ഓടയിൽ ഉപേക്ഷിച്ച പെൺകുഞ്ഞിന് തുണയായത് തെരുവു നായകൾ. ഹരിയാനയിലാണ് നടുക്കുന്ന സംഭവം നടന്നത്. ജനിച്ച് മണിക്കൂറുകൾ മാത്രമുള്ള കുഞ്ഞിനെയാണ് വ്യാഴാഴ്ച പുലർച്ചെ കൈതാൽ നഗരത്തിലെ ഓടയിൽ ഉപേക്ഷിച്ചത്. പോളിത്തീൻ കവറിൽ പൊതിഞ്ഞ് ഓടയിലെറിഞ്ഞ കുഞ്ഞിനെ നായകൾ കണ്ടെത്തുകയായിരുന്നു. ഓടയിൽ നിന്ന് കവറുൾപ്പെടെ കുഞ്ഞിനെ നായകൾ പുറത്തെടുത്തു. പുറത്തെടുത്ത കുഞ്ഞിനെ കണ്ട് അവ ഉച്ചത്തിൽ കുരയ്ക്കാൻ തുടങ്ങി. ഇതുകേട്ടു അവിടെയെത്തിയ കാൽനട യാത്രക്കാർ നായകൾക്കു നടുവിൽ കുട്ടിയെ കണ്ട വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.

സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരു സ്ത്രീയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് വ്യക്തമായി. രണ്ട് നായകൾ ചേർന്നാണ് കുഞ്ഞിനെ ഓടയിൽ നിന്നും പുറത്തെടുത്തതെന്നും ദൃശ്യങ്ങളിൽ വ്യക്തമാണ്. പൊലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന്റെ നില ആശങ്കാജനകമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. വീഴ്ചയിൽ കുട്ടിയുടെ തലയ്ക്ക് കാര്യമായ ക്ഷതം സംഭവിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് കുഞ്ഞിപ്പോൾ. കുഞ്ഞിനെ വലിച്ചെറിഞ്ഞത് അമ്മ തന്നെയാണോയെന്നും അന്വേഷിക്കുന്നുണ്ട്. ആളെ കണ്ടെത്തിയാൽ ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ചുള്ള വകുപ്പുകൾ ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി.