‘ചില വിഭവങ്ങൾ നമുക്ക് ശേഖരിച്ചെടുക്കാനാകില്ല. അവയുടെ മൂല്യം അറിയാത്തതിനാൽ നാം അതെല്ലാം വലിച്ചെറിയുന്നു, പാഴാക്കുന്നു, അല്ലെങ്കിൽ കണ്ടില്ലെന്നു നടിക്കുന്നു. അവ പരിസരത്തു പരക്കുന്നു. അതാണു മലിനീകരണം...’ പ്രശസ്ത ആർക്കിടെക്സ് ബക്ക്മിൻസ്റ്റർ ഫുള്ളറുടെ വാക്കുകൾ. അന്തരീക്ഷത്തിൽ നിറയുന്ന പുകയ്ക്കും പൊടിക്കും പോലും മൂല്യമുണ്ടെന്നു വ്യക്തമാക്കുന്നതായിരുന്നു ഫുള്ളറുടെ ഈ നിരീക്ഷണം. ഇന്ത്യക്കാരനായ അനിരുദ്ധ ശർമയ്ക്കും ഇക്കാര്യത്തിൽ യാതൊരു സംശയവുമില്ല. ചുമ്മാ വാഹനങ്ങളുടെ എൻജിനിൽ നിന്നു പുറന്തള്ളപ്പെടുന്ന കരിപ്പൊടിക്കു പോലും മൂല്യമുണ്ടെന്ന് അദ്ദേഹം പറയും. അതുപയോഗിച്ച് ഏറെ ഉപകാരപ്രദമായ വസ്തുക്കളും നിർമിക്കും. 

കരിയിൽ നിന്നു മഷിയുണ്ടാക്കിയ അനിരുദ്ധിന്റെ കണ്ടെത്തൽ ഇന്നു രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധേയമാണ്. സാധാരണഗതിയിൽ മഷി നിർമിക്കുന്നത് കരിയിൽ നിന്നു തന്നെയാണ്. അതിനൽപം ഗ്ലാമറുള്ള പേരാണെന്നു മാത്രം– കാര്‍ബൺ ബ്ലാക്ക്. കൽക്കരിയോ ദ്രാവകരൂപത്തിലുള്ള ഇന്ധനങ്ങളോ ജ്വലിച്ചുണ്ടാകുന്നതാണ് കാർബൺ ബ്ലാക്ക്. ഈ പൊടി പിന്നീട് ഒരു പോളിമറുമായും സോൾവന്റുമായും ചേർത്ത് മൃദുലമാക്കി പേനകളിലും മറ്റും ഉപയോഗിക്കുന്ന മഷിയാക്കി മാറ്റും. പ്രിന്റിങ് മെഷീനുകളിൽ പോലും ഉപയോഗിക്കുന്നത് കാർബൺ ബ്ലാക്കെന്ന ഈ കരിയാണ്. പക്ഷേ സത്യത്തിൽ കരി ഉൽപാദിപ്പിക്കാൻ ഇന്ധനങ്ങള്‍ കത്തിക്കേണ്ടതുണ്ടോ? അത് അധികച്ചെലവല്ലേ? നമ്മുടെ ചുറ്റിലും പരക്കുന്ന കരിയും പുകയും ‘പിടിച്ചെടുത്താൽ’ തന്നെ പ്രശ്നം തീരില്ലേ? ഇത്തരത്തിൽ പലവിധ ചിന്തകളാണ് അനിരുദ്ധിന്റെ മനസ്സിൽ നിറഞ്ഞത്. അതിനു കാരണമായതാകട്ടെ 2012ൽ ഇന്ത്യയിലേക്കു നടത്തിയ ഒരു യാത്രയും. 

