ളന്‍പന്നികളും  എല്ലാം ഈ മൃഗശാലയില്‍ അന്തേവാസികളായുണ്ടായിരുന്നു. നാല് സിംഹക്കുട്ടികളാണ് ഈ വര്‍ഷം മാത്രം മൃഗശാലയില്‍ കൊല്ലപ്പെട്ടത്. കൂടാതെ ഒരു ഉടുമ്പും കുരങ്ങും ഈ വര്‍ഷം കൊല്ലപ്പെട്ടിരുന്നു. ഇത് ഈ വര്‍ഷത്തെ മാത്രം കണക്കുകളാണെങ്കില്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ മാത്രം ഇടയ്ക്കിടെയുണ്ടായ സൈനിക നടപടികളില്‍ കൊല്ലപ്പെട്ട മൃഗങ്ങളുടെ എണ്ണത്തിനു കണക്കില്ല. ഗാസയിലെ ഉപരോധം മൂലം ഭക്ഷ്യസാധനങ്ങള്‍ എത്താതായതോടെയാണ് ഈ വര്‍ഷം മൃഗങ്ങളുടെ അവസ്ഥ കൂടുതല്‍ ദയനീയമായത്.

Image Credit: Four Paws U.S

നിസ്സഹായനായ ഉടമ

ഫാത്തി ജോമാ എന്ന വ്യക്തിയാണ് ഈ മൃഗശാലയുടെ ഇപ്പോഴത്തെ ഉടമ. ഗാസയിലെ ഏക മൃഗശാല എന്ന നിലയിലാണ് റഫാ മൃഗശാല പ്രവര്‍ത്തനമാരംഭിച്ചത്. എന്നാല്‍ യുദ്ധം രൂക്ഷമായതോടെ മൃഗശാലയിലെ കൗതുക കാഴ്ചകളില്‍ സ്വാഭാവികമായും ആളുകള്‍ക്ക് താല്‍പര്യം നഷ്ടപ്പെട്ടു. ഇതോടെ മൃഗശാലയുടെ വരുമാനം ഇല്ലാതായി. കൂടാതെ ഇസ്രയേലിന്‍റെയും ഈജിപ്തിന്‍റെയും ഉപരോധം കൂടിയായതോടെ മൃഗങ്ങള്‍ പട്ടിണിയിലായി. ഈ സാഹചര്യത്തില്‍ ഫാത്തി ജോമോ തന്നെയാണ് മൃഗങ്ങളെ രക്ഷിക്കാന്‍ രാജ്യാന്തരസംഘടനകളുടെ സഹായം തേടിയത്. ‘ഫോര്‍ പോവ്സ്’ എന്ന സംഘടനാണ് ഇപ്പോള്‍ റഫാ മൃഗശാലയിലെ മൃഗങ്ങളുടെ രക്ഷയ്ക്കെത്തിയതും മൃഗഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട സംഘത്തെ ഗാസയിലേക്കയച്ചതും.

ഈ തീരുമാനം വളരെ വിഷമമുള്ളതായിരുന്നു എന്നു ഫാത്തി ജോമോ പറയുന്നു. സ്വന്തം കുടുംബത്തെ പിരിയുന്നത് പോലെ തന്നെയാണ് ഇത് അനുഭവപ്പെടുന്നത്. ഇക്കൂട്ടത്തിലെ പല മൃഗങ്ങളെയും ഇരുപത് വര്‍ഷത്തിലേറെയായി കാണുന്നതാണ്. പക്ഷെ അവയുടെ നന്മയ്ക്കു വേണ്ടിയാണ് ഈ തീരുമാനമെന്നും ജീവിക്കാന്‍ പുതിയൊരു മെച്ചപ്പെട്ട സ്ഥലം അവയ്ക്കു ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഫാത്തി ജോമോ പറഞ്ഞു.

അതിര്‍ത്തിയിലെ കടമ്പ 

ഇസ്രായേല്‍ അധികൃതരുമായി ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് മൃഗങ്ങളെ അതിര്‍ത്തിയിലൂടെ പുറത്തേക്കെത്തിക്കാനായത്. മൃഗശാലയിലെ കൂട്ടില്‍ നിന്ന് മൃഗങ്ങളെ ഇറക്കി വാഹനത്തിലെ കൂട്ടിലേക്കു കയറ്റുന്നതായിരുന്നു വെല്ലുവിളി. പല മൃഗങ്ങളും കൂടിനു പുറത്തിറങ്ങിയിട്ട് വര്‍ഷങ്ങള്‍ തന്നെയായിരുന്നു. അതുകൊണ്ട് തന്നെ ചിലത് ഭയപ്പാടോടെയും ചിലത് അക്രമാസക്തരായുമാണ് രക്ഷാപ്രവര്‍ത്തകരോടു പ്രതികരിച്ചത്. എന്നാല്‍ പട്ടിണി കോലങ്ങളായ മൃഗങ്ങളുടെ രൂപം സങ്കടപ്പെടുത്തിയെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. 

ഏപ്രില്‍ ആറിനാണ് ഗാസാ മൃഗശാലയിലെ മൃഗങ്ങളെയും വഹിച്ചു കൊണ്ടുള്ള വാഹനം പലസ്തീന്‍ അതിര്‍ത്തി പിന്നിട്ട് ഇസ്രയേലിലേക്കെത്തിയത്. തുടര്‍ന്ന് ജോര്‍ദാന്‍ തലസ്ഥാനമായ അമാനിലേക്കാണ് മൃഗങ്ങളെയെത്തിച്ചത്. ആകെ 47 മൃഗങ്ങളെയാണ് രക്ഷാപ്രവര്‍ത്തനത്തിലൂടെ പുറത്തെത്തിക്കാനായത്. അമാനില്‍ നിന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കാണു മൃഗങ്ങളെ അയയ്ക്കുക. സിംഹങ്ങളെ ദക്ഷിണാഫ്രിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേക്കു വിമാന മാർഗമെത്തിച്ചു.