വേരുകൾ ചരിത്രത്തിലേക്കു വലിച്ചുനീട്ടി നിൽക്കുന്ന റബർ മുത്തശ്ശിയുണ്ട് ആലപ്പുഴ അരൂക്കുറ്റ‍ിയിൽ. നൂറ്റാണ്ടിലേറെ പ്രായമുള്ള തടിയിലേറ്റ മുറിവിൽ നിന്ന് ഇപ്പോഴും പാലൊഴുകി ഉണങ്ങി നിൽപ്പുണ്ട്.പഴയ തിരുവിതാംകൂറിലെ നികുതിപിരിവു കേന്ദ്രമായ അരൂക്കുറ്റി ചൗക്കയോടു ചേർന്ന് മൂന്നാൾക്കൈകൾ ചേർത്തുപിടിച്ചാൽ മാത്രം എത്തുന്ന വലുപ്പത്തിൽ ഇപ്പോഴും പച്ചയോടെ നിൽക്കുന്ന ഈ റബർ. എന്നാൽ, ഈ റബറിനെക്കുറിച്ച് ചരിത്രരേഖകളില്ല. 

അരൂക്കുറ്റി ചൗക്ക ഇപ്പോഴില്ല. ചൗക്കയോടു ചേർന്ന് മുൻപു പൊലീസ് സ്റ്റേഷൻ നിന്നിരുന്ന ഇപ്പോഴത്തെ ആരോഗ്യ വകുപ്പിന്റെ ക്വാർട്ടേഴ്സ് പരിസരത്താണ് റബർ മരം ചുറുചുറുക്കോടെ നിൽക്കുന്നത്. ഉപ്പുരസമുള്ള മണ്ണിൽ, കായലരികത്ത് റബർ മരം വന്നതെങ്ങനെയെന്ന് അന്വേഷണം നടന്നിട്ടില്ല.

ഈ റബർ മരത്തെക്കുറിച്ച് അര നൂറ്റാണ്ടു മുൻപു ഗവേഷണം നടത്തിയത് പാണാവള്ളി ചിറ്റയിൽ എം.സുഗതൻ വൈദ്യരായിരുന്നു. അദ്ദേഹത്തിന്റെ സഹോദരിയും റബർ ബോർഡ‍ിൽ ഗവേഷകയുമായിരുന്ന എൽ.തങ്കമ്മ എഴുതിയ ‘തീരദേശഹരിതവൽക്കരണം റബർ കൃഷിയിലൂടെ’ എന്ന പുസ്തകത്തിൽ അരൂക്കുറ്റിയിലെ റബർ മരത്തെക്കുറിച്ച് പരാമർശമുണ്ട്.

അരൂക്കുറ്റിയിലെ മരത്തിൽനിന്നു റബർവിത്തുകൾ ശേഖരിച്ച്, തളിയാപറമ്പിലെ വൈദ്യരുടെ പുരയിടത്തിൽ നട്ടുവളർത്തി വിജയിച്ചിട്ടുണ്ട്. അരനൂറ്റാണ്ടു മുൻപ്, സ്കൂളിൽ പോകുന്ന കാലം മുതൽ ഈ റബർ മരം ഇതുപോലെ കണ്ടിട്ടുണ്ടെന്നു പടിഞ്ഞാറേ മാട്ടേൽ തുരുത്തിൽ താമസിക്കുന്ന കൊച്ചുകൃഷ്ണൻ (69) ഓർമിക്കുന്നു.