യുഎസിലെ ബോസ്റ്റണിലുള്ള ന്യൂ ഇംഗ്ലണ്ട് അക്വേറിയത്തിലെ അന്തേവാസികളില്‍ ഒന്നായ അനാകോണ്ടയാണ് ഇണ ചേരാതെ പ്രസവിച്ച് അദ്ഭുതം  സൃഷ്ടിച്ചത്. ഗ്രീന്‍ അനകോണ്ട വിഭാഗത്തില്‍ പെട്ട അന്ന എന്ന പാമ്പാണ് ഏപ്രില്‍ ആദ്യവാരം പ്രദര്‍ശനശാലയിലെ ടാങ്കില്‍ പ്രസവിച്ചത്. തികച്ചും അപ്രതീക്ഷിതമായതിനാല്‍ അനക്കോണ്ട പ്രസവിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് മേല്‍നോട്ടക്കാര്‍ പോലും ഇക്കാര്യം അറിയുന്നത്. 12 കുട്ടികളെ പ്രസവിച്ചെങ്കിലും ഇവയെ കണ്ടെത്തുമ്പോള്‍ 3 എണ്ണം മാത്രമാണ് ജീവനോടെ ശേഷിച്ചിരുന്നത്.

അദ്ഭുതഗര്‍ഭം

ആമസോണ്‍ സ്വദേശിയായ ഗ്രീന്‍ അനക്കോണ്ടകള്‍ മറ്റ് മിക്ക പാമ്പുകളെയും പോലെ തന്നെ പ്രത്യുത്പാദനത്തില്‍ പിശുക്ക് കാട്ടാത്ത ഇനമാണ്. ഒറ്റ പ്രസവത്തില്‍ ഇരുപതിലേറെ കുട്ടികള്‍ മിക്കവാറും ഇവയ്ക്കുണ്ടാകാറുണ്ട്. ഇക്കാരണം കൊണ്ട് തന്നെ ഇവയെ ഇണ ചേര്‍ക്കാന്‍ ഭൂരിഭാഗം മൃഗശാല അധികൃതരും തയ്യാറാകാറില്ല. ന്യൂ ഇംഗ്ലണ്ട് അക്വേറിയത്തിലും പെണ്‍ അനക്കോണ്ടകള്‍ ഗര്‍ഭിണിയാകുന്നത് തടയാന്‍ ആണ്‍, പെണ്‍ അനക്കോണ്ടകളെ പ്രത്യേകം കൂട്ടിലാണു വളര്‍ത്തുന്നത്.

എന്നാൽ പ്രത്യേക കൂട്ടില്‍ കഴിഞ്ഞിട്ടും, ഇണ ചേരാനുള്ള ഒരു സാഹചര്യവും ഇല്ലാതിരുന്നിട്ടും അന്ന ഗര്‍ഭിണിയായി. ഇത് എങ്ങനയെന്ന ചോദ്യമാണ് അധികൃതരെ കുഴയ്ക്കുന്നത്. 13 കിലോ ഭാരവും 8 വയസ്സുമുള്ള അന്ന പ്രത്യുൽപാദന ശേഷിയുള്ള അനാകോണ്ടയാണ്. എന്നാൽ അഅന്നയുടെ കൂടെ കൂട്ടിലുണ്ടായിരുന്നതെല്ലാം പെണ്‍ അനക്കോണ്ടകളായിരുന്നു. അതുകൊണ്ട് തന്നെ പാര്‍ത്തനോജെനസിസ് എന്ന പ്രതിഭാസമാകാം അന്നയുടെ ഗര്‍ഭധാരണത്തിനു കാരണമെന്നാണ് ഗവേഷകര്‍ കരുതുന്നത്.

New England Aquarium

പാര്‍ത്തനോജെനസിസ് അഥവാ ഗര്‍ഭിണിയായ കന്യക

പാര്‍ത്തനോജെനസിസ് എന്നത് ഒരു ഗ്രീക്ക് പദമാണ്. പ്രഗ്നന്‍റ് വെര്‍ജിന്‍ അഥവാ ഗര്‍ഭിണിയായ കന്യക എന്നതാണ് ഇതിനര്‍ത്ഥം. ആണ്‍ ജീവികളുടെ സഹായമില്ലാതെ തന്നെ പെണ്‍ ജീവികള്‍ ഗര്‍ഭിണിയാകുന്ന ശാരീരിക അവസ്ഥയെയാണ് പാര്‍ത്തനോജെനസിസ് എന്നു വിളിക്കുന്നത്. സസ്യങ്ങളിലും പ്രാണികളിലും ഇത് സര്‍വസാധാരണമാണ്. അതേസമയം പല്ലി, പക്ഷി, സ്രാവ്, പാമ്പ് തുടങ്ങിയ ജീവിവര്‍ഗങ്ങളിലും ഈ പ്രതിഭാസം അപൂര്‍വമായി കണ്ടുവരാറുണ്ട്.

ഗ്രീന്‍ അനക്കോണ്ട ഇനത്തില്‍ പെട്ട ജീവിയില്‍ ഇതിനുമുന്‍പ് ഒരിക്കല്‍ സമാനമായ പ്രതിഭാസം കണ്ടെത്തിയിട്ടുണ്ട്. 2014 ല്‍ യുകെയിലെ ഒരു മൃഗശാലയിലാണ് ഗ്രീന്‍ അനാകോണ്ട അന്നയെ പോലെ തന്നെ ഇണചേരാതെ പ്രസവിച്ചത്. പാര്‍ത്തനോജെനസിസ് പ്രതിഭാസം കാണപ്പെടുന്നത് മനുഷ്യര്‍ വളര്‍ത്തുന്ന പാമ്പുകളില്‍ മാത്രമല്ലെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു. കാടുകളില്‍ ജീവിക്കുന്ന പാമ്പുകളിലും ഇത്തരത്തില്‍ സംഭവിക്കാറുണ്ട്. വര്‍ഷങ്ങളായി ഇണയെ കണ്ടെത്താതെ വരുന്ന സാഹചര്യത്തിലാണ് കാടുകളിലെ പാമ്പുകളിലും പാര്‍ത്തനോജെനസിസ് പ്രതിഭാസം സംഭവിക്കുക.

ജീവനോടെ അവശേഷിച്ച രണ്ട് കുട്ടികളിലും അന്നയുടെ ഡിഎന്‍എ മാത്രമാണ് കണ്ടെത്താനായത്. പ്രസവസമയത്ത് അതിജീവിച്ചെങ്കിലും മൂന്നാമത്തെ കുട്ടി 48 മണിക്കൂറ് കഴിഞ്ഞപ്പോഴേക്കും ചത്ത് പോയിരുന്നു. ഇപ്പോള്‍ ശേഷിക്കുന്ന രണ്ട് കുട്ടികളെ അതീവ ശ്രദ്ധയോടെയാണ് പരിപാലിക്കുന്നത്. ഡിഎന്‍എ പരിശോധനയ്ക്കും മറ്റുമായി നിരന്തരം മനുഷ്യരുടെ സമ്പര്‍ക്കമുണ്ടായത് ഈ കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമോ എന്ന ആശങ്ക മൃഗശാല അധികൃതര്‍ക്കുണ്ട്.