കുരങ്ങന്‍മാര്‍ മുതല്‍ പെന്‍ഗ്വിനുകള്‍ വരെ  സെല്‍ഫിയെടുത്ത് പ്രശസ്തരായ കാലമാണ്. പക്ഷേ ഇതെല്ലാം അബദ്ധത്തിലോ സ്വാഭാവികമായോ സംഭവിച്ച കാര്യങ്ങളായിരുന്നു. എന്നാല്‍ സെല്‍ഫി എടുക്കുന്നു എന്നറിഞ്ഞതോടെ മനുഷ്യരെ പോലെ ഞങ്ങള്‍ക്കും പോസ് ചെയ്യാനറിയാം എന്ന ഭാവത്തില്‍ ക്യാമറയ്ക്കു മുന്നില്‍ നിവർന്ന് നിന്നു പോസ് ചെയ്ത് തരംഗമായിരിക്കുകയാണ് രണ്ട് ഗൊറില്ലകള്‍. കോംഗോയിലെ വിറുംഗ ദേശീയ പാര്‍ക്കിലാണ് റെയ്ഞ്ചര്‍മാര്‍ക്കൊപ്പം ഗൊറില്ലകള്‍ നിവർന്ന് നിന്ന് സെല്‍ഫിയുടെ ഭാഗമായത്.

ന്‍ഡാകാസി, ന്‍ഡെസി എന്നീ പെൺ ഗൊറില്ലകളാണ് റെയ്ഞ്ചര്‍മാര്‍ ഫെസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സെല്‍ഫിയിലുള്ളത്. പര്‍വത ഗൊറില്ലകളുടെ വിഭാഗത്തില്‍ പെടുന്ന ഇവ ചെറുപ്പത്തിൽ അച്ഛനമ്മമാര്‍ വേട്ടക്കാരാല്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അനാഥരാക്കപ്പെട്ടവരാണ്. അന്നു മുതല്‍ ഇവരുടെ സംരക്ഷണം ഏറ്റെടുത്ത റെയ്ഞ്ചര്‍ക്കൊപ്പമാണ് ഇവര്‍ സെല്‍ഫിയില്‍ പ്രത്യക്ഷപ്പെട്ടതും. ഒരു പക്ഷേ ഇവര്‍ റെയ്ഞ്ചറെ അനുകരിച്ചതാകാം നിവർന്ന് നിന്ന് ഫൊട്ടോയിൽ പ്രത്യക്ഷപ്പെടാന്‍ കാരണമെന്നാണു കരുതുന്നത്. 

വിറുംഗ ദേശീയ പാര്‍ക്കിനു കീഴിലുള്ള സെന്‍ക്വെകെ സംരക്ഷണ കേന്ദ്രത്തിലാണ് ഈ ഗൊറില്ലകള്‍ ഇപ്പോഴുള്ളത്. ഗൊറില്ലകള്‍ സാധാരണ രണ്ട് കാലില്‍ നിവർന്ന് നില്‍ക്കാറില്ല. എന്തെങ്കിലും സംശയാസ്പദമായതോ ആകാംക്ഷയുളളതോ ആയ കാര്യം സംഭവിക്കുമ്പോഴാണ് ഗൊറില്ലകള്‍ നിവർന്ന് നില്‍ക്കുന്നത്. റെയ്ഞ്ചര്‍ സെല്‍ഫി എടുത്തത് ഗൊറില്ലകളില്‍ കൗതുകം ഉണ്ടാക്കിയിരിക്കാം. അതിനാലാകും ഗൊറില്ലകള്‍ നിവർന്ന് നിന്നതെന്ന് വിറുംഗ ദേശീയ പാര്‍ക്ക് ഡയറക്ടര്‍ ഇന്നസന്‍റ് എംബുറാനുബ്വേ പറയുന്നു. കൂടാതെ മനുഷ്യര്‍ക്കൊപ്പമാണ് അവ ഇതുവരെ ജീവിച്ചതും വളര്‍ന്നതും. അതുകൊണ്ട് തന്നെ മനുഷ്യരെ അനുകരിക്കുന്നത് അവയ്ക്ക് അനായാസമാണെന്നും ഇന്നസെന്‍റ് വ്യക്തമാക്കി

ഒരു സാധാരണ പ്രവർത്തി ദിവസം എന്ന പേരിലാണ് റെയ്ഞ്ചര്‍ ഫേസ്ബുക്കില്‍ ഈ ചിത്രം പങ്കുവച്ചത്. എന്നാല്‍ ചിത്രത്തിന് ലഭിച്ചത് അസാധാരണമായ പ്രതികരണമാണ്. ഒറ്റ ദിവസം കൊണ്ട് 42000 പേരാണ് ഈ പോസ്റ്റ് ലൈക്ക് ചെയ്തത്. വൈകാതെ ചിത്രം ആയിരക്കണക്കിന് പ്രൊഫൈലുകളില്‍ ഷെയര്‍ ചെയ്യപ്പെട്ടു. കൂടാതെ ഇന്‍സ്റ്റഗ്രാമിലും, ട്വിറ്ററിലും ചിത്രം തരംഗമായി.

വൈകാതെ റെയ്ഞ്ചറുടെ പോസ്റ്റ് വിറുംഗ ദേശീയ പാര്‍ക്കിന്‍റെ ഔദ്യോഗിക പേജിലും ഷെയര്‍ ചെയ്യപ്പെട്ടു. രണ്ട് ഗൊറില്ലകളുടെ വ്യക്തിത്വത്തെ പൂര്‍ണമായും അടയാളപ്പെടുത്തുന്നതായിരുന്നു അവയുടെ നോട്ടവും ചിത്രത്തിലുള്ള നില്‍പ്പുമെന്ന് പോസ്റ്റില്‍ പറയുന്നു. പ്രിമേറ്റ് വിഭാഗത്തില്‍ പെട്ട എല്ലാ ജീവികള്‍ക്കും തന്നെ അല്‍പദൂരം ഇരുകാലുകളില്‍ നടക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്നും വിറുംഗ ദേശീയ പാര്‍ക്ക് പോസ്റ്റില്‍ വിശദീകരിച്ചു. ഗവേഷകരും ഇക്കാര്യം ശരിവയ്ക്കുന്നു.

2007 ലാണ് ഈ ഗൊറില്ലകള്‍ സംരക്ഷണ കേന്ദ്രത്തിലെത്തുന്നത്. വേട്ടക്കാര്‍ കൊന്ന് കൈപ്പത്തികള്‍ അറുത്തെടുത്ത മാതാപിതാക്കളുടെ അടുത്തു നിന്നുമാണ് ഇവയെ കണ്ടെത്തിയത്. അന്ന് ൻഡാകാസിക്ക് രണ്ടും ന്‍ഡെസിക്ക് നാലും വയസ്സായാരുന്നു പ്രായം. അതുകൊണ്ട് തന്നെ ഇത്രനാള്‍ അവരെ വളര്‍ത്തിയ റെയ്ഞ്ചര്‍മാരെയാണ് ഗൊറില്ലകള്‍ മാതാപിതാക്കളായി കാണുന്നത്. ഇവ ഏറ്റവുമധികം സ്വാഭാവികമയായി പെരുമാറുന്നതും ഈ റെയ്ഞ്ചര്‍മാര്‍ക്കൊപ്പമാണ്.