വിവാദങ്ങൾക്ക് വിരാമമിട്ട് വീണ്ടും പാമ്പുകളുടെ ലോകത്തേക്ക് വാവ സുരേഷ്. തന്നെ ഏറെ സ്നേഹിക്കുന്നവരുടെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും അഭ്യർഥന മാനിച്ചാണ് വീണ്ടും പാമ്പു പിടിക്കാനിറങ്ങിയത്. വിമർശകരുടെ വായടപ്പിക്കുന്ന മറുപടിയുമായാണ് ഫേസ്ബുക്കിൽ പങ്കുവച്ച വിഡിയോയിലൂടെ വാവസുരേഷെത്തിയത്. പാമ്പിനെ കൈകൊണ്ടു പിടിക്കുന്നു എന്ന വിമർശനമാണ് വാവസുരേഷിന് ഏറെ നേരിടേണ്ടി വന്നത്. എന്നാൽ കേരളത്തിലെ വനം വകുപ്പ് വിഭാഗത്തിനു മാത്രമേ തന്നോട് പാമ്പിനെ കൈകൊണ്ട് പിടിക്കരുതെന്ന് പറയാൻ അവകാശമുള്ളൂ. അതുകൊണ്ട് തന്നെ മറ്റ് സ്വകാര്യ സംഘടനകൾക്കും വ്യക്തികൾക്കുമൊന്നും  തന്നെ വിമർശിക്കാനുള്ള അധികാരമില്ലെന്നും വാവ സുരേഷ് വ്യക്തമാക്കി.

പത്തനംതിട്ട ജില്ലയിലെ റാന്നി ഡിവിഷനു കീഴിലുള്ള കണമലയിൽ നിന്നാണ് 14 അടിയോളം നീളമുള്ള രാജവെമ്പാലയെ പിടികൂടിയത്.  തുലാപ്പള്ളി ഷിബു ഭവനിൽ വാസുദേവന്റെ വീട്ടിലെ നായ്ക്കൂടിനടിയാണ് പാമ്പ് പതുങ്ങിയിരുന്നത്. ഇവർ വിളിച്ചറിയിച്ചതനുസരിച്ച് എട്ടു മണിയോടു കൂടിയാണ് വാവ സുരേഷും ഫോറസ്റ്റ് ഉദ്യോഗസ്ഥരും കൂടി ഇവിടെയെത്തിയത്.ശബരിമല വനാതിർത്തിയോടു ചേർന്നുള്ള പ്രദേശമായതിനാൽ ഇവിടെ രാജവെമ്പാലയെ കണ്ടതിൽ അദ്ഭുതപ്പെടാനൊന്നുമില്ലെന്നും വാവ സുരേഷ് വ്യക്തമാക്കി. 

166ാമത്തെ രാജവെമ്പാലയെയാണ് ഇവിടെ നിന്നും പിടികൂടിയത്. 4 വയസ്സോളം പ്രായമുള്ള പെൺ രാജവെമ്പാലയായിരുന്നു ഇത്.കൊല്ലം ജില്ലയിലെ ആര്യങ്കാവ് വനത്തിന്റെ പരിധിയിൽ വരുന്ന അമ്പനാട് ടീ എസ്റ്റേറ്റിൽ നിന്നായിരുന്നു 165 ാമത്തെ രാജവെമ്പാലയെ പിടികൂടിയത്. അവിടെ തോട്ടം തൊഴിലാളികൾ കണ്ടെത്തിയ രാജവെമ്പാല ഇരവിഴുങ്ങിയ നിലയിലായിരുന്നു. ഏകദേശം 6 വയസ്സോളം പ്രായമുള്ള പെൺ രാജവെമ്പാലയെയായിരുന്നു അവിടെ നിന്നും പിടികൂടിയത്.

വിവാദങ്ങൾക്കിടയിൽ പിന്തുണച്ച എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് വിഡിയോ ദൃശ്യങ്ങൾ അവസാനിച്ചത്. 166ാമത്തെ രാജവെമ്പാലയെ തന്നെ സ്നേഹിക്കുന്നവർക്കായി സമർപ്പിച്ചുകൊണ്ടാണ് വാവ സുരേഷ് ചാക്കിലാക്കിയത്. പിന്നീടിതിനെ സ്വാഭാവിക വാസസ്ഥലത്ത് തുറന്നുവിടുകയാണ് പതിവ്. ഇന്നലെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ദൃശ്യങ്ങൾ ഇതുവരെ മൂന്ന് ലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു.