കാലം മാറിയത കിളികളും തിരിച്ചറിഞ്ഞു. കരിയിലകളും ചുള്ളിക്കമ്പുകളും കൊണ്ടു കൂടുകൾ നിർമിച്ചിരുന്ന കാലം പോയി. ഇപ്പോൾ കിളികളുടെ കൂടുകളും ഹൈടെക്കായി. കാലടി സെന്റ് ജോർജ് പള്ളിയിൽ തേക്കുമരങ്ങളുടെ ചാഞ്ഞു നിൽക്കുന്ന ഏതാനും ചില്ലകൾ വെട്ടിയപ്പോൾ അതിലെ പൊത്തുകളിൽ 10 കിളിക്കൂടുകളുണ്ടായിരുന്നു.

കാലടി സെന്റ് ജോർജ് പള്ളിയിലെ മരച്ചില്ലകളിൽ ലോഹക്കമ്പികളാൽ കിളികൾ നിർമിച്ച കൂടുകൾ പരിശോധിക്കുന്ന വികാരി ഫാ. ജോൺ പുതുവ

വളഞ്ഞ കമ്പികളാൽ നിർമിച്ചവയാണ് ഈ കൂടുകൾ. ഓരോ കൂടിനും രണ്ടര കിലോഗ്രാം തൂക്കം വരും. മരശിഖരങ്ങളുടെ പൊത്തുകളിൽ ഇരിക്കാവുന്ന വിധം കൃത്യമായാണ് ഇരുമ്പു കമ്പികൾ വളഞ്ഞിരിക്കുന്നത്. ഇതു കിളികൾ തന്നെ വളച്ചതാണോയെന്നു തോന്നിപ്പോകും. മനുഷ്യർക്കു വളയ്ക്കാൻ കഴിയാത്ത തരത്തിൽ ബലമുള്ളതാണ് ഈ കമ്പികൾ.

കിളികൾ ഇത് എങ്ങനെ തരപ്പെടുത്തി എന്നത് അത്ഭുതമുണ്ടാക്കുന്നു. കാക്കകളാണു കൂടുതലും ഈ ശിഖരങ്ങളിൽ വന്നിരിക്കാറുള്ളത്. അതിനാൽ ഇതു കാക്കകളുടെ കൂടായിരിക്കുമെന്ന് ഊഹിക്കുന്നു. മഴക്കാലത്ത് അപകടമുണ്ടാകാതിരിക്കാനാണു തേക്കുമരത്തിന്റെ ചാഞ്ഞ ചില്ലകൾ വെട്ടിയത്. കിളിക്കൂടുകൾ നഷ്ടപ്പെടുത്താതെ കിളികൾക്കു വീണ്ടും ഉപയോഗിക്കാവുന്ന തരത്തിൽ മറ്റു മരങ്ങളുടെ ചില്ലകളിൽ സംരക്ഷിക്കുമെന്നു വികാരി ഫാ. ജോൺ പുതുവ പറഞ്ഞു.