ചുട്ടുപൊള്ളുന്ന വേനലിൽ കണ്ണിനും കരളിനും കുളിരുള്ള കാഴ്ചയായി ചാലക്കുടിപ്പുഴയിലെ തുരുത്തുകൾ. വെട്ടുകടവ് പാലത്തിനും കൂടപ്പുഴ തടയണയ്ക്കും ഇടയിലാണു 4 പച്ചത്തുരുത്തുകളുള്ളത്.

ജലനിരപ്പിനു മുകളിലേക്ക് ഉയർന്നു നിൽക്കുന്ന പാറക്കെട്ടുകളിൽ പച്ചപ്പുല്ലും ചെടികളും  വള്ളിപ്പടർപ്പുകളും കൊച്ചുമരങ്ങളും വളർന്നു നിൽക്കുന്ന കാഴ്ച മനോഹരമാണ്. പ്രളയശേഷം പുഴയിൽ ഘടനാപരമായി വലിയ മാറ്റമുണ്ടായിരുന്നു.

ഏക്കർ കണക്കിനു പുഴയോരം ഇടിഞ്ഞു നശിച്ചു. പല ഭാഗത്തും തുരുത്തുകൾ അപ്രത്യക്ഷമായെങ്കിലും കൂടപ്പുഴയിലേതു നിലനിൽക്കുകയായിരുന്നു. മറ്റു ചില ഭാഗങ്ങളിൽ  തുരുത്തുകളും മണൽത്തിട്ടകളും രൂപപ്പെടുകയും ചെയ്തിരുന്നു. തുരുത്തുകളിലും പാറക്കെട്ടുകളിലും മുതലകൾ വിശ്രമിക്കാനെത്തുന്നു.