കാഴ്ചയ്ക്ക് 4 ഇഞ്ച് നീളം മാത്രമുള്ള സുന്ദരനാണ് മാന്റിസ് ഷ്രിംപ് എന്ന കടൽ ജീവി. ചെമ്മീനിന്റെ ഒരു വകഭേദമായി കണക്കാക്കുന്ന മാന്റിസ് ഷ്രിംപിന് പച്ചയും ചുവപ്പും  നീലയും ഇടകലർന്ന മനോഹരമായ ഉടലാണുള്ളത്.  കാഴ്ചയിൽ കൗതുകമുണർത്തുന്ന ഈ ചെറു ജലജീവികൾക്ക് ശാസ്ത്രജ്ഞർ നൽകിയിരിക്കുന്ന പേര് സൂപ്പർ ഷ്രിംപ് എന്നാണ്. കാരണം ജന്തുലോകത്തെ അതിശക്തന്മാരുടെ പട്ടികയിൽ മുൻ നിരയിൽ തന്നെയാണ് ഈ കുഞ്ഞു ജീവിയുടെ സ്ഥാനവും. 22 കാലിബർ തോക്കിൽ നിന്നും പുറത്തുവരുന്ന വെടിയുണ്ടയുടെ ശക്തിയാണത്രേ മാന്റിസ് ഷ്രിംപിനുള്ളത്!

ഞണ്ടുകളുടെയും കക്കകളുടെയും മറ്റും തോടുകൾ ഒറ്റയിടിക്ക്‌ പൊളിച്ച് ഇരതേടാനും ആക്രമിക്കാനെത്തുന്ന ശത്രുക്കളെ ഇടിച്ചു തുരത്താനും എല്ലാം ശക്തിയുണ്ട് ഇവയുടെ മുൻകാലുകൾക്ക്. എന്നാൽ ഇത്രയും ശക്തി പ്രയോഗിക്കുമ്പോഴും സ്വയം  പരുക്കേൽക്കാതെ നോക്കാനുമെല്ലാം ഇവയ്ക്കു സാധിക്കും. പഠനങ്ങൾക്കായി മാന്റിസ് ഷ്രിംപിനെ ഉപയോഗിക്കുമ്പോൾ പ്ലാസ്റ്റിക്കിൽ നിർമിച്ച ബലമേറിയ ടാങ്കുകളിലാണ് ഇവയെ സൂക്ഷിക്കുന്നത്. കാരണം ഇവയുടെ ഒറ്റയിടിക്കു തന്നെ ഗ്ലാസ് ടാങ്കുകൾ തവിടുപൊടിയാകും.

സ്വന്തം ശരീരഭാരത്തിന്റെ 2500  മടങ്ങ് ശക്തി പ്രയോഗിച്ചാണ് ഈ ചെറുജീവികൾ പ്രഹരമേൽപ്പിക്കുന്നത്. ഇതുവരെ കണ്ടെത്തിയിട്ടുള്ള ജീവികളിൽനിന്നു വ്യത്യസ്തമായി, അതിസൂക്ഷ്മമായ ആന്തരികഘടനയാണ് സ്വയം പരുക്കേൽക്കാതെ ഇത്രയും ശക്തിയുപയോഗിച്ച് പ്രഹരമേൽപ്പിക്കാൻ  മാന്റിസ് ഷ്രിംപിനെ സഹായിക്കുന്നത്.

ആക്രമണവേഗമാണ് ഇവയുടെ വിസ്മയിപ്പിക്കുന്ന മറ്റൊരു കഴിവ്. ഒന്നു കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് അഞ്ഞൂറോളം തവണ പ്രഹരമേൽപ്പിക്കാൻ ഇവയ്ക്കു സാധിക്കും. മാന്റിസ് ഷ്രിംപിന്റെ ആന്തരിക ഘടനയെ അടിസ്ഥാനമാക്കി തകർക്കാനാകാത്തതും എന്നാൽ ഭാരം കുറഞ്ഞതുമായ വസ്തുക്കൾ നിർമിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് ശാസ്ത്ര ലോകം. ഇതു സാധ്യമായാൽ അപകടങ്ങളിലും മറ്റും തകരാത്ത രീതിയിൽ  വാഹനങ്ങൾ നിർമിക്കാനും സ്ഫോടക വസ്തുക്കൾ കൂടുതൽ സുരക്ഷിതമായി സൂക്ഷിക്കാനുമെല്ലാം സഹായകമാകുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.