പത്തനംതിട്ടയിൽ ശുദ്ധവായുവും ശുദ്ധജല–ഭൂഗർഭജല സാധ്യതയും മാത്രമല്ല, സമീപ ജില്ലകളിൽ ഏറ്റവും കൂടുതൽ കടുവാസാന്നിധ്യമുള്ള വനമേഖലയും ഇവിടെ തന്നെ. പുതിയ ദേശീയ കടുവാ കണക്കെടുപ്പിലും പത്തനംതിട്ട തിളങ്ങി.

ജില്ലയിലെ റാന്നി, കോന്നി ഡിവിഷനുകളിലായി പത്തോളം കടുവകളുണ്ടെന്നാണു ദേശീയ കടുവ കണക്കെടുപ്പ് അതോറിറ്റി നിഗമനം.ജില്ലയുടെ കിഴക്കൻ മേഖല ഉൾപ്പെട്ട പെരിയാർ  സങ്കേതത്തിൽ 25 കടുവകളുണ്ടെന്ന കണക്കിനു പുറമെയാണിത്. 20–30 കിലോമീറ്റർ വിസ്‌തൃതിയിൽ പ്രദേശങ്ങൾ അടക്കിവാണു വിഹരിക്കുന്ന കടുവകൾ (ടെറിട്ടോറിയൽ) ജില്ലയുടെ വനമേഖലയിലേക്കും തിരികെയും ചുറ്റി സഞ്ചരിക്കുമെന്നതിനാൽ എണ്ണം പിന്നെയും വർധിക്കാമെന്ന് ഗവേഷകർ പറയുന്നു.

സമീപ ജില്ലയായ കോട്ടയത്ത് കടുവ സാന്നിധ്യമുള്ള വനം കുറവാണ്. കൊല്ലത്ത് അച്ചൻകോവിൽ ഡിവിഷനിൽ 2 കടുവകളുടെ സാന്നിധ്യമുണ്ട്. കുളത്തൂപ്പുഴ ശെന്തുരുണി വന്യജീവി സങ്കേതത്തിൽ 5 കടുവകളുണ്ട്. പത്തനംതിട്ടയുടെ ആകെ വിസ്‌തൃതിയുടെ 50–65 ശതമാനവും വനമാണ്.

ഇടുക്കിയിൽ ഇത് 75 ശതമാനം. വയനാടും ഇടുക്കിയും കഴിഞ്ഞാൽ വനവിസ്‌തൃതി ഏറ്റവും കൂടുതലുള്ള ജില്ല പത്തനംതിട്ടയാണ്. സംസ്‌ഥാന വനം വകുപ്പിന്റെ 2016 ലെ കണക്കനുസരിച്ച് റാന്നി ഡിവിഷനിൽ 186 ആനകളും കോന്നിയിൽ 43 ആനകളുമുണ്ട്.