Image Credit: Miles Herbert/Caters News

വസന്തകാലം പുഷ്പങ്ങളുടെ കാലമാണ്. ഈ കാലത്ത് വിരിയുന്ന പുഷ്പങ്ങളില്‍ ഏറ്റവും മനോഹാരിതയുള്ളവയില്‍ ഒന്നാണ് ട്യുലിപ് പുഷ്പങ്ങള്‍. എന്നാല്‍ ഇക്കഴിഞ്ഞ വസന്തകാലത്ത് ബ്രിട്ടനിലെ ബോണ്‍മൗതില്‍ ചിത്രങ്ങളെടുത്ത മൈല്‍സ് ഹെര്‍ബെര്‍ട് ഒരു കാര്യം കൂടി മനസ്സിലാക്കി. ട്യുലിപ്സ് മനോഹരമായ പുഷ്പങ്ങള്‍ മാത്രമല്ല ചിലര്‍ക്കെങ്കിലും മനോഹരമായ കിടപ്പാടങ്ങള്‍ കൂടി ആണെന്ന രഹസ്യം.

ഹാര്‍വെസ്റ്റ് മൈസ് എന്നറിയപ്പെടുന്ന കുഞ്ഞന്‍ എലികളെയാണ് മൈല്‍സ് ഹെര്‍ബെര്‍ട് പൂക്കള്‍ക്കുള്ളില്‍ കണ്ടെത്തിയത്. പല നിറത്തിലുള്ള ട്യുലിപ് പൂക്കള്‍ക്കുള്ളില്‍ ഈ എലികള്‍ കയറിക്കൂടുന്നതായി ഹെര്‍ബെര്‍ട് കണ്ടെത്തി. ആദ്യം പുഷ്പം കരണ്ടു തിന്നുകയാണ് ഇവയുടെ ലക്ഷ്യമെന്ന് കരുതിയെങ്കിലും വൈകാതെ ഈ തെറ്റിധാരണ മാറി. ഈ എലികള്‍ പൂക്കള്‍ക്കുള്ളില്‍ വെറുതെ കയറി ഇരിക്കുന്നവരാണെന്ന് ഹെല്‍ബര്‍ട്ട് തിരിച്ചറിഞ്ഞൂ.

Image Credit: Miles Herbert/Caters News

എലികള്‍ക്ക് പൂക്കളുടെ ഉള്ളില്‍ കയറാനാകുമോ

Image Credit: Miles Herbert/Caters News

ഹെര്‍ബെര്‍ട് പകര്‍ത്തിയ ചിത്രങ്ങളില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ ഇക്കാര്യം പലരും വിശ്വസിക്കാന്‍ പോലും തയ്യാറാകാതെ വന്നേനെ. ട്യുലിപ് പോലെ ആത്രയൊന്നും വലുപ്പമില്ലാത്ത പൂവിനുള്ളില്‍ എങ്ങനെയാണ് എലി കയറിപ്പറ്റുന്നതെന്ന് ആരും സംശയിച്ചു പോകും. പക്ഷേ ഈ എലിയക്കുറിച്ച് കൂടുതലറിഞ്ഞാല്‍ ഈ സംശയം മാറും.

Image Credit: Miles Herbert/Caters News

യൂറോപ്പിലെ തന്നെ ഏറ്റവും കുഞ്ഞന്‍ മൂഷിക വര്‍ഗമാണ് ഈ ഹാര്‍വെസ്റ്റ് മൈസുകള്‍. ഇവയില്‍ പ്രായപൂര്‍ത്തിയായവയുടെ പോലും പരമാവധി ഭാരം 6 ഗ്രാമാണ്. അതുകൊണ്ട് തന്നെ താരതമ്യേന ആരോഗ്യമുള്ള ട്യുലിപിന്റെ തണ്ടുകളിലൂടെ ഈ പുഷ്പത്തിലെത്താന്‍ ഈ എലികള്‍ക്കു പ്രയാസമുണ്ടാകില്ല. കൂടാതെ മികച്ച മരം കയറ്റക്കാര്‍ കൂടിയായ ഇവയ്ക്ക് ട്യുലിപ് പുഷ്പത്തിന്‍റെ മുകളില്‍ കയറുകയെന്നത് ഒട്ടും ആയാാസകരമായ ജോലിയല്ല. 

ഒന്നേ രണ്ടോ എലികളല്ല ഒരു കൂട്ടം എലികളാണ് ഇങ്ങനെ ബോണ്‍മൗതിലെ ട്യുലിപ് തോട്ടത്തിലെ പൂക്കളില്‍ കയറിക്കൂടിയതെന്നു ഹെര്‍ബെര്‍ട് പറയുന്നു. തനിക്കു മാത്രമല്ല ട്യുലിപ് ഉദ്യാനം കാണാനെത്തുന്ന എല്ലാവര്‍ക്കും ഇത് അദ്ഭുതകരമായ കാഴ്ചയാണ്. ഇത് ഈ വസന്തകാലത്തു മാത്രം സംഭവിച്ചതാണോ എന്നതു വ്യക്തമല്ല. ഇങ്ങനെ ട്യുലിപ് പൂക്കളില്‍ കയറിക്കൂടുന്ന എലികളെ മുന്‍പ് കണ്ടിട്ടില്ലെന്ന് ഉദ്യാനം പരിപാലിക്കുന്നവരും പറയുന്നു. ഏതായാലും പൂവിനുള്ളില്‍ കയറി ഇരിക്കുന്നത് സുഖകരമായി അനുഭവപ്പെട്ടതായിരിക്കാം ഇവയെ ഇത് വീണ്ടും വീണ്ടും ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്നാണു കരുതുന്നത്.