പതിവ് ദേശാന്തരഗമനം കഴിഞ്ഞുള്ള കൂനൻ തിമിംഗലത്തിന്റെ (Humpback whale) വരവും സാൽമൺ മത്സ്യങ്ങളുടെ വരവും ഒന്നിച്ചപ്പോഴാണ് അപൂർവ ദൃശ്യങ്ങൾ പിറന്നത്. തിമിംഗല നിരീക്ഷകനായ കേയ്റ്റ് ക്യുമിങ്സും ഫൊട്ടോഗ്രഫറായ ഡഗ്ലസ് ക്രോഫ്റ്റും ചേർന്നാണ് കാനഡയിലെ മൊണ്ടേറേ ബേയിൽ നിന്ന് അപൂർവ ദൃശ്യങ്ങൾ പകർത്തിയത്.

Image Credit: Douglas Croft/Caters News

സാൽമൺ മത്സ്യങ്ങളുടെ വരവായതിനാൽ നിരവധി മത്സ്യബന്ധന ബോട്ടുകളും കടലിലുണ്ടായിരുന്നു. ഇതിനിടയിലായിരുന്നു കൂനൻ തിമിംഗലത്തിന്റെ ഗംഭീര പ്രകടനം. ഒരു  മത്സ്യബന്ധന ബോട്ടിനു തൊട്ടുമുന്നിലെത്തിയ കൂനൻ തിമിംഗലം നിരവധി തവണയാണ് കരണം മറിഞ്ഞത്. കടൽ പൊതുവേ ശാന്തമായിരുന്നു. ഈ ബോട്ടിനു സമീപത്തായി പലതവണ കരണം മറിഞ്ഞ ശേഷമായിരുന്നു ബോട്ടിനു തൊട്ടുമുന്നിലെത്തിയുള്ള കൂറ്റൻ തിമിംഗലത്തിന്റെ കുതിച്ചുചാട്ടം. ബോട്ടിനു മുന്നിൽ വലിയ മതിൽ തീർത്തതുപോലെയാണ് ഈ ചിത്രങ്ങൾ കണ്ടാൽ തോന്നുക. ബോട്ടിനുള്ളിൽ അമ്പരന്നിരിക്കുന്ന മത്സ്യത്തൊഴിലാളിയേയും കാണാം.

മത്സ്യബന്ധന ബോട്ടിനു പിന്നിലുള്ള മറ്റൊരു ബോട്ടിലായിരുന്നു കേയ്റ്റ് ക്യുമിങ്സും ഡഗ്ലസ് ക്രോഫ്റ്റും. അതിനാലാണ് ഇത്ര മനോഹരമായ ദൃശ്യങ്ങൾ പകർത്താനായതെന്ന് ഇവർ പിന്നീട് വ്യക്തമാക്കി. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.