ഭൂമിയിലെ ജീവികളില്‍ ഏറ്റവും നന്നായി രക്ഷകര്‍ത്താവിന്‍റെ ഉത്തരവാദിത്തം നിറവേറ്റുന്ന ജീവികളിലൊന്നാണ് ബോട്ടില്‍ നോസ് ഇനത്തില്‍ പെട്ട ഡോള്‍ഫിനുകള്‍. മികച്ച പരിപാലനം നല്‍കിയാല്‍ മാത്രമേ ഡോള്‍ഫിന്‍ കുട്ടികള്‍ അതിജീവിക്കൂ എന്നതാണ് ഇതിനു കാരണം. പലപ്പോഴും സ്വന്തം കുട്ടികളെ മാത്രമല്ല അനാഥരായ മറ്റ് ഡോള്‍ഫിന്‍ കുട്ടികളെയും ഈ ഇനത്തില്‍ പെട്ട ഡോള്‍ഫിനുകള്‍ ദത്തെടുത്ത് കൂടെ കൂട്ടുന്നതായി ഗവേഷകര്‍ നിരീക്ഷിച്ചിട്ടുണ്ട്.

Image Credit: Pamela Carzon,Ethology

പക്ഷേ ചരിത്രത്തിലാദ്യമായി ഡോള്‍ഫിനുകളുടെ വ്യത്യസ്തമായൊരു ദത്തെടുക്കലിനാണ് ഗവേഷകര്‍ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. മൂന്ന് വര്‍ഷം നീണ്ട് നിരീക്ഷണത്തിനു ശേഷമാണ് ഈ ദത്തെടുക്കല്‍ ഗവേഷകര്‍ ഉറപ്പിച്ചതു തന്നെ. മെലന്‍ ഹെഡഡ് വെയ്ല്‍ എന്ന തിമിംഗല വിഭാഗത്തില്‍ പെട്ട ഒരു കുഞ്ഞിനെയാണ് ബോട്ടില്‍ നോസ് ഡോള്‍ഫിനുകള്‍ പരിപാലിച്ചു വളര്‍ത്തുന്നതായി കണ്ടെത്തിയിരിക്കുന്നത്. ഏതാണ്ട് സമപ്രായമുള്ള തന്‍റെ കുഞ്ഞിനൊപ്പമാണ് ഈ തിമിംഗല കുഞ്ഞിനെയും അതിനെ ദത്തെടുത്ത ഡോള്‍ഫിന്‍ അമ്മ പരിപാലിക്കുന്നത്.

അത്യപൂര്‍വമായാണ് മൃഗങ്ങളില്‍ പ്രത്യേകിച്ച് കടൽജീവികളായ സസ്തനികളില്‍ ഈ ദത്തെടുക്കല്‍ സ്വഭാവം കണ്ടെത്തിയിട്ടുള്ളത്. സമീപകാലത്ത് സമാനമായ ദത്തെടുക്കല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഒരു കപൂച്ചിന്‍ കുരങ്ങ് ദമ്പതിമാരുടേതാണ്. മര്‍മോസെറ്റ് ഇനത്തില്‍ പെട്ട കുരങ്ങിന്‍റെ കുഞ്ഞിനെയാണ് ഈ കുരങ്ങ് ദമ്പതികള്‍ ദത്തെടുത്തതായി ഗവേഷകര്‍ കണ്ടെത്തയത്. 2003 ലായിരുന്നു കുരങ്ങ് ദമ്പതിമാരുടെ ദത്തെടുക്കല്‍ സംഭവം. 

Image Credit: Pamela Carzon,Ethology

പക്ഷേ രണ്ട് പേരടങ്ങുന്ന കുരങ്ങ് ദമ്പതിമാര്‍ ദത്തെടുത്തത് പോലെയല്ല ഡോള്‍ഫിനുകളുടെ ദത്തെടുക്കല്‍ എന്ന് ഗവേഷകര്‍ പറയുന്നു. ഡോള്‍ഫിനുകളുടെ കൂട്ടത്തില്‍ അമ്മ മാത്രമാണ് തന്‍റെ കുട്ടിയേയും വളര്‍ത്ത് കുട്ടിയേയും പരിപാലിക്കാനുള്ളത്. ഇത് കാരണം ഡോള്‍ഫിന്‍ അമ്മയ്ക്കും സ്വന്തം കുട്ടിക്കും അമിത സമ്മർദം ഉണ്ടാകുന്നുണ്ടെന്നും ഗവേഷകര്‍ പറയുന്നു. സാധാരണ ഗതിയില്‍ ഡോള്‍ഫിനുകള്‍ക്ക് ഒരു പ്രസവത്തില്‍ ഒരു കുട്ടിയാണ് ഉണ്ടാകാറുള്ളത്. അത് കൊണ്ട് തന്നെ രണ്ട് കുട്ടികളെ ഒരുമിച്ച് നോക്കാനുള്ള കഴിവ് ജൈവികമായി പോലും ഡോള്‍ഫിന്‍ അമ്മമാര്‍ക്കുണ്ടാകാറില്ല.

പ്രസവശേഷം 6 വര്‍ഷം വരെയാണ് ഡോള്‍ഫിന്‍ കുട്ടി അമ്മയ്ക്കൊപ്പം കഴിയുക. തിമിംഗല കുട്ടിയെ ദത്തെടുത്ത അമ്മയ്ക്കൊപ്പം മൂന്ന് വര്‍ഷമായി സ്വന്തം കുട്ടിയും തിമിംഗല കുട്ടിയും ഉണ്ട്. ഇരുവര്‍ക്കും ഏതാണ്ട് ഒരേ പ്രായമാണ് എന്നാണ് ഗവേഷകര്‍ കണക്കു കൂട്ടുന്നത്. ഇനിയും മൂന്ന് വര്‍ഷം കൂടി സ്വാഭാവകമായും രണ്ട് കുട്ടികളെയും അമ്മ ഡോള്‍ഫിന്‍ പരിപാലിയ്ക്കുമെന്നാണ് പ്രതീക്ഷ. ഒരു പക്ഷേ ഇതിനിടെ തിമിംഗല കുട്ടി സ്വാതന്ത്യം പ്രഖ്യാപിച്ച് സ്വയം പിരിഞ്ഞു പോകാനും ഇടയുണ്ടെന്നും ഇവര്‍ കരുതുന്നു. 

ഫ്രഞ്ച് പോളിനേഷ്യയിലാണ് ഈ ദത്തെടുക്കല്‍ സംഭവത്തിന് ഗവേഷകര്‍ സാക്ഷ്യം വഹിച്ചത്. പക്ഷേ ഈ സംഭവം കൊണ്ട് ബോട്ടില്‍ നോസ് ഡോള്‍ഫിനുകളെല്ലാം മഹത്തായ രക്ഷാകര്‍ത്താക്കളാണെന്നു കരുതരുത്. ജനനശേഷം കുട്ടികളെ ഉപേക്ഷിക്കുന്ന അമ്മമാരും കുട്ടികളെ തട്ടിക്കൊണ്ട് വന്ന് സംരക്ഷിക്കുന്നവരുമെല്ലാം ഇവരുടെ കൂട്ടത്തിലുണ്ട്. അനാഥരാക്കപ്പെടുന്ന കുട്ടികളുടെ ഉത്തരവാദിത്തവും പലപ്പോഴും അതേ പ്രായത്തിലെ കുട്ടികളുള്ള മറ്റ് ഡോള്‍ഫിന്‍ അമ്മമാര്‍ ഏറ്റെടുക്കുകയാണ് പതിവ്.