സ്വന്തം മുട്ടകൾ സംരക്ഷിക്കാൻ വലിയ ട്രാക്ടറിനു മുന്നിൽ ചിറകു വിരിച്ചു നിൽക്കുന്ന് അമ്മ പക്ഷിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. ചൈനയിലെ ഉലൻക്വാബ് നഗരത്തിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. ഓടിക്കൊണ്ടിരിക്കുന്ന ട്രാക്ടറിനു മുന്നിൽ ചിറകുവിരിച്ചു നിൽക്കുന്ന പക്ഷിയെ കണ്ട് ട്രാക്ടറിനുള്ളിലെ ഡ്രൈവർ അദ്ഭുതപ്പെട്ടു. സാധാരണ ഗതിയിൽ വാഹനങ്ങൾ കണ്ടാൽ പക്ഷികൾ പറന്നു മാറുകയാണ് പതിവ്. എന്നാൽ അതിനു പകരം ഈ പക്ഷി വാഹനത്തിനു മുന്നിൽ കയറി ചിറകുവിരിച്ച് നിൽക്കുകയാണ് ചെയ്തത്.

പക്ഷിയുടെഅസാധാരണമായ പ്രവർത്തി കണ്ട ഡ്രൈവർ ട്രാക്ടർ നിർത്തിയതിനു ശേഷം ശ്രദ്ധിച്ചപ്പോഴാണ് മുന്നിലായി മണലിൽ പക്ഷിയുടെ കൂടും മുട്ടകളും കണ്ടത്. അപ്പോൾ മാത്രമാണ് മുട്ടകൾ സംരക്ഷിക്കാനായിരുന്നു പക്ഷിയുടെ ശ്രമമെന്ന് ട്രാക്ടർ ഡ്രൈവർക്കു മനസ്സിലായത്.

പക്ഷിയെയും മുട്ടകളെയും സംരക്ഷിക്കുക മാത്രമല്ല അമ്മ പക്ഷിക്കു കുടിക്കാൻ വെള്ളവും നൽകിയാണ് ട്രാക്ടറിന്റെ ഡ്രൈവർ അവിടെനിന്നും മടങ്ങിയത്. സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള ഈ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.ചൈനയിലെ ഗ്ലോബൽ ടെലിവിഷൻ നെറ്റ്‍വർക്ക് ആണ് ട്വിറ്ററിലൂടെ ഈ ദൃശ്യങ്ങൾ പങ്കുവച്ചത്.