സമുദ്രജീവികള്‍ക്കിടയില്‍ മാത്രമല്ല ലോകത്തുള്ള എല്ലാ ജീവികളെയും കണക്കിലെടുത്താലും ഏറ്റവും ബുദ്ധിശക്തിയുള്ളവയില്‍ ഒന്നാണ് നീരാളികള്‍. ആയുധങ്ങള്‍ ഉപയോഗിച്ച് ഇര തേടാനും വിഷമമേറിയ പ്രശ്നങ്ങള്‍ പരിഹരിക്കാനും മനുഷ്യരെ പോലും പലപ്പോഴും പറ്റിക്കാനും കഴിവുള്ളവയാണ് നീരാളികള്‍. അതേസമയം ഇതിനെല്ലാം സഹായിക്കുന്ന ബുദ്ധിശക്തിയുടെയും വിവേചനത്തിന്റെയും ഉറവിടം നീരാളികളുടെ തലച്ചോറില്‍ നിന്നല്ലെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. 

ഭൂമിയിലെ മറ്റെല്ലാ ജീവികളിലും പരിണമിച്ചു വന്നിട്ടുള്ള തലച്ചോറില്‍ കേന്ദ്രീകരിക്കുന്ന നാഢീവ്യവസ്ഥയില്‍നിന്ന് തികച്ചും വ്യത്യസ്തമാണ് നീരാളികളുടേതെന്ന് ഗവേഷകര്‍ പറയുന്നു. തലച്ചോറിലേക്കെത്തുന്ന കേന്ദ്രീകൃത നാഡീവ്യവസ്ഥയ്ക്കൊപ്പം തന്നെ മറ്റ് ചില നാഡികള്‍ കൂടി നീരാളികള്‍ക്കുണ്ട്. പ്രധാനമായും കൈകളില്‍ കേന്ദ്രീകരിച്ചിരിക്കുന്ന ഈ ന്യൂറോണുകള്‍ക്ക് തലച്ചോറില്‍നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ ഇല്ലാതെ തന്നെ തീരുമാനങ്ങളെടുക്കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ വിവരിക്കുന്നത്.

കൈകളിലെ ബുദ്ധികേന്ദ്രം

നീരാളികളുടെ ആകെ ന്യൂറോണുകളില്‍ മൂന്നില്‍ രണ്ടും ഇത്തരത്തില്‍ കൈകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. വിഷമകരമായ കാര്യങ്ങള്‍ ചെയ്യുമ്പോഴെല്ലാം തലച്ചോറിനേക്കാളും ശരീരത്തിന് നിര്‍ദേശം നല്‍കുന്നത് കൈകളിലെ ഈ ന്യൂറോണുകളാണ്. പ്രത്യേകിച്ചും ഇരയെ പിടിക്കുന്നതിനും നീന്തുന്നതിനുമെല്ലാം കൈകളെ സഹായിക്കുന്നത് ഇവയാണ്. അതേസമയം തന്നെ ഈ ന്യൂറോണുകള്‍ പരസ്പരം ബന്ധപ്പെട്ടു കിടക്കുമ്പോഴും ഇവ ഒറ്റക്കെട്ടായി എങ്ങനെ തീരുമാനങ്ങളെടുക്കുന്നു എന്ന ചോദ്യവും ഉയര്‍ന്നു വരുന്നുണ്ട്. ഇതിന് ഇനിയും ഉത്തരം കണ്ടെത്തേണ്ടതുണ്ടെന്നാണ്  വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ന്യൂറോ സയന്‍റിസ്റ്റായ ഡേവിഡ് ഗിറെ പറയുന്നത്.

പസിഫിക്കിലെ ജയന്‍റ് ഒക്ടോപസ്, റെഡ് ഒക്ടോപസ് എന്നീ നീരാളികളിലാണ് ന്യൂറോണുകളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് പഠനം നടത്തിയത്. ഈ നീരാളികളുടെ ശരീരത്തിലുള്ള ഏതാണ്ട് 500 ന്യൂറോണുകളില്‍ മുന്നൂറ്റി അന്‍പതിലധികം കേന്ദ്രീകരിച്ചിരിക്കുന്നത് നീരാളികളുടെ കൈകളിലാണണെന്നു ഗവേഷകര്‍ പറയുന്നു. ഇവ ഗാങ്‌ലിയ എന്ന പേരിലുള്ള പല കൂട്ടങ്ങളായാണ് സ്ഥിതി ചെയ്യുന്നത്. ഇങ്ങനെ ഓരോ കൈകളില്‍ തന്നെ പല ഗാങ്‌ലിയകള്‍ ഉണ്ടാകും. 

ഈ ഗാങ്‌ലിയകള്‍ തമ്മിലാണ് ആശയവിനിമയം നടക്കുന്നതെന്നാണ് ഗവേഷകരുടെ ഇപ്പോഴത്തെ നിഗമനം. ഇത് ഒരു കൈക്കുള്ളില്‍ തന്നെയും മറ്റ് കൈകളുമായും ന്യൂറോണുകള്‍ തമ്മിലുള്ള സിഗ്നല്‍ കൈമാറ്റം നടക്കും. നിലവില്‍ ഈ ഗാങ്‌ലിയകളില്‍ തന്നെയാണ് വിവരങ്ങള്‍ വിലയിരുത്തി തീരുമാനമെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന കണക്കു കൂട്ടലിലാണ് ശാസ്ത്രലോകം ഇത് പ്രകാരം കൈകള്‍ക്ക് മറ്റ് കൈകള്‍ എവിടെയാണെന്നു തിരിച്ചറിയാന്‍ കഴിയും. പക്ഷേ നീരാളിയുടെ തലച്ചോറിന് ഇത് സംബന്ധിച്ച് വിവരമുണ്ടാകില്ല. 

തലച്ചോര്‍ മരിച്ചാലും പ്രതികരിക്കുന്ന കൈകള്‍

കൈകള്‍ക്ക് സ്വന്തമായി തീരുമാനമെടുക്കാനും പ്രതികരിക്കാനും കഴിവുള്ളതു കൊണ്ട് തന്നെ നീരാളികള്‍ ചത്ത ശേഷവും കുറേ സമയത്തേക്ക് അവയുടെ കൈകള്‍ സജീവമായിരിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നതും പഠനത്തില്‍ കണ്ടെത്തിയതും. ഈ സമയത്ത് കൈകള്‍ ഇര പിടിയ്ക്കാനും നീന്താനും മറ്റും ശ്രമിക്കും. പക്ഷേ വൈകാതെ ഹൃദയമിടിപ്പു കുറഞ്ഞു രക്തയോട്ടം നിലയ്ക്കുന്നതോടെ കൈകളും നിശ്ചലമാകും. അതുപോലെ തന്നെ ഒരു നീരാളിയുടെ ശരീരത്തില്‍ നിന്ന് വേര്‍പെട്ട കയ്യും കുറേ സമയത്തേക്ക് പ്രവര്‍ത്തന ക്ഷമമായിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു.