ഉറ്റസുഹൃത്തിന്റെ വേർപാടിനെത്തുടർന്നു വനവാസത്തിനു പോയ ഹോസ് കൊമ്പൻ 2 വർഷങ്ങൾക്കു ശേഷം മൂന്നാറിൽ തിരിച്ചെത്തി. കൊമ്പിൽ കുരുങ്ങിയ പിവിസി പൈപ്പ് കഷണവുമായി മാട്ടുപ്പെട്ടി മേഖലയിൽ ഉൗരു ചുറ്റിയിരുന്ന കാട്ടാനയാണു ഹോസ് കൊമ്പൻ. 6 വർഷം മുൻപു മാട്ടുപ്പെട്ടി കന്നുകാലി ഗവേഷണ കേന്ദ്രത്തിൽ അതിക്രമിച്ചു കയറി ശുദ്ധജല പൈപ്പ് പൊട്ടിക്കുന്നതിനിടെയാണ് ഒരടിയോളം നീളമുള്ള പൈപ്പ് കൊമ്പിൽ കുരുങ്ങിയത്. ഇവിടെ നാട്ടുകാർക്കു സുപരിചിതനായ മറ്റൊരു കാട്ടാന ആയിരുന്നു ചില്ലിക്കൊമ്പൻ. നീണ്ടുകൂർത്ത കൊമ്പുകൾ ആണ് ഇവനു ചില്ലിക്കൊമ്പൻ എന്ന വിളിപ്പേരിനു കാരണം.

മാട്ടുപ്പെട്ടിയിലെ നിത്യസാന്നിധ്യമായിരുന്ന ചില്ലിക്കൊമ്പൻ അരങ്ങൊഴിഞ്ഞതോടെ  ഹോസ് കൊമ്പൻ തനിച്ചായി. മൂന്നാർ മേഖലയിൽ ജനങ്ങൾക്ക് ചിരപരിചിതരായ കാട്ടുകുറുമ്പന്മാരായിരുന്നു കൂർത്ത, നീണ്ട കൊമ്പുകളുള്ള ചില്ലിക്കൊമ്പനും കൊമ്പിൽ പ്ലാസ്റ്റിക് ഹോസ് കുരുങ്ങിയ   ഹോസ് കൊമ്പനും. കൂർത്ത കൊമ്പുകളുള്ളതിനാലാണു നാട്ടുകാർ കാട്ടാനയ്ക്ക് ചില്ലിക്കൊമ്പനെന്നു പേരിട്ടത്. 

 ചില്ലിയും ഹോസും മിക്കവാറും ഒരുമിച്ചാണു മേഞ്ഞു നടന്നിരുന്നത്. തോളുരുമ്മി നടന്നിരുന്ന ഇവർ ഇടയ്ക്ക് കൊമ്പു കോർത്താൽ ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഏറ്റുമുട്ടലും അലർച്ചയും പരിസരവാസികളെ ഭയപ്പെടുത്തിയിരുന്നു. എന്നാൽ ചിലപ്പോൾ മുട്ടിയുരുമ്മി നടക്കുകയും ജലാശയത്തിൽ ഒരുമിച്ചു നീരാടുകയും ചെയ്തിരുന്നു. ഇടയ്ക്കിടെ കൊമ്പ് കോർക്കുമെങ്കിലും ഉറ്റ ചങ്ങാതിമാരായിരുന്നു ഇരുവരും. 

മാട്ടുപ്പെട്ടിയിൽ നിന്ന് കൂട്ടുകൂടി കുണ്ടള വരെ നടന്നെത്തി ജലാശയത്തിൽ ഇടയ്ക്കിടെ ഇവരൊന്നിച്ച് കുളിക്കാനിറങ്ങുന്നത് സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും അപൂർവ കാഴ്ച തന്നെയായിരുന്നു. ഒറ്റയാനായി പമ്മി വന്ന് മാട്ടുപ്പെട്ടി എക്കോപോയിന്റിൽ കടകളുടെ പടുതകൾ നീക്കി പഴങ്ങളും ഭക്ഷണസാധനങ്ങളും റാഞ്ചുന്നത് ചില്ലിക്കൊമ്പന്റെ ഹോബിയായിരുന്നു. 

മാട്ടുപ്പെട്ടിയിലെ വഴിയോര കച്ചവടക്കാർക്ക് കാട്ടാനയുടെ ആക്രമണം തലവേദന ആയിരുന്നെങ്കിലും ചില്ലിയുടെ ദുരന്തം ദുഃഖത്തോടെയാണ് നാട്ടുകാർ കേട്ടത്. മാട്ടുപ്പെട്ടിയുടെ ചുറ്റുവട്ടങ്ങളായ എല്ലപ്പെട്ടി, കുണ്ടള, ദേവികുളം സർക്കിളിൽ ചില്ലിക്കൊമ്പനായിരുന്നു കാട്ടുരാജാവ്.

ചില്ലിക്കൊമ്പൻ 2 വർഷം മുൻപ് അസുഖബാധയെത്തുടർന്നു ചരിഞ്ഞു. ഇതോടെയാണു ഹോസ് കൊമ്പൻ അപ്രത്യക്ഷനായത്. പിന്നീട് ഈ മേഖലയിൽ കാണാതിരുന്ന ഈ ആന കഴിഞ്ഞ ദിവസമാണു മാട്ടുപ്പെട്ടി ഇക്കോ പോയിന്റ് ഭാഗത്തു പ്രത്യക്ഷപ്പെട്ടത്.