മാസച്യുസിറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ മീഡിയ ലാബിൽ പഠിക്കുന്നതിനിടെയായിരുന്നു ആ യാത്ര. അതിനിടെ ഒരു കാഴ്ച കണ്ടു– ഡീസൽ ജനറേറ്റർ പ്രവർത്തിക്കുകയാണ്. അതിന്റെ പുക സമീപത്തെ വെളുത്ത ചുമരിലേക്കു പതിച്ചുകൊണ്ടേയിരിക്കുന്നു. നിമിഷങ്ങൾക്കകം ചുമരിന്റെ നിറം കറുപ്പായി മാറി. ഈ കാഴ്ചയാണ് അനിരുദ്ധിനെ ചിന്തിപ്പിച്ചത്. എന്തുകൊണ്ട് ആ ജനറേറ്ററിൽ നിന്നു പുറന്തള്ളപ്പെടുന്ന കരിയും പുകയും പിടിച്ചെടുത്തു കൂടാ? പിന്നെ ആ വഴിക്കായി പരീക്ഷണങ്ങൾ. 2013ൽ അത്തരമൊരു മഷിയുടെ ആദ്യരൂപം നിർമിക്കുകയും ഒരു പ്രിന്ററിൽ പരീക്ഷിക്കുകയും തെയ്തു. ഒരു വർഷം കഴിഞ്ഞപ്പോൾ പഠനം പൂർത്തിയാക്കി അനിരുദ്ധ ഇന്ത്യയിലെത്തി. ലക്ഷ്യം എയർ–ഇങ്ക് എന്ന പേരിൽ താൻ കണ്ടെത്തിയ ഉൽപന്നം വികസിപ്പിക്കുക എന്നതും. 

ബെംഗളൂരുവിൽ ഒരു ഗരാഷിലായിരുന്നു ഇതിനു വേണ്ട ‘പരീക്ഷണശാല’ ഒരുക്കിയത്. അന്തരീക്ഷമലിനീകരണത്തിന്റെ ഫലമായുണ്ടാകുന്ന കറുത്ത പൊടിയിൽ നിന്ന് പെയിന്റ് നിർമിക്കുന്നതിൽ ആദ്യഘട്ടം വിജയം കണ്ടു. പിന്നീടാണു വാഹന എൻജിനുകളിലും ഫാക്ടറികളിലെ യന്ത്രങ്ങളിലും ഘടിപ്പിക്കാവുന്ന ഒരു ഉപകരണം നിർമിച്ചത്. ‘കാലിങ്ക്’ എന്നായിരുന്നു ആ ഫിൽട്ടറിങ് ഡിവൈസിന്റെ പേര്. കാലാ അഥവാ കറുപ്പ് എന്ന ഹിന്ദി പേരിൽ നിന്നായിരുന്നു ഉൽപന്നത്തിനും പേരിട്ടത്. എക്സോസ്റ്റ് പൈപ്പുമായി ഘടിപ്പിക്കാവുന്ന സ്റ്റീൽ സിലിണ്ടർ ചേർന്നതായിരുന്നു കാലിങ്ക്. ഇന്ന് ഏത് ഉറവിടത്തിൽ നിന്നും പൊടിയും പുകയും ഫിൽട്ടർ ചെയ്തെടുക്കാനുള്ള ശേഷിയുണ്ട് കാലിങ്കിന്. ഫാക്ടറികളിൽ തങ്ങളുടെ കണ്ടുപിടിത്തവുമായി എത്തിയപ്പോഴാകട്ടെ എല്ലാവരും സന്തോഷത്തോടെ സ്വീകരിച്ചു. അന്തരീക്ഷ മലിനീകരണം യാതൊരു ചെലവുമില്ലാതെ കുറയ്ക്കാമല്ലോയെന്ന സന്തോഷത്തിലായിരുന്നു ഉടമകൾ. അങ്ങനെ മഷിയുണ്ടാക്കാനുള്ള അസംസ്കൃത വസ്തു ഒരു ബുദ്ധിമുട്ടുമില്ലാതെ ലഭിച്ചു.

ഇതിൽ ചില രാസപരീക്ഷണങ്ങൾ നടത്തി മഷിയും നിർമിച്ചു. എയർ–ഇങ്ക് പേനകളും മാർക്കറുകളും നിർമിച്ചു. ഒരു മാർക്കറിൽ 30 മി.മീ വരെ എയർ–ഇങ്ക് ഉണ്ടാകും. ഒരു ഡീസല്‍ കാർ എൻജിൻ 45 മിനിറ്റ് നേരം പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന കറുത്ത പൊടിയുടെ അത്രയും വരും ഒരു മാർക്കറിലെ മഷിയെന്നു ചുരുക്കം. സിംഗപ്പുർ ആസ്ഥാനമായുള്ള ഒരു കമ്പനിയുടെ പ്രമോഷനു വേണ്ടി 2016ൽ എയർ–ഇങ്ക് ഉപയോഗിച്ച് ചുമർചിത്രങ്ങളും സ്ട്രീറ്റ് ആർട്ടും ഒരുക്കിയിരുന്നു എയർ–ഇങ്ക്. ലോകമെമ്പാടുമുള്ള ആർടിസ്റ്റുമാരാണ് ഇന്ന് ഈ ഇന്ത്യൻ മഷിയുടെ പ്രധാന പ്രചാരകരും.